ഇരുപത്തിയേഴാം നോമ്പ് കഴിഞ്ഞാല്‍ പിന്നെ ഒരുപാട് സന്തോഷമായിരിക്കും. സക്കാത്ത് കിട്ടുന്നതായിരുന്നു ആ സന്തോഷത്തിന് പിറകിലെ കാരണം. മറ്റുള്ള കുട്ടികളൊക്കെ വീട്ടില്‍ സക്കാത്തിന് വേണ്ടി വരുമ്പോള്‍ ചില്ലറായാക്കി വെച്ച അമ്പത് പൈസയും ഒരു രൂപയുമൊക്കെയായിരുന്നു അപ്പ കൊടുക്കാറുള്ളത്.കൂടുതല്‍ കൊടുക്കാന്‍ വീട്ടിലെ ദാരിദ്ര്യം അനുവദിച്ചിരുന്നില്ല. പക്ഷേ, ഞാന്‍ അടക്കം നാല് മക്കളെയും അപ്പ ഒരു വീട്ടിലേക്കും സക്കാത്തിന് വേണ്ടി പറഞ്ഞയച്ചിരുന്നില്ല. ചിലരൊക്കെ ഞങ്ങള്‍ക്ക് വീട്ടില്‍ വന്ന് സക്കാത്ത് തരാറുണ്ടായിരുന്നു.
പുത്തന്‍ മണമുള്ള നോട്ടുകള്‍ കിട്ടുമ്പോള്‍ കണ്ണില്‍ നക്ഷത്രങ്ങള്‍ തെളിയും. ആ നോട്ടുകള്‍ വീണ്ടും വീണ്ടും എണ്ണും. ഇടക്ക് മണപ്പിച്ചു നോക്കും. വാപ്പു ചോദിക്കും, സുനോ നിനക്ക് എത്രയാ കിട്ടിയതെന്ന്. ഇക്ക് കിട്ടിയത് പറഞ്ഞു തരില്ലെന്ന് പറഞ്ഞു ഒളിപ്പിച്ചുവെക്കും.
സക്കാത്ത് കിട്ടുന്ന പൈസക്ക് ആയിരുന്നു പെരുന്നാള്‍ കോടി വാങ്ങാറുണ്ടായിരുന്നത്. നാലു മക്കള്‍ ആയതുകൊണ്ട് എല്ലാവര്‍ക്കും പെരുന്നാള്‍ കോടി എടുക്കാന്‍ കഴിയുമായിരുന്നില്ല. ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട് വാങ്ങും. എനിക്കും അനുവിനും ഉമ്മച്ചിയുടെ പഴയ സാരി കൊണ്ട് ഉടുപ്പ് തയ്പ്പിച്ചു തരും. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ സന്തോഷത്തോടെ ഞങ്ങളതിനെ സ്വീകരിച്ചിരുന്നു. ഒരിക്കല്‍ വാപ്പുവിന് ജുബ്ബയും പാന്റും ആയിരുന്നു എടുത്തിരുന്നത്. പെണ്‍കുട്ടികളുടെ ഡ്രസ്സ് ആണോ ഇടുന്നത് എന്ന് ചോദിച്ച് അവനെ ആരൊക്കെയോ കളിയാക്കി. ആ സങ്കടത്തില്‍ അവന്‍ ആ ഡ്രസ്സ് അഴിച്ചു കളഞ്ഞു. വാപ്പുവും ഞാനും തമ്മില്‍ വയസ്സ് വ്യത്യാസം അധികം ഇല്ലാതിരുന്നത് കൊണ്ട് ഞങ്ങള്‍ അന്ന് ഒരേ വലിപ്പമായിരുന്നു. അത് കൊണ്ട് തന്നെ അവന്‍ അഴിച്ചു വെച്ച ജുബ്ബ ഞാന്‍ എടുത്ത് ഇട്ടതുമെല്ലാം ഒരു കള്ളചിരിയോട് കൂടിയല്ലാതെ ഓര്‍ത്തെടുക്കാന്‍ വയ്യ.
ഇന്ന് പെരുന്നാള്‍ കോടി കൊടുക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വരുമ്പോള്‍ ഞാന്‍ എന്റെ പെരുന്നാള്‍ കോടികള്‍ ഓര്‍ത്തെടുക്കാറുണ്ട്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നുള്ള നബിവചനമാണ് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നത്. റമദാന്‍ പങ്കുവെക്കലിന്റെ മാസമാണ്.ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുമ്പോഴാണ് റമദാനിന്റെ നന്മ പൂര്‍ണമാവുന്നത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഇല്ലാത്തവനെ ഊട്ടുന്നതാവട്ടെ നമ്മുടെ നോമ്പ് തുറകള്‍. പെരുന്നാള്‍ കോടി വാങ്ങാന്‍ ഒരുപാട് പണം ചെലവഴിക്കുമ്പോള്‍ മാറ്റിയിടാന്‍ ഡ്രസ്സ് ഇല്ലാത്ത കുഞ്ഞുങ്ങളെ ഓര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. റമദാന്‍ ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല.വാക്കുകളില്‍ ഒതുക്കാന്‍ കഴിയാതെ അത് അങ്ങനെ നീണ്ടു കിടക്കുന്നു...
Content Highlights: Ramadan 2019,Ramadan Zakath,Ramzan,Ramadan Memories by Fathima Asla, Zakat