പരസ്പരം സഹകരിക്കുവിൻ


ഹുസൈൻ രണ്ടത്താണി

2 min read
Read later
Print
Share

പ്രളയകാലത്താണ് പരസ്പരസഹകരണത്തിന്റെ ഗുണം നാം ശരിക്കും അനുഭവിച്ചറിഞ്ഞത്. പരസ്പര സഹകരണം സാമൂഹിക ജീവിയെന്നനിലയ്ക്കുള്ള മനുഷ്യന്റെ ബാധ്യതയാണെന്ന് എല്ലാ മതധർമങ്ങളും പഠിപ്പിക്കുന്നുണ്ട്. ‘നിങ്ങൾ നന്മയിൽ പരസ്പരം സഹകരിക്കുക, തിന്മയിൽനിന്ന് വിട്ടുനിൽക്കുക’ (5/2) എന്ന വചനത്തിലൂടെ ഖുർആൻ എല്ലാംമറന്ന് പരസ്പരം സഹായിക്കാൻ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു.

ഭൂമിയിലെ ജീവജാലങ്ങളെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്. അതിനാൽ എല്ലാവർക്കും ദൈവം അനുഗ്രഹംചൊരിയുന്നു. അതുകൊണ്ടാണ് അറഹ്മാൻ (കാരുണ്യവാൻ) എന്ന പദംകൊണ്ട് ദൈവത്തെ വിശേഷിപ്പിക്കുന്നത്. ഈ പദത്തിന്റെ സാങ്കേതികാർഥം ഏത് ജീവജാലങ്ങൾക്കും അനുഗ്രഹം ചൊരിയുന്നവൻ എന്നാണ്. ദൈവത്തെയും പ്രവാചകന്മാരെയും നിഷേധിക്കുന്നവരായാൽപ്പോലും അവരും ദൈവ കാരുണ്യത്തിനവകാശപ്പെട്ടവരാണ്. അതുപോലെ പരസ്പരം കരുണകാണിക്കാൻ സൃഷ്ടികളും ബാധ്യസ്ഥരാണ്.

ഭൂമിയിലുള്ളവർക്കെല്ലാം നീ കാരുണ്യം ചൊരിയുക എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളെ അനുഗ്രഹിക്കും എന്ന് പ്രവാചകൻ. ശക്തിയുള്ളവർ ദുർബലരുടെ വിശ്വാസങ്ങളെ സംരക്ഷിച്ച് കൊടുക്കാൻ തയ്യാറാകണമെന്നാണ് ഖുർആൻ മറ്റൊരധ്യായത്തിലൂടെ നിർദേശിക്കുന്നത്: തന്നെ സഹായിക്കുന്നവരെ അള്ളാഹു സഹായിക്കും’ (22/40). അതിഥിയെ സത്കരിക്കലും പട്ടിണിമാറ്റലും പരസ്പരസഹകരണത്തിന്റെ ഭാഗമാണ്. ഒരിക്കൽ വിശന്ന് വലഞ്ഞൊരുത്തൻ നബിയെ സമീപിച്ചു. എന്തെങ്കിലും ഭക്ഷണം കൊണ്ടുവരാൻ ഒരാളെ നബി തന്റെ വീട്ടിലേക്കയച്ചു. നിർഭാഗ്യ വശാൽ നബിയുടെ കുടിലിൽ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ല. ഇതറിഞ്ഞ മരുമകൻ ഹസ്രത് അലി തന്റെ വീട്ടിൽച്ചെന്ന് ഭക്ഷണമെന്താണുള്ളതെന്ന് ഭാര്യ ഫാതിമയോട് ചോദിച്ചു. കുട്ടികൾക്കുള്ള ഭക്ഷണംമാത്രമേയുള്ളൂവെന്ന് മറുപടി. ‘നീ ഉള്ളത് വിളമ്പ്. ഒരാൾ പട്ടിണിയുമായി നബിയെ സമീപിച്ചിരിക്കുന്നു’. അലി ആഗതനെ വീട്ടിലേക്ക് ക്ഷണിച്ചു. അറബി ആചാരപ്രകാരം ഒരതിഥി വന്നാൽ ആതിഥേയനും അയാളോടൊപ്പം ഭക്ഷണംപങ്കിടണം. അതിന് മാത്രം ഭക്ഷണമുണ്ടായിരുന്നുമില്ല. അലി ഒരു സൂത്രംചെയ്തു. അതിഥിയറിയാതെ വിളക്ക് ഊതിക്കെടുത്തി. വിളക്കിലെണ്ണയില്ലെന്ന കാരണവും പറഞ്ഞു. അരണ്ട വെളിച്ചത്തിൽ അതിഥിയെ സത്കരിച്ചു. അലി വിരുന്നുകാരനറിയാതെ ഭക്ഷണം കഴിച്ചെന്ന് വരുത്തുകയായിരുന്നു. മക്കയിൽനിന്ന് അഭയാർഥികളായി നബിയും അനുചരരും മദീനയിലെത്തിയപ്പോൾ അന്നാട്ടുകാർ തങ്ങൾക്കുള്ളതെല്ലാം അഭയാർഥികളുമായി പങ്കുവെച്ചു.

ഈ ഔദാര്യത്തെ ഖുർആൻ വാഴ്ത്തുന്നതിങ്ങനെ: ‘തങ്ങളുടെ അടുത്തേക്ക് അഭയാർഥികളായി വന്നവരെ അവർ സ്‌നേഹിക്കുന്നു. അഭയാർഥികൾക്ക് നൽകപ്പെടുന്നതിനെക്കുറിച്ച് ആതിഥേയരുടെ മനസ്സിൽ ഒരു വെറുപ്പുമില്ല. ഒരുപാട് ആവശ്യങ്ങളുണ്ടായിട്ടും തങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യംനൽകുന്നു. മനസ്സിന്റെ ആർത്തികളിൽനിന്ന് ആര്‌ സുരക്ഷിതരാണോ അവരാണ് വിജയികൾ’ (59/9).

Content Highlights: Ramadan Thoughts by Hussain Randathani

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram