മിതത്വത്തിനാണ് പ്രാധാന്യം


പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

1 min read
Read later
Print
Share

എല്ലാ കാര്യത്തിലും മിതത്വം പാലിക്കാന്‍ ആവശ്യപ്പെടുന്ന ഖുര്‍ആന്‍ ഭക്ഷണത്തിന്റെ കാര്യവും ഊന്നിപ്പറയുന്നുണ്ട്. സുഭിക്ഷമായി കുടിക്കുകയും ഭക്ഷിക്കുകയും ചെയ്യുകയെന്നാല്‍ അമിതവ്യയം കാണിക്കലാവരുത്.

മിതത്വത്തിന് വലിയ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാം. ആരാധനയിലും അന്നപാനീയങ്ങളിലും എല്ലാം ഇത് ബാധകംതന്നെ. കൃത്യമായ ആരാധനാരീതികളിലൂടെ ശരീരത്തെ പാകപ്പെടുത്തി ദൈവത്തിലേക്ക് കൂടുതലായി അടുക്കാനുള്ള വസന്തകാലമാണ് റംസാന്‍. എന്നാല്‍, ചിലരെങ്കിലും ഇത്തരം ഒരു അര്‍ഥതലത്തില്‍നിന്ന് വ്യതിചലിച്ച് ഭക്ഷണപാനീയങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യംനല്‍കുന്നത് കാണുന്നുണ്ട്. വിഭവസമൃദ്ധമായ ഭക്ഷണപദാര്‍ഥങ്ങള്‍ തീന്‍മേശയ്ക്കുചുറ്റും നിരത്തിവെക്കുന്നതിനല്ല പ്രാധാന്യംനല്‍കേണ്ടത്.

എല്ലാ കാര്യത്തിലും മിതത്വം പാലിക്കാന്‍ ആവശ്യപ്പെടുന്ന ഖുര്‍ആന്‍ ഭക്ഷണത്തിന്റെ കാര്യവും ഊന്നിപ്പറയുന്നുണ്ട്. സുഭിക്ഷമായി കുടിക്കുകയും ഭക്ഷിക്കുകയും ചെയ്യുകയെന്നാല്‍ അമിതവ്യയം കാണിക്കലാവരുത്. ഭക്ഷണം കഴിച്ച് മനുഷ്യര്‍ രോഗികളാവുന്നു. അതിനനുസരിച്ച് ക്ലിനിക്കുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും കൂണ്‍പോലെ മുളച്ചുപൊന്തുന്നു.
ലോകചരിത്രത്തില്‍ത്തന്നെ തുല്യതയില്ലാത്തവിധം വൈദ്യശാസ്ത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇബ്‌നുസീനയും റാസിയും അലിത്വബ്രിയും ഉനൈസ് സിന്‍ ഇസ്ഹാഖും അലി ബിന്‍ ഈസയും ഇബ്‌നു വാഫിദുമെല്ലാം മരുന്ന് കഴിക്കാതെ ജീവിക്കാനുള്ള ചികിത്സാരീതികളായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍, അമിതമായ ഭക്ഷണപ്രിയംകൊണ്ട് മരുന്ന് കഴിക്കാതെ ജീവിക്കാനാവില്ല എന്ന അവസ്ഥയിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നു.

ഏകാഗ്രതയോടെ അഞ്ചുനേരം നിസ്‌കരിക്കുന്ന ഒരാള്‍ക്ക് പല രോഗങ്ങളില്‍നിന്നും അകലംപാലിക്കാം. ഏകാഗ്രമായ മാനസികാവസ്ഥ നൂറുകണക്കിന് ഗുളികകളെക്കാള്‍ ഫലപ്രദമാണെന്ന് ധ്യാനകര്‍മങ്ങളുടെ അദ്ഭുതശക്തിയെക്കുറിച്ച് പഠനം നടത്തിയ ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകസംഘത്തെ നയിച്ചിരുന്ന ഹൃദ്രോഗചികിത്സാവിദഗ്ധന്‍ ഡോ. ഹാര്‍ബര്‍ട്ട് ബന്‍സന്‍ പറയുന്നുണ്ട്.

ബാഹ്യചികിത്സയെക്കാള്‍ ആന്തരിക പഥ്യപാലനത്തിലാണ് ഇസ്ലാമില്‍ പ്രാധാന്യം. ആരാധനാകര്‍മങ്ങളും മന്ത്രങ്ങളും രോഗാവസ്ഥകളെ പ്രതിരോധിക്കുന്ന തരത്തിലാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. സൃഷ്ടിയോട് നാഥന്‍ കാണിക്കുന്ന അദമ്യമായൊരടുപ്പമായി നമുക്ക് അനുഭവവേദ്യമാകുന്നു ഇത്.

മുതുകെല്ല് നിവരാന്‍ മാത്രം ഭക്ഷിക്കുകയെന്നാണ് പ്രവാചകാധ്യാപനം. വയറിനെ വെള്ളം, വായു, ഭക്ഷണം എന്നിങ്ങളെ മൂന്നായി ഭാഗിച്ചിരിക്കുന്നു. തീര്‍ത്തും ആത്മീയമായൊരു ലോകത്തിരുന്ന് ഹജ്ജും നോമ്പും നിസ്‌കാരവും സക്കാത്തും നിര്‍വഹിച്ച് ആരോഗ്യകരമായൊരു ജീവിതത്തിന്റെ ഉത്തുംഗതയില്‍ എത്തിപ്പെടുമ്പോള്‍ മനുഷ്യന് ലഭിക്കുന്നത് വലിയ ആത്മീയോത്ക്കര്‍ഷമായിരിക്കുമെന്നത് തീര്‍ച്ച.

Content Highlights: Ramadan 2019,Ramadan Message,Ramzan 2019,Ramadan Thoughts,Ramadan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram