ഒരു വിശ്വാസി എപ്പോഴും ശുഭപ്രതീക്ഷയുള്ളവനായിരിക്കും. കാരണം, സ്രഷ്ടാവായ അല്ലാഹുവാണ് തനിക്ക് എല്ലാം നൽകുന്നവൻ എന്ന ബോധ്യമാണ് അവന്റെ ഹൃദയം നിറയെ. പ്രയാസങ്ങളിലും ഉല്ലാസങ്ങളിലും അല്ലാഹുവിന്റെ സാന്നിധ്യം അവരെ ഓർമിപ്പിക്കുന്നു. പ്രാർഥനകളിലൂടെ നാഥനിലേക്ക് അടുക്കാൻ, തന്റെ സന്തോഷങ്ങളും വിഷാദങ്ങളും പറയാൻ അവർ തുനിയുന്നു.
സൂറ ബഖറയിൽ അല്ലാഹു പറയുന്നത്, ഞാൻ ദാസ്യന്മാരുടെ ഏറ്റവും അടുത്തവനും എന്നെ വിളിച്ചു പ്രാർഥിക്കുന്നവർക്ക് ഉത്തരം നൽകുന്നവനുമാണ് എന്നാണ്. പ്രാർഥന വിശ്വാസിയുടെ ആയുധമാണെന്നും പ്രാർഥനയെക്കാൾ അല്ലാഹുവിന് ബഹുമാനം ഉണ്ടാക്കുന്ന മറ്റൊരു കർമവും ഇല്ല എന്നും മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. മറ്റൊരവസരത്തിൽ നബി അരുളിയത്, അല്ലാഹുവിനോട് ഒന്നും ചോദിക്കാത്ത ആളുകളോട് അവന്റെ കോപം ഉണ്ടായേക്കും എന്നാണ്.
നബിയുടെ ജീവിതം എല്ലായിപ്പോഴും പ്രാർഥനകളാൽ സമ്പന്നമായിരുന്നു. വിശേഷിച്ച് റംസാനിൽ. രാത്രി ഏറെ നേരം നബി അല്ലാഹുവിനോട് പ്രാർഥിക്കുമായിരുന്നു. പ്രവാചകൻ വളരെ കൂടുതലായി പ്രാർഥിച്ച ഒരു വാക്യം അനസ് ഇബ്‌നു മാലിക് റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്: ‘‘അല്ലാഹുവേ, ഞങ്ങൾക്ക് ഭൂമിയിലെ ജീവിതവും പാരത്രിക ജീവിതവും നന്മയുള്ളതാക്കണമേ, നരകത്തീയെത്തൊട്ടു ഞങ്ങളെ നീ കാക്കണമേ’’. എല്ലാ നിസ്കാര ശേഷവും ഈ പ്രാർഥന ഉച്ചരിക്കൽ േശ്രഷ്ഠകരം ആണെന്നാണ് ഇസ്‌ലാമിക അധ്യാപനം.
പ്രാർഥന വിശ്വാസിയുടെ മനസ്സിന് വലിയ ആശ്വാസം നൽകും കാരണം, നമ്മുടെ നീറിപ്പുകയുന്ന സങ്കടങ്ങൾ, നിർബന്ധമായും പരിഹരിക്കപ്പെടും എന്ന നിശ്ചയത്തോടെ അല്ലാഹുവിനു മുമ്പിൽ സമർപ്പിക്കുമ്പോൾ പതിയെ മനസ്സിന്റെ മൂടിക്കെട്ടൽ ഇല്ലാതായിപ്പോകുന്നത് അനുഭവപ്പെടും. ജീവിതത്തിൽ ചെയ്ത ഏറ്റവും ദൈവിക പ്രീതി ലഭിച്ചേക്കാവുന്ന സംഭവം അനുസ്മരിച്ചു പ്രാർഥിച്ചാൽ, പ്രാർഥന സ്വീകരിക്കപ്പെടാൻ നിമിത്തമാകും. മൂന്നുപേർ ഒരു യാത്രയ്ക്കിടെ ഗുഹയ്ക്ക് അകത്തുകയറിയിരുന്നപ്പോൾ ഗുഹാമുഖം ഭീമാകാരമായ ശിലയാൽ അടയ്ക്കപ്പെട്ടു. അപ്പോൾ അവർ അന്നേവരെ ചെയ്ത ഏറ്റവും ഉത്തമമായ കർമത്തെ അനുസ്‌മരിച്ച് അല്ലാഹുവിലേക്ക് കൈകൾ ഉയർത്തി. അങ്ങനെ ആ തടസ്സം നീങ്ങിയ സംഭവം പ്രാവാചകൻ അനുചരരെ പഠിപ്പിച്ചിട്ടുണ്ട്.
റംസാനിലെ ദിനരാത്രങ്ങളിൽ നാം പ്രാർഥനകൾക്ക് സവിശേഷ സമയം കണ്ടെത്തുക. നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലകരമായ കർമം ആണത്.
Content Highlights: Ramazan Thoughts by C Mohammed Faizy