ത്യാഗം സമൂഹനന്മയ്ക്കു വേണ്ടിയാവണം


സി.പി. ഉമർ സുല്ലമി

2 min read
Read later
Print
Share

മനുഷ്യൻ സമൂഹജീവിയാണ്. ത്യാഗസന്നദ്ധതയില്ലാതെ സമൂഹജീവിതം സാധ്യമാകില്ല. വൈവിധ്യങ്ങളുടെ ആകത്തുകയാണ് സമൂഹജീവിതം. ഉള്ളവനും ഇല്ലാത്തവനും പണ്ഡിതനും പാമരനും ബലവാനും ദുർബലനും ചേർന്നതാണ് സമൂഹം. ഈ വൈവിധ്യത്തെ ഖുർആൻ (43 : 32) പ്രത്യകം പരാമർശിക്കുന്നു.

സമൂഹനന്മയ്ക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കലാണ് ത്യാഗം. ദൈവപ്രീതിയാണ് ത്യാഗത്തിന്റെ പ്രചോദനം. നോമ്പുകാലത്ത് അന്നപാനീയങ്ങൾ ത്യജിക്കുന്നതിലൂടെ ഇഷ്ടങ്ങളെയും താത്‌പര്യങ്ങളെയും മാറ്റിവെക്കാൻ വിശ്വാസി പരിശീലിക്കുന്നു. പാവപ്പെട്ടവന്റെ വിശപ്പ് പണക്കാരനും അനുഭവിക്കുന്നു. അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഓരോ മനുഷ്യന്റെയും സ്വകാര്യ അഹങ്കാരമാണ്. അതിലൊരു പങ്ക് തന്റേതല്ല എന്ന തിരിച്ചറിവിൽ പാവങ്ങൾക്കുവേണ്ടി ത്യജിക്കുന്ന മഹത്തായ ആരാധനയാണ് സകാത്ത്.

ഗോത്രമഹിമയിൽ അഹങ്കരിച്ചിരുന്ന സ്വാർഥരായ ഒരു സമൂഹത്തെ അപരനുവേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധതയുള്ള ഒരു സമൂഹമായി പരിവർത്തിപ്പിക്കുകയായിരുന്നു ഖുർആൻ. കൊടിയ പീഡനങ്ങൾ കാരണം നാടും വീടും ഉപേക്ഷിച്ച് മദീനയിൽ അഭയാർഥികളായി കടന്നുവന്ന മുഹാജിറുകളെ മദീനനിവാസികളായ അൻസാറുകൾ സ്വീകരിച്ച ചരിത്രം ത്യജിക്കലിന്റെ ഒരു വലിയപാഠം കൂടിയാണ്. സമ്പത്തും വീടും മറ്റു സൗകര്യങ്ങളുമെല്ലാം അവർ മുഹാജിറുകൾക്കായി പകുത്തുവെച്ചു. അൻസാറുകളെ ഏറ്റവും വലിയ വിജയികളായി ഖുർആൻ പരിചയപ്പെടുത്തുന്നു.

ദൈവവും ജനങ്ങളും ഏറ്റവും ഇഷ്ടപ്പെട്ട കർമമേത് എന്ന ചോദ്യത്തിന് മുഹമ്മദ് നബി(സ) നൽകിയ മറുപടി ഇങ്ങനെ ‘‘ഭൗതികജീവിതത്തിലെ അത്യാഗ്രഹം ത്യജിക്കുക. അള്ളാഹു നിന്നെ ഇഷ്ടപ്പെടും. ജനങ്ങളുടെ കൈകളിൽ ഉള്ളതിനോടുള്ള ആർത്തി നീ വെടിയുക. ജനങ്ങളും നിന്നെ ഇഷ്ടപ്പെടും’’. ‘‘അത്യാഗ്രഹങ്ങളില്ലാതെ ജീവിച്ചവരും അവിഹിതമായി ഒന്നും നേടാൻ ആഗ്രഹിക്കതെ സേവനം ചെയ്തവരും ജനമനസ്സുകളിൽ എന്നും സ്ഥിരപ്രതിഷ്ഠ നേടും. ദൈവം അവരെ ഇഷ്ടപ്പെടും’’.

അനസ്(റ) പറഞ്ഞു. പ്രവാചകസദസ്സിലേക്ക് കടന്നുവരുന്ന ഒരാളെ ചൂണ്ടി അദ്ദേഹം സ്വർഗത്തിലായിരിക്കുമെന്ന് പ്രവാചകൻ പറഞ്ഞു. എങ്കിൽ അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയെന്ന് മനസ്സിലാക്കണം എന്ന് മനസ്സിലുറപ്പിച്ച അബ്ദുല്ലാഹിബ്‌നുഅംറ് അദ്ദേഹത്തോടൊപ്പം മൂന്നുദിവസം താമസിച്ചു. സാധാരണയിൽ കവിഞ്ഞ ഒന്നും അദ്ദേഹത്തിൽ കണ്ടില്ല. എന്തുകൊണ്ടായിരിക്കും ഇദ്ദേഹം സ്വർഗത്തിലാണെന്ന് നബി (സ)പറഞ്ഞത് എന്ന അബ്ദുല്ലാഹിബ്‌നുഅംറിന്റെ ചോദ്യത്തിന് മറുപടി ഇതായിരുന്നു.

‘‘താങ്കൾ കണ്ടതല്ലാത്ത ഒരു പ്രത്യേകതയും എനിക്കില്ല. എന്റെ മനസ്സിൽ ആരോടും പകയില്ല. അള്ളാഹു കൊടുത്തതിൽ ഞാൻ ആരോടും അസൂയ വെക്കാറുമില്ല’’. ഇതുകേട്ട്‌ അബ്ദുള്ള പറഞ്ഞു ‘‘ഈ മനസ്സുതന്നെയാണു താങ്കളെ സ്വർഗപദവിയിലേക്കു ഉയർത്തിയത്’’.

Content Highlights: Ramadan 2019, Ramadan Thoughts By CP Umer Sullami

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram