റംസാന്‍ ഓര്‍ക്കുമ്പോള്‍ എന്തുകൊണ്ടാവും ഞാന്‍ വല്ലുമ്മച്ചിയിലേക്ക് മടങ്ങിപ്പോകുന്ന കുഞ്ഞുകുട്ടിയാവുന്നത്..?!നേര്‍ത്ത വിരലുകള്‍ കൊണ്ട് വല്ലുമ്മച്ചി എവിടെ നിന്നോ മാടി വിളിക്കുന്നത് പോലെ... നോമ്പ് തുറന്ന ക്ഷീണത്തില്‍ കുഞ്ഞി പാത്തു കിടന്നിരുന്നത് വല്ലുമ്മച്ചിയുടെ വയറിനോട് ചേര്‍ന്നായിരുന്നു. ചുരുങ്ങി ഒട്ടിയ വയറിനെന്നും തണുപ്പായിരുന്നു, വല്ലുമ്മച്ചിയുടെ സ്‌നേഹം പോലെ..! ഉറങ്ങി പോവുന്നത് വരെ വല്ലുമ്മച്ചി കഥകള്‍ പറയും, ആദ്യമൊക്കെ മൂളി കൊണ്ടിരിക്കും, പിന്നീട് അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീഴും. എന്റെ സമ്മതമില്ലാതെയായിരുന്നു പലപ്പോഴും ഉറക്കം എന്നെ കീഴടക്കിയിരുന്നത്.
ഇപ്പോള്‍ രാത്രി ഏറെ കഴിഞ്ഞാലും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഞാന്‍ ആ രാത്രികളിലേക്ക് മടങ്ങി പോവാറുണ്ട്. ലൈലത്തുല്‍ ഖദ്ര്‍ രാത്രിയുടെ പ്രാധാന്യം മദ്രസയില്‍ ഉസ്താദ് പഠിപ്പിക്കും മുന്‍പ് വല്ലുമ്മച്ചി പറഞ്ഞ് തന്നിരുന്നു. ആകാശത്തിലെ മാലാഖമാര്‍ ഭൂമിയിലേക്ക് ഇറങ്ങി വരുമെന്ന് ഓര്‍ത്ത് എത്ര രാത്രികളില്‍ ഞാന്‍ ഉറങ്ങാതെ കിടന്നിട്ടുണ്ട്. വെളുത്ത ചിറകുള്ള മലക്കുകളെ കാണാതെ സങ്കടപ്പെട്ട് കിടന്നിരുന്ന ഞാന്‍ എപ്പോഴാണ് ഉറങ്ങി പോയിരുന്നത് എന്ന് ഇന്നും എനിക്ക് ഓര്‍മ്മയില്ല.
റംസാന്‍ വല്ലുമ്മച്ചിയെ ഓര്‍മിപ്പിക്കും പോലെ വല്ലുപ്പച്ചിയെയും ഓര്‍മിപ്പിക്കുന്നു. എനിക്ക് ഓര്‍മ്മ വെക്കുന്നതിനും എത്രയോ മുന്‍പാണ് വല്ലുപ്പച്ചി ഞങ്ങളെ വിട്ട് പോയത്. ഒരു നോമ്പ് കാലത്ത് ആയിരുന്നു അത്. അത്താഴം കഴിച്ച് സുബഹി നിസ്‌കരിക്കാന്‍ പോയ വല്ലുപ്പച്ചി പിന്നെ ജീവനോടെ തിരികെ വന്നില്ല. സുബഹി നിസ്‌കരിക്കുമ്പോഴായിരുന്നു അല്ലാഹു വല്ലുപ്പച്ചിയെ തിരികെ വിളിച്ചത്. അന്ന് സങ്കടപ്പെട്ടിരുന്നോ എന്നെനിക്ക് ഓര്‍മ്മയില്ല. പക്ഷെ വല്ലുമ്മച്ചി മരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച ശൂന്യത വല്ലുപ്പച്ചിയുടെ മരണം എന്നില്‍ ഉണ്ടാക്കിയിട്ടില്ല എന്ന് ഉറപ്പാണ്.
നല്ല ആളുകളെയാണ് റംസാനില്‍ അല്ലാഹു തിരികെ വിളിക്കുക എന്ന് അപ്പ പറഞ്ഞ അന്ന് തൊട്ട് വല്ലുപ്പച്ചി എന്റെ മനസ്സിലെ ഹീറോയാണ്. ഓര്‍മ്മ വെച്ച അന്ന് തൊട്ട് ഞങ്ങള്‍ കുട്ടികള്‍ എല്ലാ റംസാനിലും നോമ്പ് അഞ്ചിന് വല്ലുപ്പച്ചിക്ക് വേണ്ടി യാസീന്‍ ഓതി ദുആ ചെയ്യാറുണ്ടായിരുന്നു.
Content Highlights: Ramadan 2019, Ramadan, ramadan memories by fathima asla