മതം ഗുണകാംക്ഷയാണ് എന്നാണ് പ്രവാചകവചനം. ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ, അല്ലാത്തവർ അവിശ്വസിക്കട്ടെ എന്ന് ഖുർആൻ. മതത്തിൽ അടിച്ചേൽപ്പിക്കലില്ല, സത്യവും അസത്യവും വേർതിരിഞ്ഞിരിക്കുന്നുവെന്നും ഖുർആൻ പറയുന്നു.
ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചാരങ്ങൾ കൊണ്ടുനടക്കാനും സ്വാതന്ത്ര്യമുള്ളതാണ് നമ്മുടെ രാജ്യം. നമ്മുടെ ഭരണഘടനാ ശില്പികൾ നമുക്ക് ഉറപ്പുനൽകിയ ഈ ബഹുസ്വരതയുടെ സൗന്ദര്യം നമുക്ക് നിലനിർത്താൻ കഴിയണം. സ്വന്തം വിശ്വാസങ്ങളിൽ നിലനിൽക്കുമ്പോൾ തന്നെ അപരനെ ഉൾക്കൊള്ളാനും സഹിഷ്ണുതയോടെ സഹവർത്തിക്കാനും കഴിയുക എന്നതാണ് ബഹുസ്വരത.
ദൈവത്തെ ഖുർആൻ പരിചയപ്പെടുത്തുന്നത് റബ്ബുൽ ആലമീൻ (ലോകരക്ഷിതാവ്) എന്നാണ്. ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആനെ വിശേഷിപ്പിക്കുന്നത് ജനങ്ങളുടെ മാർഗദർശനം എന്നുമാണ്. ദൈവദൂതരെക്കുറിച്ച് ലോകർക്കാകെയും കാരുണ്യം എന്നും ഖുർആൻ പ്രഖ്യാപിക്കുന്നു. ഏതെങ്കിലും ഒരുവിഭാഗത്തിനല്ല, പ്രത്യുതാ മാനവർക്കാകമാനമുള്ള ദൈവത്തെയും പ്രവാചകനെയുമാണ് ഖുർആൻ വരച്ചുകാണിക്കുന്നത്.
മഴ ദൈവിക അനുഗ്രഹമാണെന്ന് ഖുർആൻ. എല്ലാ മനുഷ്യരും ആ മഴയുടെ സദ്ഫലങ്ങൾ അനുഭവിക്കുന്നു. മഴകൊണ്ടുള്ള ദുരിതവും മനുഷ്യരെയാകമാനം ബാധിക്കുന്നു. പ്രളയകാലത്ത് കേരളം മാനവികതയുടെ തുല്യതയില്ലാത്ത നന്മകൾകൊണ്ട് നിറഞ്ഞതും നാം കണ്ടതാണ്.
മണ്ണും വിണ്ണും വായുവും ജീവജാലങ്ങളും സസ്യലതാദികളുമെല്ലാം ഒരുപോലെ മനുഷ്യർ ഉപയോഗിക്കുന്നു. പർവതങ്ങളും പുൽമേടുകളും സൃഷ്ടിക്കപ്പെട്ടത് മനുഷ്യർക്കാകമാനം വേണ്ടിയാണ്.
പ്രപഞ്ചസൃഷ്ടിപ്പിലോ കാരുണ്യവർഷത്തിലോ ദൈവം കാണിക്കാത്ത വർഗീയതയും വിഭാഗീയതയും മനുഷ്യർ പുലർത്തേണ്ടതുണ്ടോ? നന്മചെയ്യുമ്പോഴും സഹായം ചെയ്യുമ്പോഴും ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും ചേരിതിരിവുകൾ എന്തിനാണ് മനുഷ്യർ സൃഷ്ടിക്കുന്നത്?
വിഭാഗീയതയുടെ എല്ലാ അംശങ്ങളെയും പ്രവാചകൻ നിരാകരിച്ചിട്ടുണ്ട്. ചുവന്ന് തുടുത്ത സൽമാനുൽ ഫാരിസിയും കറുകറുത്ത ബിലാലും പ്രവാചകനൊപ്പം ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം കഴിച്ചു. ജൂതന്റെ മയ്യത്ത് കൊണ്ടുപോകുമ്പോൾ എഴുന്നേറ്റുനിന്ന പ്രവാചകനോട് അത് ജൂതനല്ലേ എന്ന് ചോദിച്ചപ്പോൾ മനുഷ്യനാണ് എന്നായിരുന്നു മറുപടി.
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറയ്ക്കുന്നവൻ നമ്മിൽപ്പെട്ടവനല്ല എന്ന പ്രവാചകവചനം പ്രസിദ്ധമാണ്. ഇവിടെ അയൽവാസിയുടെ മതം പറഞ്ഞിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പ്രവാചകൻ മരിക്കുമ്പോൾ പടയങ്കി ഒരു ജൂതന് പണയത്തിലായിരുന്നു എന്നത് ചരിത്രമാണ്. ധനാഢ്യരും കടംനൽകാൻ കഴിവുള്ളവരുമായ അനുചരന്മാർ ഉണ്ടായിട്ടും ജൂതന് പടയങ്കി പണയപ്പെടുത്തിയതിലൂടെ ഒരു വലിയ സന്ദേശമാണ് പ്രവാചകൻ പഠിപ്പിച്ചത്. മതത്തിനപ്പുറം മനുഷ്യരെല്ലാം സാമൂഹിക ജീവിതത്തിൽ പരസ്പരം വാങ്ങിയും കൊടുത്തും ആശ്രയിച്ചും ജീവിക്കേണ്ടവരാണ്.
Content Hughlights: Ramadan Thoughts by CP Umer Sullami