ഭാരം ചുമക്കുന്ന കഴുതയെ സഹായിക്കുന്നതും ധര്‍മം


ഡോ. ഹുസൈന്‍ രണ്ടത്താണി

2 min read
Read later
Print
Share

നട്ടുച്ചനേരത്ത് ചുട്ടുപൊള്ളുന്ന വെയിലില് തലയില് വലിയ ഭാരവുമായി ഒരു വൃദ്ധ തെരുവിലൂടെ നടന്നുപോവുന്നത് മുഹമ്മദ് നബിയുടെ ശ്രദ്ധയില്‍പ്പെട്ടു. ക്ഷീണത്താല്‍ അവര്‍ ഭാരം താഴെവെച്ച് അതിനുമുകളില് ഇരുന്ന് വിയര്‍പ്പ് തുടയ്ക്കുന്നു. നബി സ്ത്രീയുടെ സമീപംചെന്ന് സഹായിക്കാന്‍ തയ്യാറായി. സ്ത്രീയുടെ സഹായത്തോടെ ഭാരമെടുത്ത് തലയില്‍ വച്ചു. സ്ത്രീയോട് മുന്നില്‍ നടക്കാന്‍ പറഞ്ഞു. വൃദ്ധയ്ക്ക് വളരെ സന്തോഷം.

നടക്കുമ്പോള്‍ നബി സ്ത്രീയുടെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. കുറേക്കാലമായി അവര്‍ മദീനയില്‍ താമസിക്കുന്നു. ഇപ്പോള്‍ മദീന വിടുകയാണ്. നബി കാരണംചോദിച്ചു: 'ഇവിടെ മുഹമ്മദ് എന്നൊരു മന്ത്രവാദി വന്നിട്ടുണ്ടത്രേ. അയാള്‍ സ്ത്രീകളെയൊക്കെ ആക്രമിക്കുന്നുണ്ടത്രേ. ചന്തയില്‍ ഇതൊരു സംസാരവിഷയമായിരിക്കുന്നു. പലരും നാടുവിടുകയാണ്. ഞാനെന്റെ പഴയ ഗ്രാമത്തിലേക്കുതന്നെ തിരിച്ചുപോവുന്നു.'. തന്നെക്കുറിച്ചാണ് അവര്‍ പറയുന്നതെന്ന് നബിക്ക് മനസ്സിലായി. ഒരു ഭാവമാറ്റവും പ്രകടിപ്പിക്കാതെ ഭാരവുമായി നബി നടന്നുനീങ്ങി.

നബിയെ പുകഴ്ത്താനും ആ ഉമ്മ മറന്നില്ല.: 'മോന്‍ വന്നത് വളരെ ഉപകാരം. പൊരിയുന്ന വെയിലില്‍ ഭാരവുംപേറി എങ്ങനെ പോവുമെന്ന് ഞാന് ആലോചിച്ചിരിക്കുകയായിരുന്നു.' കുറേ നടന്ന് അവര്‍ ഒരു പഴയ കുടിലിന്റെ മുന്നിലെത്തി. ഭാരം ഇറക്കിവെച്ചു.

സ്ത്രീ കൂലിയായി പണം വെച്ചുനീട്ടിയെങ്കിലും അത് തിരസ്‌കരിച്ചുകൊണ്ട് നബി പറഞ്ഞു: 'ഉമ്മാ ദുര്‍ബലരെയും സാധുക്കളെയും സഹായിക്കേണ്ടത് കഴിവുള്ളവരുടെ കടമയാണ്. അതിനൊരു പ്രതിഫലവും വാങ്ങിക്കൂടാ? വൃദ്ധ അദ്ഭുതംകൂറി. എത്ര നല്ലൊരു മനുഷ്യന്! 'മോനേ നീ ആരാണ്?' അല്പ നേരത്തെ മൗനത്തിനുശേഷം മുഹമ്മദ് നബി പറഞ്ഞു: 'നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന മാന്ത്രികനായ മുഹമ്മദ് തന്നെയാണ് ഞാന്. നിങ്ങള്‍ കേട്ടതൊക്കെ കളവാണ്.'വൃദ്ധയ്ക്ക് വിശ്വസിക്കാനായില്ല. 'ആ മാന്ത്രികന്‍ നീയാണെങ്കില്‍ ഞാന്‍ മദീനയിലേക്ക് തന്നെ തിരിച്ചുവരികയാണ്. നിന്റെ മാര്ഗം സ്വീകരിക്കാനും തയ്യാറാണ്'.

ഒരിക്കല്‍ കഷ്ടപ്പെട്ടു ധാന്യം അരയ്ക്കുന്ന ഒരടിമയെ റസൂല്‍ കണ്ടുമുട്ടി. അയാള്‍ വളരെ ക്ഷീണിതനാണ്. കാര്യമന്വേഷിച്ചപ്പോള്‍ അടിമ യജമാനനെക്കുറിച്ച് പരാതിപറഞ്ഞു: 'എന്റെ യജമാനന് ക്രൂരനാണ്. ഞാന്‍ പനിപിടിച്ചു കിടന്നിട്ടും അയാളെന്നെക്കൊണ്ട് കഠിനപ്രയത്‌നം ചെയ്യിക്കുകയാണ്. എനിക്ക് ഈ പണിചെയ്യാന് കഴിയുന്നില്ല' കേള്‌ക്കേണ്ടതാമസം, അടിമയുടെ കൈയില്‌നിന്ന് അരകല്ല് വാങ്ങി ധാന്യം മുഴുവന് അരച്ചുകൊടുത്തു.

ഇത്തരം സംഭവങ്ങള്‍ നബിയുടെ ജീവചരിത്രത്തില് നിരവധികാണാം. തന്റെ തോല്‍ സഞ്ചിയില്‍ കഷ്ടപ്പെട്ടു വെള്ളം ചുമന്ന് കൊണ്ടുപോകുന്ന വൃദ്ധനെ കണ്ടപ്പോള്‍ നബി ആ വെള്ളസഞ്ചി വാങ്ങി ഉദ്ദിഷ്ട സ്ഥലത്തെത്തിച്ചുകൊടുത്തു.

ഒരാള്‍ മറ്റുള്ളവരുടെ ദുരിതങ്ങളകറ്റാന് തയ്യാറായാല്‍ ദൈവം അയാളുടെ ജീവിതത്തിലെ ദുരിതങ്ങളകറ്റും. ഒരു സഹോദരന്റെ ജോലിഭാരം കുറയ്ക്കാന് സഹായിക്കുന്നവന് പത്തുവര്‍ഷം ഭജനമിരുന്നതിന്റെ പ്രതിഫലം ലഭിക്കും. ഭാരം ചുമന്നുപോകുന്ന കഴുതയെ സഹായിച്ചാല്‍ അതൊരു ധര്‍മായി ദൈവം കണക്കാക്കും. വിധവയെയോ ദരിദ്രനെയോ സംരക്ഷിക്കുന്നവന്‍ ദൈവമാര്‍ത്തില്‍ യുദ്ധം ചെയ്യുന്ന യോദ്ധാവിനെപ്പോലെയാണെന്നും നബി വചനം.

'നന്മകൊണ്ടും ഭക്തികൊണ്ടും നിങ്ങള്‍ പരസ്പരം സഹായിക്കുവിന്‍. പാപംകൊണ്ടും ശത്രുതകൊണ്ടും സഹായിക്കരുത്' (ഖുര്‍ആന്‍)

Content Highlights: Ramadan 2019,Ramadan 2019 Kerala,Ramadan Thoughts Malayalam,Ramadan Quotes

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram