മനുഷ്യനെ ദിവ്യാനുഭൂതിയിലേക്ക് നയിക്കാൻ സംഗീതത്തിന് കഴിവുണ്ടെന്നാണ് വിശ്വാസം. എല്ലാ മതങ്ങളുടെയും സൗന്ദര്യവും ഭക്തിയും സംഗീതസാന്ദ്രമാണ്. ദിവ്യപ്രചോദിതമായ സംഗീതമാണ് ഖുർആൻ. സംഗീതാത്മകമായേ അത് പാരായണംചെയ്യാവൂ. അതിനുവേണ്ടി വിവിധ സംഗീതരീതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രാർഥനയിലേക്ക് ക്ഷണിക്കുന്ന ബാങ്കുവിളിക്കും സംഗീതരസമുണ്ട്.
വേദസങ്കീർത്തനത്തിന്റെ പ്രവാചകനായ ദാവൂദിനെ ദൈവം പ്രശംസിക്കുന്നു: ‘ആകാശഭൂമികളിലുള്ളവരെപ്പറ്റി താങ്കളുടെ നാഥൻ നന്നായി അറിയും. നബിമാരിൽ ചിലർക്ക് ചിലരേക്കാൾ നാം ശ്രേഷ്ഠത കല്പിച്ചിരിക്കുന്നു. ദാവൂദ് നബിക്ക് നാം സങ്കീർത്തനമെന്ന വേദം നൽകുകയും ചെയ്തു’ (17/55). മുഹമ്മദ് നബിയും ദാവൂദിന്റെ സംഗീതത്തെ വാഴ്ത്തി: ദാവൂദിന്റെ മധുരശബ്ദം കേൾക്കാൻ മനുഷ്യരും മൃഗങ്ങളും ജിന്നുകളും വരുമായിരുന്നു. (ഇഹ്‌യാ ഉലൂം) കുയിലുകളുടെ രാഗവും ജീവികളുടെ ശബ്ദങ്ങളുമെല്ലാം ദൈവസ്തുതിയുടെ വിവിധ രൂപങ്ങളെന്ന് ഖുർആൻ: ‘ആകാശ ഭൂമിയിലുള്ളവരും ചിറകുവിടർത്തിപ്പറക്കുന്ന പറവകളും ദൈവത്തെ വാഴ്ത്തുന്നത് കണ്ടില്ലേ? ഓരോന്നിനും പ്രാർഥനയും സ്തുതിയും അറിയാം. അവർ ചെയ്യുന്നത് അള്ളാഹു ഏറ്റവും അറിയുന്നവനാണ് (24/41)’.
മുഹമ്മദ് നബി പെരുന്നാൾവേളയിൽ സംഗീതം ആസ്വദിക്കുമായിരുന്നു. ഒട്ടകപ്പുറത്ത് പോവുമ്പോൾ നബി പാട്ടുപാടാൻ പറയുമായിരുന്നുവെന്ന് അനുചരൻ അനസ് ബിൻ മാലിക്. നബിയുടെ ഇഷ്ടപ്പെട്ട പാട്ടുകാരനാണ് ഹസ്സാനുബ്‌നു സാബിത്. മക്കാ വിജയവേളയിൽ കഅബ് ബിൻ സുഹൈർ എന്ന മഹാകവിയെ ഷാളണിയിച്ച് ആദരിച്ചിട്ടുണ്ട്.
എന്നാൽ, കർത്തവ്യങ്ങളിൽനിന്നകന്ന് മദ്യവും മദിരാക്ഷിയും സംഗീതവുമായിമാത്രം കാലംകഴിക്കുന്നതിനെ നബി നിരോധിച്ചു. (മിശ്കാത്, വാള്യം-2). സംഗീതം നന്മയും സൗഹൃദവും വളർത്തുന്നതാവണം. മതപണ്ഡിതൻമാരിൽ പലരും ചില പ്രവാചകവചനങ്ങളുടെ വെളിച്ചത്തിൽ സംഗീതത്തെ നിരുത്സാഹപ്പെടുത്തിയെങ്കിലും സൂഫികളിലൂടെ സംഗീതം വാനോളം വളർന്നു. അൽ ഹുജ്‌വീരി, ഇമാം ഗസ്സാലി തുടങ്ങിയ സൂഫികൾ ദിവ്യാനന്ദം പകരുന്ന സംഗീതത്തെ പ്രോത്സാഹിപ്പിക്കാനാണ് പറയുന്നത്. സൂഫികളിലൂടെ ഖസീദ, റുബാഇയ്യ, നശീദ, നഅ്ത്, ഖവ്വാലി, ഗസൽ തുടങ്ങിയ കാവ്യരൂപങ്ങൾ ലോകത്ത് പ്രചരിച്ചു. പ്രാദേശിക കാവ്യരൂപങ്ങളെ മുസ്‌ലിങ്ങൾ ഇസ്‌ലാമുമായി സമർഥമായി സമന്വയിപ്പിക്കുമായിരുന്നു. കേരളത്തിൽ പ്രചാരംനേടിയ മാപ്പിളപ്പാട്ടുകളും തമിഴ്ദേശത്തെ പുലവർ പാട്ട്, മലായിലെ ചൂലി പാട്ട് തുടങ്ങിയവയും ഇപ്രകാരം സമന്വയിച്ചുണ്ടായതാണ്. അറേബ്യൻ-പേർഷ്യൻ പശ്ചാത്തലത്തിൽനിന്നാണ് പല സംഗീതോപകരണങ്ങളും ജന്മമെടുത്തത്. ഉദാ: തബല (അൽ തബൽ), ഗിത്താർ(ഖിത്താറ) ഷഹനായ്, ദഫ്, സിത്താര, സിലമി, സമർ തുടങ്ങിയവ.
Content Highlights: Ramadan Thoughts by Hussain Randathani