പരിസ്ഥിതി സംഹാരകരോട്


ഹുസൈൻ രണ്ടത്താണി

2 min read
Read later
Print
Share

പരിസ്ഥിതിയുമായി ഇണങ്ങി വേണം വിശ്വാസി ജീവിക്കാൻ. കുന്നിടിച്ചും മരംമുറിച്ചും പ്രകൃതിയെ ആക്രമിക്കുന്നവർ ദൈവ കോപത്തിനിരയാവുമെന്ന് ഖുർആൻ വചനങ്ങൾ വ്യക്തമാക്കുന്നു. പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെ ഭംഗിയായി അമ്പത്തഞ്ചാമധ്യായത്തിൽ വിവരിക്കുന്നു. ‘ഖുർആനെ പഠിപ്പിച്ചു തന്ന പരമ കാരുണികൻ. മനുഷ്യനെ സൃഷ്ടിച്ച് സംസാരിക്കാൻ പഠിപ്പിച്ചവൻ. സൂര്യചന്ദ്രന്മാർ നിശ്ചിത തോതിൽ സഞ്ചരിക്കുന്നു. മരങ്ങളും ചെടികളും ദൈവത്തെ വാഴ്ത്തുന്നു. ആകാശങ്ങളെ ഉയർത്തി സന്തുലിതമാക്കിയവനാണ് ദൈവം. സന്തുലിതാവസ്ഥയോട് അനീതി കാണിക്കല്ലേ. നീതിപൂർവം അത് നിലനിർത്തുവിൻ. അതിൽ മാറ്റം വരുത്തരുത്’ (55/1-9).

‘എന്തുചെയ്താലും അത് ദൈവത്തിനറിയാം. കരയിലും കടലിലുമുള്ളത് അവനറിയുന്നു. അവനറിയാതെ ഒരിലയും വീഴുന്നില്ല. ഭൂമിയുടെ അന്ധകാരങ്ങളിലുള്ള ധാന്യമണിയെക്കുറിച്ചും ചത്തതോ ജീവനുള്ളതോ ആയ ഏതൊന്നിനെക്കുറിച്ചും രേഖപ്പെടുത്താതിരുന്നിട്ടുമില്ല’ (6/59). ‘ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും ദൈവം വെറുതേ സൃഷ്ടിച്ചതല്ല’ 30/27. ‘പ്രപഞ്ചത്തിൽ അള്ളാഹു രാശി മണ്ഡലങ്ങളുണ്ടാക്കി. ആകാശങ്ങളെ അലങ്കരിച്ചു. ശപിക്കപ്പെട്ട പിശാചുക്കളിൽനിന്ന് അതിനെ നാം രക്ഷിക്കുന്നു’ (15/16-17). ‘ഭൂമിയെ വിസ്തൃതമാക്കി. അതിൽ പർവതങ്ങൾ സ്ഥാപിച്ചു. എല്ലാ ധാന്യങ്ങളിൽനിന്നും നിശ്ചിത തോതിൽ മുളപ്പിച്ചു. നിങ്ങൾക്കും നിങ്ങൾക്ക് വളർത്താൻ കഴിയാത്ത ജീവികൾക്കും ഞാൻ ഉപജീവനമാർഗങ്ങളുണ്ടാക്കി (15/19). ഇപ്രകാരം ഭൂമിയുടെ സൃഷ്ടിപ്പിനെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ ഖുർആൻ വർണിക്കുന്നു. ഭൂമിയുടെ സന്തുലിതാവസ്ഥ നശിപ്പിച്ച് വയലുകളിൽ കോട്ടകൾ കെട്ടുകയും മലതുരന്ന് രമ്യഹർമ്യങ്ങളുണ്ടാക്കുകയും ചെയ്ത ഹിജാസിന്റെ വടക്കുഭാഗത്ത് താമസിച്ചിരുന്ന സമൂദ് എന്ന ഗോത്രത്തെ അപ്പാടെ നശിപ്പിച്ച കാര്യവും ഖുർആൻ ആവർത്തിക്കുന്നു (7/73-74).

‘പ്രകൃതിയിലുള്ളതൊക്കെ നശിപ്പിക്കാനുള്ളതല്ല. പക്ഷികളും ജന്തുജാലങ്ങളും മനുഷ്യരെപ്പോലെത്തന്നെ ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുന്നുണ്ട്’ (21/79). ജലത്തെ (മാഅ്) ജീവന്റെ സ്രോതസ്സായാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. അത് ശുദ്ധമാണ്. അതിന്റെ ശുദ്ധിനിലനിർത്താൻ മനുഷ്യൻ ബാധ്യസ്ഥനാണ്. അത് പാഴാക്കുന്നത് മത നിയമങ്ങൾക്കെതിരാണ്. മരം മുറിക്കുന്നതല്ല; െവച്ചുപിടിപ്പിക്കുന്നതാണ് പുണ്യം. മുഹമ്മദ് നബി പറഞ്ഞു: ‘‘ഒരാൾ മരം നട്ടുപിടിപ്പിച്ച് അത് വലുതായി പക്ഷികളും മറ്റും അതിന്റെ പഴങ്ങൾ ഭുജിച്ചാൽ അത് അവൻ നൽകുന്ന ധർമമായി പരിഗണിക്കപ്പെടും.’’ നാളെ മരിക്കുമെന്നായാലും ഇന്നൊരു മരം നടാൻ മടിക്കരുതെന്നും നബി പറഞ്ഞു. ‘മലകൾ വെട്ടിക്കീറാനുള്ളതല്ല; ഭൂമിയെ മനുഷ്യന് നിയന്ത്രണാധീനമാക്കിക്കൊടുക്കുന്ന ആണികളാണ് മലകളും കുന്നുകളും’ (78/6,7). അതിനാൽ മലകൾ നിരത്തുന്നത് ദൈവത്തോട് ചെയ്യുന്ന അനീതിയാണ്. കരയിലും കടലിലും വിനാശമുണ്ടാവുന്നത് ജനങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് കാരണത്താലെന്ന് ഖുർആൻ വ്യക്തമാക്കുന്നു (30/41).

Content Highlights: Ramadan Thoughts by Hussain Randathani

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram