‘നീ എവിടെയായാലും മരണം നിശ്ചയമാണ്. ശക്തിയും ഉയരവുമുള്ള കോട്ടയ്ക്കകത്തായാലും മരണം നിന്നെ പിടികൂടും’(4/78). ഓരോ നിമിഷവും മരണം മനുഷ്യരിലേക്ക് അടുത്തു വരുകയാണ്. ഓരോ സെക്കൻഡിലും രണ്ടുപേര്‍ വീതം മരിക്കുന്നുണ്ടെന്നാണ് കണക്ക്. വയോധികനും ബാലനും ദരിദ്രനും ധനികനും രാജാവും പ്രജയുമെല്ലാം മരണത്തിനുമുമ്പില്‍ തുല്യം. ദൈവം നിശ്ചയിച്ച സമയത്താണ് മരണം. ആ സമയം, പക്ഷേ, ദൈവം ആര്‍ക്കും അറിയിച്ചു കൊടുത്തിട്ടില്ല. ഞാനിപ്പോഴൊന്നും മരിക്കില്ല എന്നാര്‍ക്കും പറയാന്‍ കഴിയില്ല. മരണത്തെ ഭയന്നിട്ട് കാര്യവുമില്ല. അതെപ്പോഴും നിന്നോടൊപ്പമുണ്ട്. അതുകൊണ്ട് ഒട്ടും സമയം പാഴാക്കാതെ കര്‍മനിരതനായിക്കൊള്ളൂ എന്ന സന്ദേശമാണ് ഖുര്‍ആന്‍ നൽകുന്നത്. ജീവിതം താത്‌കാലികമാണ്; മരണമാണ് ശാശ്വതം. ജീവിതത്തിലെ നന്മ,തിന്മകളാണ് ശാശ്വത ജീവിതത്തിലെ സുഖദുഃഖങ്ങള്‍ നിര്‍ണയിക്കുന്നത്. അതിനാല്‍ ജീവിതം എത്ര സാഹസികമായാലും ദുരിത പൂര്‍ണമായാലും ക്ഷമയോടെ നന്മയോടൊട്ടി നിൽക്കാന്‍ ദൈവം കല്പിക്കുന്നു.
ഭൂമിയിലുള്ള സര്‍വസ്വവും വിട്ടേച്ചു പോവലാണ് മരണം. ഒരു സമ്പാദ്യവും കൂടെക്കൊണ്ടുപോവാനാവില്ല. ഈ ദുഃഖമാണ് മരണസമയം പലരെയും അലട്ടുന്നത്. അതിനാല്‍ താനടക്കം ഒന്നും ശാശ്വതമല്ലെന്ന് മനുഷ്യന്‍ ആദ്യമേ ഉറപ്പിച്ചിരിക്കണം. കോപവും ധിക്കാരവും അഹന്തയും അഹങ്കാരവുമെല്ലാം അല്പായുസ്സുകളാണ്. ഒരു നിമിഷം മതി എല്ലാം അവസാനിക്കാന്‍. എങ്കില്‍ പിന്നെ എന്തിനാണ് മനുഷ്യന്‍ ഭൂമിയില്‍ അഹങ്കരിക്കുന്നതെന്ന് ദൈവം ചോദിക്കുന്നു. ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പിരിയലാണ് മരണം. അത് വേദനയുള്ളതാണ്. എന്നാല്‍, സത്കര്‍മികള്‍ക്ക് വേദനയുണ്ടാവില്ല. അവര്‍ പുഞ്ചിരിച്ചു കൊണ്ടാണ് മരണത്തെ പുൽകുക. തിന്മ ചെയ്ത് ഭൂമിയില്‍ അഹങ്കരിക്കുന്ന മനുഷ്യന്‍ മരണം വരുമ്പോള്‍ ദൈവത്തോട് ഒരവധി കൂടി ചോദിക്കും. എന്റെ മരണത്തെ ഒന്ന് നീട്ടിത്തരേണമേ എന്ന്. പക്ഷേ, ഒരു കാര്യവുമില്ല. മരണത്തിന്റെ കാര്യത്തില്‍ ഒരപ്പീലുമില്ല. (22/99-100)
മരണശേഷം പുനര്‍ജന്മമുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. ജീവിതകാലത്തെ കര്‍മങ്ങളെ അടിസ്ഥാനമാക്കി മരണ ശേഷം സ്വര്‍ഗവും നരകവും ലഭിക്കും. സത്കര്‍മി സ്വര്‍ഗത്തിലേക്കും അല്ലാത്തവർ നരകത്തിലേക്കും പോവും. സ്വര്‍ഗം സുഷുപ്തിയാണ്. ഏക ദൈവത്തില്‍ വിശ്വസിക്കുന്നതുപോലെ തന്നെ പുനര്‍ജന്മത്തിലും വിശ്വസിക്കാന്‍ ഇസ്‌ലാം വിശ്വാസി ബാധ്യസ്ഥനാണ്. വിശ്വസിച്ചവരും യഹൂദരും ക്രിസ്ത്യാനികളും സാബിയന്മാരുമായി അള്ളാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സത്കര്‍മങ്ങളുനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക്് ദൈവത്തിങ്കല്‍നിന്ന് പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പാട് വേണ്ട; അവര്‍ ദുഃഖിക്കുകയും വേണ്ട.(2/62). സ്വര്‍ഗീയ പ്രവേശത്തിന്റെ മാനദണ്ഡം വിശ്വാസത്തോടൊപ്പമുള്ള സത്കര്‍മങ്ങളാണെന്ന് സാരം. അത് ദൈവം തീരുമാനിക്കും. മനുഷ്യര്‍ക്കവിടെ ഒരു കാര്യവുമില്ല. പാപികള്‍ക്ക് നരകമാണ് ശാശ്വത പ്രതിഫലം. അത് ആളിക്കത്തുന്ന അഗ്നികുണ്ഠമാണ്. (25/14).
Content Highlights: Ramadan thoughts by Hussain Randathani