നീതിബോധത്തിന്റെ ഔന്നത്യം


ഡോ. ഹുസൈൻ മടവൂർ

2 min read
Read later
Print
Share

ദൈവത്തിന്റെ സൃഷ്ടികളെല്ലാം പരസ്പരസ്നേഹത്തോടെ നീതിമാൻമാരായി ജീവിക്കുകയാണ്‌ വേണ്ടത്‌. അതാണ്‌ യഥാർഥ മതജീവിതം.

നീതിനിഷേധമാണ്‌ നിരവധി പ്രശ്നങ്ങൾക്ക്‌ കാരണം. അവനവന് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച്‌ എല്ലാവരും ബോധവാന്മാരാണ്‌. അവ തടഞ്ഞുവെക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നവരോട്‌ ഏതൊരാൾക്കും പകയും വെറുപ്പുമുണ്ടാവുക സ്വാഭാവികം മാത്രം. കുടുംബങ്ങളിലും സമൂഹത്തിലും വമ്പിച്ച നാശങ്ങളുമുണ്ടാവുന്നത്‌ നീതിനിഷേധവും അവസരസമത്വമില്ലായ്മയും കാരണമാണ്‌. അതിനാൽ ശാന്തിയും സമാധാനവും നിറഞ്ഞുനിൽക്കുന്ന ഒരു സമൂഹസൃഷ്ടിക്കായി എല്ലാവർക്കും അവസരസമത്വവും നീതിയും ഉറപ്പുവരുത്തേണ്ടതുണ്ട്‌.

വിശുദ്ധ ഖുർആനിൽ നീതിയെക്കുറിച്ച്‌ പലതവണ പരാമർശിച്ചിട്ടുണ്ട്‌. നിങ്ങൾ നീതിയും നന്മയും പുലർത്തണമെന്ന്‌ അള്ളാഹു നിങ്ങളോട്‌ കല്പിക്കുന്നു. മ്ലേച്ഛവും മോശവുമായ കാര്യങ്ങളെ അള്ളാഹു നിരോധിക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ)നബി തിരുമേനിയുടെ ജീവിതത്തിൽനിന്ന്‌ സഹാബികൾ പഠിച്ചുമനസ്സിലാക്കിയ വലിയൊരു പാഠമായിരുന്നു നീതിബോധം. സ്വന്തക്കാർക്ക്‌ വേണ്ടി നിയമങ്ങളിൽ മാറ്റംവരുത്തുന്ന അധികാരികളും നിയമപാലകരും സമൂഹത്തിൽ എന്നും ഒരു ശാപംതന്നെയാണ്‌. എന്നാൽ നബി ഇക്കാര്യത്തിൽ വലിയ കാർക്കശ്യം വെച്ചുപുലർത്തിയിരുന്നു.

മോഷ്ടാവിനുള്ള ശിക്ഷയായി ഖുർആൻ പറയുന്നത്‌ അയാളുടെ കൈ മുറിക്കണമെന്നാണ്‌. മോഷണം നടത്താനുണ്ടായ സാഹചര്യവും മോഷ്ടിച്ച സാധനത്തിന്റെ മൂല്യവുമൊക്കെ പരിഗണിച്ചാണീ ശിക്ഷ നടപ്പാക്കുക. ഇവിടെ നമുക്ക്‌ ഒരു നബിവചനം അതിശക്തമായ ഒരു അടിസ്ഥാനമാനദണ്ഡം പ്രഖ്യാപിക്കുന്നത്‌ കാണാം. നബി പ്രഖ്യാപിച്ചു. മുഹമ്മദിന്റെ മകൾ ഫാത്തിമയാണ്‌ മോഷ്ടിച്ചതെങ്കിൽ യാതൊരു സംശയവുംവേണ്ടാ, ഞാൻ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും. മകൾക്കും ബന്ധുക്കൾക്കും ഇഷ്ടജനങ്ങൾക്കുംവേണ്ടി പൊതുമുതൽ വാരിനൽകുകയും കൃത്രിമ മാർഗത്തിലൂടെ അവരെ സഹായിക്കുകയും ചെയ്യുന്ന ഇന്നത്തെ ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുന്നതാണ്‌ നബിയുടെ ആർജവമുള്ള ഈ വാക്കുകൾ. അവിഹിതമായ ഒരു കാര്യം നേടിയെടുക്കാനായി ആർക്കും നബിയെ സമീപിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. നമ്മളാവട്ടെ, സകലമാന മുൻഗണനാക്രമവും യോഗ്യതാ മാനദണ്ഡവും മാറ്റിമറിച്ച്‌ സ്വന്തക്കാർക്ക്‌ ഉപകാരം ചെയ്യാനുള്ള തിടുക്കത്തിലാണ്‌.

ഖുർആനിൽ അള്ളാഹുവിനെക്കുറിച്ച്‌ ഏറ്റവും കൂടുതൽ പ്രയോഗിച്ച വാക്കാണ്‌ ‘റഹ്‌മാൻ’ എന്നത്‌. പരമകാരുണ്യവാൻ എന്നർഥം. മറ്റൊരു വിശേഷണമാണ്‌ ‘റബ്ബുൽ ആലമീൻ’ എന്നത്‌. സർവലോക പരിപാലകൻ. ഈ ലോകത്തെ സർവജീവജാലങ്ങളെയും സൃഷ്ടിച്ച്‌ പരിപാലിക്കുന്നവനാണ്‌ അള്ളാഹു. അള്ളാഹുവിന്റെ കാരുണ്യം എല്ലാവർക്കുമാണ്‌. അതിൽ വിശ്വാസത്തിന്റെയോ മതത്തിന്റെയോ വ്യത്യാസംപോലുമില്ല. ദൈവത്തിന്റെ കാരുണ്യം ദൈവവിശ്വാസികൾക്കും ദൈവനിഷേധികൾക്കും ഒരുപോലെ ലഭ്യമാണ്‌. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമുമെല്ലാം ഒരുപോലെ ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവും അനുഭവിക്കുകയാണ്‌. അതിൽ ദൈവത്തിന്റെ പക്ഷത്തുനിന്ന്‌ ഒരു വിവേചനവും അനീതിയും ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സൃഷ്ടികളെല്ലാം പരസ്പരസ്നേഹത്തോടെ നീതിമാൻമാരായി ജീവിക്കുകയാണ്‌ വേണ്ടത്‌. അതാണ്‌ യഥാർഥ മതജീവിതം.

Content Highlights: ramadan 2019, Ramadan Thoughts by Hussain Madavoor

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram