സുഖലോലുപരാവരുത്


ഹുസൈൻ രണ്ടത്താണി

2 min read
Read later
Print
Share

‘‘ദൈവപ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും ആരാധിക്കുന്നവരോടൊപ്പം നീയും നിന്റെ മനസ്സിനെ ഉറപ്പിച്ചുനിർത്തൂ. ഇഹലോക ജീവിതത്തിന്റെ പളപളപ്പിൽ നിന്റെ കണ്ണുകൾ തെറ്റിപ്പോകാതിരിക്കട്ടെ. ദൈവസ്മരണയെക്കുറിച്ച് അശ്രദ്ധനാവുന്നവനെയും തന്നിഷ്ടപ്രകാരം പരിധി ലംഘിച്ച് ജീവിക്കുന്നവനെയും നീ അനുസരിക്കല്ലേ'' 18/28. പാവപ്പെട്ടവരെ മറന്ന സുഖലോലുപരെക്കുറിച്ചാണ് ഈ വചനം. മനുഷ്യത്വമുള്ളവർക്ക് ഇപ്രകാരം സുഖലോലുപരാകാൻ കഴിയില്ല. സമ്പാദ്യം ദൈവത്തിന്റെ കനിവാണ്. അത് ആസ്വദിക്കാനുള്ളതുതന്നെയാണ്. പക്ഷേ, ദൈവത്തെ മറന്നുകൊണ്ടാകരുത്. സമ്പത്ത് തുല്യമായല്ല ദൈവം നല്കിയിരിക്കുന്നത്. അങ്ങനെ നല്കിയിരുന്നെങ്കിൽ സാമൂഹികജീവിതം മനുഷ്യനുണ്ടാകുമായിരുന്നില്ല.

സമൂഹത്തിൽ ഒരു വ്യക്തിയും പൂർണമായി സ്വാശ്രയനല്ല. പരസ്പരം ആശ്രയിക്കാതെ ഒരു വ്യക്തിക്കും ജീവിക്കാനുമാകില്ല. സമ്പന്നനായാലും സ്വരക്ഷയ്ക്ക് പാവപ്പെട്ടവരെ ആശ്രയിക്കേണ്ടിവന്നേക്കും. സുഖലോലുപൻ ഇത് ചിന്തിക്കാത്തവനാണ്. പാവപ്പെട്ടവർക്ക് സമ്പന്നനെക്കാളും ദുർബലർക്ക് ബലവാനെക്കാളും മഹത്ത്വമുണ്ട്. സ്വർഗവാസികളാരെന്നു ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ എന്ന് പ്രവാചകനൊരിക്കൽ സഹചരരോട് ചോദിച്ചു. ശേഷം പ്രവാചകൻതന്നെ പറഞ്ഞു, അവശരും ബലഹീനരുമാണവർ. അവരെന്തെങ്കിലും അള്ളാഹുവോട് ആണയിട്ട് ആവശ്യപ്പെട്ടാൽ അള്ളാഹു അത് നിറവേറ്റിക്കൊടുക്കും. നരകവാസികളാരാണെന്നും പ്രവാചകൻ പറഞ്ഞു: ക്രൂരഹൃദയരും പൊങ്ങച്ചം നടിച്ച് നടക്കുന്നവരുമായ കുടവയറൻമാർ. (ബുഖാരി)

ദൈവഭക്തിയുള്ള ദരിദ്രൻ ഒരിക്കലും അള്ളാഹുവിനോട് സമ്പത്ത് ചോദിക്കില്ല. ആർക്കെങ്കിലും ദൈവം സമ്പത്ത് നല്കിയെങ്കിൽ അത് ദൈവമാർഗത്തിൽ ചെലവാക്കുകയും വേണം. എങ്കിലേ അത് ശുദ്ധമാവൂ. അങ്ങനെ ചെയ്യുന്നവനാണ് ഭക്തനായ ധനികൻ. ദരിദ്രരെ സ്നേഹിക്കുന്ന സമ്പന്നൻ ദൈവത്തിന്റെപക്കൽ ദരിദ്രനെപ്പോലെത്തന്നെയാണ്. നേരായ മാർഗത്തിൽ സമ്പാദിക്കുന്നവനും ദരിദ്രന്റെ പദവിതന്നെയാണ് ദൈവം നല്കിയിരിക്കുന്നത്. സമ്പന്നൻ അവന്റെ സമ്പാദ്യത്തിൽനിന്ന് തനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ് ദരിദ്രന് നൽകേണ്ടത്. കാരണം, ദൈവത്തിനുള്ള അവകാശമാണ് അവൻ ദരിദ്രന് നല്കുന്നത്. ‘ഞാനാണ് നിങ്ങൾക്ക് സമ്പത്ത് നല്കിയത്. അതിനാൽ എനിക്കുള്ള വിഹിതം നിങ്ങൾ അശരണർക്കും അഗതികൾക്കും അവഗണിക്കപ്പെട്ടവർക്കും നല്കുവിൻ’ എന്ന് അള്ളാഹു കല്പിക്കുകയാണ്.

സമ്പാദ്യം അശരണർക്ക് തെല്ലും നല്കാതെ കുടുംബത്തിനും മക്കൾക്കുമായി കൂട്ടിവെക്കുന്നത് ധർമനിരാസമാണ്. മക്കൾക്കുവേണ്ടി സമ്പാദിക്കുന്നവരായാലും അതിൽനിന്ന് പാവപ്പെട്ടവർക്കുള്ള വിഹിതം നല്കിക്കൊള്ളണം. എങ്കിലേ ആ ധനം തനിക്കും മക്കൾക്കും ഉപകാരപ്പെടൂ. ''ഭാര്യമാർ, മക്കൾ, സ്വർണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങൾ, മേൽത്തരം കുതിരകൾ, കന്നുകാലികൾ, കൃഷിയിടങ്ങൾ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യർക്ക് ചേതോഹരമായി തോന്നും. അതൊക്കെയും ഐഹിക ജീവിതത്തിലെ സുഖഭോഗവിഭവങ്ങളാണ്. എന്നാൽ ഏറ്റവും ഉത്തമമായ സങ്കേതം അള്ളാഹുവിങ്കലാകുന്നു. '3/14’. സുഖലോലുപതയാണ് പലപ്പോഴും സമൂഹത്തെ ദുഷിപ്പിക്കുന്നത.്

Content Highlights: Ramadan thoughts by Hussain Randathani

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram