തേനൂറും ഈന്തപ്പഴങ്ങളുമായി റംസാന്‍ വിപണി


2 min read
Read later
Print
Share

അബുദാബി: തേനൂറും ഈന്തപ്പഴങ്ങളുമായി റംസാന്‍ വിപണി ഒരുങ്ങി. യു.എ.ഇ.യിലെ പരമ്പരാഗത ഈന്തപ്പഴമാര്‍ക്കറ്റുകള്‍ക്ക് പുറമേ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ചെറിയ കച്ചവടസ്ഥാപനങ്ങളിലുമെല്ലാം റംസാന്‍ കച്ചവടം തകൃതിയാണ്. മഗ്രിബ് വിളിക്കുശേഷം ഈന്തപ്പഴം കഴിച്ച് നോമ്പ് തുറക്കാന്‍വേണ്ടി മാത്രമല്ല ഇത്. ഇഫ്താര്‍വിരുന്നുകളിലെ പലഹാരങ്ങളിലെല്ലാം ഈന്തപ്പഴം ഒഴിച്ചുകൂടാന്‍പറ്റാത്ത ചേരുവയാണ്.

അബുദാബിയില്‍ ഏറ്റവുമധികം ഈന്തപ്പഴത്തിന്റെ കച്ചവടം നടക്കുന്നത് മിനയിലെ പ്രധാന മാര്‍ക്കറ്റിലാണ്. സൗദി അറേബ്യ, ജോര്‍ദാന്‍, പലസ്തീന്‍, ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഈന്തപ്പഴങ്ങളാണ് വിപണി കീഴടക്കിയിരിക്കുന്നത്. മിനായിലെത്തി പത്തും ഇരുപതും കിലോ വലുപ്പമുള്ള ബോക്‌സുകളിലും ചെറിയ സഞ്ചികളിലും ഈന്തപ്പഴങ്ങള്‍ വാങ്ങുന്നവര്‍ നിരവധിയാണ്. സ്വദേശികളാണ് വലിയ അളവില്‍ ഈന്തപ്പഴം വാങ്ങുന്നവരെന്ന് മിനായിലെ കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞ പതിനൊന്നുമാസത്തെയും ചേര്‍ത്തുള്ള കച്ചവടമാണ് റംസാന്‍ മാസം ഈന്തപ്പഴവിപണിക്ക് ലഭിക്കുക.

സൗദി അറേബ്യയില്‍നിന്നുള്ള കറുത്ത ഈന്തപ്പഴം അജ്വ തന്നെയാണ് ഈന്തപ്പഴങ്ങളിലെ രാജാവ്. കിലോയ്ക്ക് എണ്‍പത് ദിര്‍ഹത്തിന് മുകളിലേക്കാണ് വില. സാധാരണയായി സ്വദേശികളാണ് അജ്വ ഈന്തപ്പഴത്തിന്റെ ഉപഭോക്താക്കള്‍. സൗദിയില്‍നിന്നുതന്നെയുള്ള മബ്റൂം, സഗായ് എന്നിവയും മുന്തിയ ഇനങ്ങളാണ്. ഈന്തപ്പഴമാര്‍ക്കറ്റിലെ രസകരമായ കാഴ്ച മറ്റൊന്നാണ്. വി.വി.ഐ.പി. ഈന്തപ്പഴം, വി.ഐ.പി. ഈന്തപ്പഴം എന്നിങ്ങനെയാണ് ഓരോന്നിനെയും കച്ചവടക്കാര്‍ വിശേഷിപ്പിക്കുന്നത്.

കിലോ എഴുപതും എണ്‍പതും ദിര്‍ഹം വിലയുള്ള മജ് ദൂല്‍, അംബര്‍, കിലോ അറുപതും അന്‍പതും ദിര്‍ഹം വിലയുള്ള ഖലാസ്, വിലകുറഞ്ഞ ഖുദ്രി, ഷാഗി, മറിയം, ലുലു, ദബാസ് തുടങ്ങി നിരവധി ഇനങ്ങള്‍ വിപണിയിലുണ്ട്. കിലോയ്ക്ക് പത്തുദിര്‍ഹം മുതലുള്ളവ ആവശ്യക്കാരെയും കാത്ത് കടകളിലുണ്ട്. പാതി പഴുത്ത ഈന്തപ്പഴവും വിപണിയിലുണ്ട്. എന്നാല്‍, സ്വദേശികള്‍ മാത്രമാണ് നോമ്പുകാലത്ത് ഇവയുടെ ഉപഭോക്താക്കള്‍. പെട്ടെന്ന് കേടുവരാന്‍ സാധ്യതയുള്ളതിനാല്‍ ആരും വലിയ വിലനല്‍കി ഇത്തരം ഈന്തപ്പഴം ഇപ്പോള്‍ വാങ്ങില്ല.

റംസാന്‍ മാസത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈന്തപ്പഴം സമ്മാനിക്കുന്ന പതിവുള്ളവരാണ് സ്വദേശികള്‍. ഏറ്റവും മുന്തിയ ഇനം ഈന്തപ്പഴം തന്നെ അഞ്ചും പത്തും ബോക്‌സുകളില്‍ വാങ്ങിയാണ് ഓരോരുത്തരും ഇവിടെ നിന്നും മടങ്ങുക. ഇഫ്താര്‍ വിരുന്നുകള്‍ക്കും മറ്റുമെത്തുമ്പോള്‍ ബന്ധുക്കള്‍ക്ക് അവരിത് സ്‌നേഹപ്പൂര്‍വം കൈമാറുന്നു. പല ദരിദ്രരാജ്യങ്ങളിലേക്കും റംസാനിലെ സക്കാത്ത് എന്ന സങ്കല്പത്തില്‍ ഈന്തപ്പഴം സ്വന്തംനിലയ്ക്ക് നല്‍കുന്ന നിരവധി സ്വദേശികളുണ്ട്. സന്നദ്ധസംഘടനകള്‍വഴിയും നേരിട്ടുമെല്ലാം കഴിഞ്ഞമാസം തന്നെ ഇത്തരത്തില്‍ ഈന്തപ്പഴം കയറ്റിയയ്ക്കപ്പെട്ടിട്ടുണ്ട്. പള്ളികളിലെയും തൊഴിലാളിക്യാമ്പുകളിലെയും നോമ്പുതുറയ്ക്കായി ചെറിയ പ്ലാസ്റ്റിക് ആവരണത്തില്‍ പൊതിഞ്ഞ ഒന്നും രണ്ടും ഈന്തപ്പഴങ്ങളും ചോക്കലേറ്റിലും തേനിലും പൊതിഞ്ഞ ഈന്തപ്പഴങ്ങളുമെല്ലാം വിപണിയിലുണ്ട്. ഈന്തപ്പഴങ്ങള്‍ക്കുപുറമേ ഉണങ്ങിയ പഴങ്ങളുടെ വിപണിയും സജീവമാണ്.

Content Highlights: Ramadan 2019 Variety of Dates for Ramadan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram