പരസ്പരവിശ്വാസം വളരട്ടെ


ഡോ. ഹുസൈൻ മടവൂർ

2 min read
Read later
Print
Share

പരസ്പരവിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ എല്ലാം സംശയത്തോടെ കാണുക സ്വാഭാവികമാണ്. ആർക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥ സംജാതമായാൽ എല്ലാവരും ഭയവിഹ്വലരായി കഴിഞ്ഞു കൂടേണ്ടി വരും. അന്യരെ ഭയന്നു കഴിയുന്ന ആർക്കും ശാന്തമായി ജീവിക്കാനോ മൊത്തം മനുഷ്യരുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനോ സാധിക്കുകയില്ല. പ്രവാചകത്വം ലഭിക്കുന്നതിനുമുമ്പുതന്നെ മുഹമ്മദിനെ നാട്ടുകാർ വിശ്വസ്തൻ (അൽ അമീൻ) എന്നായിരുന്നു വിളിച്ചിരുന്നത്.

കഅബാ പുനർനിർമാണ ഘട്ടത്തിൽ പോലും ഗോത്രങ്ങൾ തമ്മിലുണ്ടായ തർക്കം തീർക്കാൻ മുഹമ്മദ് നബിയുടെ നിർദേശങ്ങൾ അവർ സ്വീകരിച്ചു. കാരണം മുഹമ്മദിന്റെ തീരുമാനം സത്യസന്ധവും നീതിപൂർവവുമായിരിക്കുമെന്നു അവർ ഉറച്ചു വിശ്വസിച്ചിരുന്നു. അത്രമാത്രം അവരുടെ വിശ്വാസം നേടിയെടുക്കാൻ പ്രവാചകന് സാധിച്ചു. നബിയായശേഷം ആ ഗുണങ്ങളെല്ലാം താരശോഭയോടെ ജ്വലിച്ചു നിന്നു. ആ വിശ്വാസത്തിന്റെ ബലത്തിലാണ് നബി തന്റെ ആദർശപ്രചാരണവുമായി അവർക്കിടയിൽ ജീവിച്ചത്. അതല്ലാതെ മറ്റുള്ളവരെ വെറുക്കുകയോ അകറ്റുകയോ ചെയ്യുന്ന ഒരു ശൈലിയും പ്രവാചകൻ സ്വീകരിച്ചില്ല. ജീവിക്കുന്ന സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കാനോ അവർക്ക് കൂടി ഒരു വേണ്ടപ്പെട്ടവനായി ജീവിക്കാനോ നമുക്ക് കഴിയാത്തതാണ് പരസ്പരം സ്പർധയും അകൽച്ചയുമുണ്ടാവാൻ കാരണമെന്നത് മത വിശ്വാസികൾ ചിന്തിക്കേണ്ട ഒരു വിഷയമാണിത്.

മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ചപ്പോഴുണ്ടായ ഭയവും അമ്പരപ്പും കണ്ട് പ്രിയപത്നി ഖദീജാബീവി നബിയെ ആശ്വസിപ്പിച്ചതിങ്ങനെയാണ്: ‘‘അല്ലാഹു താങ്കളെ അപമാനപ്പെടുത്തുകയില്ല. ഭയപ്പെടാനൊന്നുമില്ല. താങ്കൾ പാവങ്ങളെ സഹായിക്കുന്നു, അതിഥികളെ സൽക്കരിക്കുന്നു, പ്രയാസപ്പെടുന്നവരുടെ ഭാരം വഹിക്കുന്നു.’’ എന്നായിരുന്നു അവർ പറഞ്ഞത്. നബിയുടെ സദ്ഗുണങ്ങളായി അവർ എണ്ണിപ്പറഞ്ഞത് ആരാധനകളോ അനുഷ്ഠാനങ്ങളോ അല്ല, മറിച്ച് മനുഷ്യപ്പറ്റുള്ള ഒരു പെരുമാറ്റമാണ് നബിയുടേത് എന്നാണ്.

നബിയെക്കുറിച്ച് ശത്രുക്കൾക്കുപോലും ചില സദ്‌‍വിചാരങ്ങളും വിശ്വാസങ്ങളുമുണ്ടായിരുന്നു. ന്യായവും നീതിയും മനുഷ്യനന്മയും പ്രവാചകൻ പരിഗണിക്കുമെന്നവർക്കറിയാമായിരുന്നു. അതുകൊണ്ടാണ് നബിയും എണ്ണമറ്റ അനുചരന്മാരും മക്കയിലേക്ക് തിരിച്ച് വരുമ്പോൾ ഒരു സമാധാന സന്ധിയെക്കുറിച്ച് സംസാരിക്കാൻ അവർ നബിയെ കാണാൻ വന്നത്. അതാണ് ചരിത്ര പ്രസിദ്ധമായ ഹുദൈബിയ സന്ധി. നബിയും സഹാബിമാരും ഉംറ ചെയ്യാനാണ് വരുന്നത്. ശത്രുക്കളുടെ നിർദേശം നബിയും കൂട്ടരും ഉംറ ചെയ്യാതെ തിരിച്ചുപോവണം, അടുത്ത വർഷം അവരുടെ സമ്മതത്തോടെ വന്ന് ഉംറ ചെയ്യാം എന്നതായിരുന്നു. അതിന്റെ പുറമേ, ഈ കരാർ സ്വീകരിച്ചാൽ അടുത്ത പത്തുകൊല്ലം അവരും മുസ്‌ലിങ്ങളും തമ്മിൽ യുദ്ധമുണ്ടാവില്ലെന്ന് കരാറിൽ വ്യവസ്ഥ ചെയ്യാമെന്നും അവർ ഉറപ്പുനൽകി. അവർ ആഗ്രഹിച്ചത് സംഭവിച്ചു. നബി തിരിച്ച് പോവാൻ തീരുമാനിച്ചു. ഉംറ പിന്നീടാവാമെന്നുവെച്ചു, ഉംറ വേഷം മാറ്റി സാധാരണവസ്ത്രം ധരിച്ചുതിരിച്ചുപോയി. കരാറിലെ ചില വ്യവസ്ഥകളും പ്രത്യക്ഷത്തിൽ മുസ്‌ലിങ്ങൾക്ക് എതിരായി തോന്നുന്നതായിരുന്നു. ഏതായാലും അവർക്ക് നബിയിലുണ്ടായ വിശ്വാസം വർധിക്കാനും പിൽക്കാലത്ത് ഇസ്‌ലാമിന് വൻവളർച്ചയുണ്ടാവാനും നബി സ്വീകരിച്ച ഈ വിട്ടുവീഴ്ചാ നിലപാടുകൊണ്ട് സാധിച്ചു.

Content Highlights: Ramadan Thoughts by Hussain Madavoor

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram