എന്നെ സംബന്ധിച്ചിടത്തോളം റമദാന്‍ ഓര്‍മ്മപ്പെടുത്തലാണ്.. നമ്മള്‍ എന്തായിരുന്നു, എന്തായി തീര്‍ന്നിരിക്കുന്നു എന്നതിന്റെ അടയാളങ്ങള്‍. വാശിപിടിച്ച് നോമ്പ് എടുത്തിരുന്ന, ഉമ്മ അത്താഴം കഴിക്കാന്‍ വിളിക്കില്ലെന്ന് പേടിച്ച് നാലുമണിയാവുന്നതും കാത്ത് ഉറങ്ങാതിരുന്ന, ഇടക്കെപ്പഴോ ഉറങ്ങിപ്പോയ കുറ്റബോധത്തില്‍ രാവിലെ ഉള്ളുനീറി കഴിഞ്ഞിരുന്ന ഒരു കാലത്തിന്റെ കഥകളാണ് ഓരോ റമദാനും പറഞ്ഞ് കൊണ്ടിരിക്കുന്നത്.
അത്താഴം കഴിക്കാന്‍ എഴുന്നേറ്റു വരുമ്പോള്‍ വല്ലുമ്മച്ചിയുടെ നിറഞ്ഞ ചിരിയാണ് ഞങ്ങള്‍ കുട്ടികളെ വരവേറ്റിരുന്നത്. പ്രായാധിക്യം വല്ലുമ്മച്ചിയെ തളര്‍ത്തിയിരുന്നിട്ടും പ്രസന്നതയോടെ നോമ്പിനെ വരവേറ്റ വല്ലുമ്മച്ചി തന്നെയാണ് റമദാനിന്റെ പ്രാധാന്യം ഞങ്ങളെ മനസ്സിലാക്കി തന്നത്. വല്ലുമ്മച്ചി അത്താഴത്തിനു ചായയും പപ്പടവും ആയിരുന്നു കഴിക്കാറുള്ളത്. അത്താഴം പോലും ആര്‍ഭാടമാക്കുന്ന പുതിയ തലമുറ കണ്ടു പഠിക്കേണ്ട പാഠം.
അത്താഴം കഴിക്കാതെ നോമ്പ് എടുക്കാറുള്ളത് ഈയുള്ളവളുടെ വിനോദം തന്നെ ആയിരിന്നു.നോമ്പ് എടുക്കാന്‍ ഉമ്മച്ചി വിളിക്കാത്തതിന്റെ വാശിയായിരുന്നു ആ നോമ്പിന്റെ പുറകിലെ കാരണം. തളര്‍ന്നു വീഴാറാകുമ്പോള്‍ ചുറ്റും ഉള്ളവരെല്ലാം വാശിപിടിക്കും. ഉമ്മച്ചി വെള്ളവും കൊണ്ട് പിറകെ വരും. വഴങ്ങുന്നില്ലെന്ന് കാണുമ്പോള്‍ അപ്പ ഭീഷണിപ്പെടുത്താന്‍ തുടങ്ങും. അതിലും വീഴില്ലെന്ന് കാണുമ്പോള്‍ കുട്ടിപ്പട്ടാളം കളത്തില്‍ ഇറങ്ങും.
എന്നെ കൊതിപ്പിക്കാന്‍ മുന്നിലിരുന്ന് ഭക്ഷണം കഴിക്കും. ശ്രദ്ധിക്കാതെ ദൂരേക്ക് നോക്കിയിരിക്കുന്ന എന്റെ അടുത്തേക്ക് കള്ളച്ചിരിയോടെ വല്യുമ്മച്ചി വരും. ഒരു കയ്യില്‍ നിറയെ പപ്പായ ഉണ്ടാകും. പപ്പായ കൊതിച്ചിയായ എനിക്ക് അധികം നേരം പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് വല്ലുമ്മച്ചിക്ക് അറിയാം. സുനോ.. ദേ കര്‍മൂസ നല്ല മധുരണ്ട് എന്ന് പറയുമ്പോഴേക്കും എന്റെ വാശി ഐസ് പോലെ അലിയും.പിടിവാശിക്കാരിയായ കുഞ്ഞിപാത്തു കൊതിയോടെ പപ്പായ മുഴുവന്‍ അകത്താക്കും.മറ്റുള്ളവര്‍ കളിയാക്കുമ്പോള്‍ ചമ്മല്‍ മറയ്ക്കാന്‍ വേണ്ടി വല്ലുമ്മച്ചിയോട് വഴക്ക് ഉണ്ടാക്കും. ഇങ്ങള്‍ എന്തിനാ ഇക്ക് കര്‍മൂസ തന്നത്..?ഇക്ക് അത് ഇഷ്ട്ടമാണ്ന്ന് അറിയില്ലേ..ന്റെ നോമ്പ് മുറിച്ചതിന് ഇങ്ങള്‍ക്ക് കുറ്റം കിട്ടും...ഇങ്ങനെ പറഞ്ഞ് കൊണ്ട് പതിയെ അകത്തേക്ക് വലിയും... ഹാ...വ്യക്തമല്ലെങ്കിലും എന്ത് സുന്ദരമാണ് ആ ഓാര്‍മ്മകള്‍.
നോമ്പ് കാലത്ത് പഴവും അവിലും ചേര്‍ത്ത് ഉണ്ടാക്കുന്ന കുത്തികലക്ക് എന്റെ വീട്ടില്‍ നിര്‍ബന്ധമായിരുന്നു. വീട്ടില്‍ ഫ്രിഡ്ജ് ഇല്ലാത്തത് കൊണ്ട് തണുത്ത വെള്ളം കിട്ടിയിരുന്നത് അടുത്ത വീട്ടില്‍ നിന്നായിരുന്നു. വീല്‍ചെയറില്‍ ഇരിക്കുന്ന എന്നെയും തള്ളി അനിയന്‍ വാപ്പു അടുത്ത വീട്ടിലേക്ക് പോകുന്നത് നോമ്പുള്ള വൈകുന്നേരങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. അവിടെനിന്ന് ഇറച്ചിപത്തിരിയുടെയും ഉന്നക്കായയുടെയും കൊതിയൂറുന്ന മണം വരുമ്പോള്‍ വാപ്പു ചോദിക്കും, ഞമ്മളെ പോരേല്‍ എന്താ ഇതൊന്നും ഉണ്ടാകാത്തത് എന്ന്... അമ്മളെ ഉമ്മച്ചിക്ക് അതൊന്നും ഉണ്ടാക്കാന്‍ അറിയില്ല വാപ്പു എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലെ ദാരിദ്ര്യം മറയ്ക്കും.
നോമ്പ് ഓര്‍ത്തെടുക്കുമ്പോള്‍ വാപ്പുവിന്റെ കള്ള നോമ്പുകള്‍ ഓര്‍ക്കാതിരിക്കാന്‍ വയ്യ. നോമ്പിന്റെ കാര്യത്തില്‍ പിടിവാശിക്കാരിയായ ഞാന്‍ എത്ര തവണ അവന്റെ കള്ള നോമ്പുകള്‍ക്ക് കൂട്ട് നിന്നിട്ടുണ്ട്. വുളൂഹ് എടുക്കുമ്പോള്‍ അവന്‍ വെള്ളം കുടിക്കുന്നത് കണ്ട് എത്ര തവണ മിണ്ടാതിരുന്നിട്ടുണ്ട്. നോമ്പ് തുറക്കാന്‍ ഉമ്മച്ചി ഉണ്ടാക്കിയ പഴംപൊരി അവന്‍ അധികം എടുക്കുമ്പോള്‍ എന്റെ ഉള്ളിലെ വഴക്കാളി പാത്തു ഉണരും..വാപ്പു.. ഞ്ഞി നോമ്പ് എടുക്കാത്തത് ഞാന്‍ ഉമ്മച്ചിയോട് പറഞ്ഞ് കൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.. ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.. അതിലേറെ അത്ഭുതവും... നിഷ്‌കളങ്കതയുടെ നോമ്പുകാലങ്ങള്‍.. ഒരു പക്ഷെ റമദാന്‍ നമ്മളോട് പറയുന്ന പാഠവും അത് തന്നെയാണ്..കളങ്കമില്ലാതെ വ്രതമനുഷ്ഠിച്ച് മനസ്സും ശരീരവും ശുദ്ധീകരിക്കുക. നമ്മള്‍ എത്രത്തോളം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ സര്‍വ്വശക്തന്‍ നമുക്ക് നല്‍കുന്ന അവസരം. വിശപ്പിന്റെ കാഠിന്യത്തില്‍ ആഹാരത്തിന്റെ വിലയറിഞ്ഞ് ദാനം ചെയ്യാന്‍ വീണു കിട്ടുന്ന പുണ്യ ദിനങ്ങള്‍. റമദാനിനെ അതിന്റെ പവിത്രതയോടെ വരവേല്‍ക്കാന്‍ ഓരോ വിശ്വാസിക്കും കഴിയട്ടെ എന്ന് സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു...
Content Highlights: Ramadan 2019,Ramadan,Ramzan,Ramadan Memories by Fathima Asla,