പുണ്യമാസത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകളുമായി മകന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വ്യത്യസ്ത മനുഷ്യരുമായി എത്രമാത്രം ആഴത്തിലുള്ള ആത്മീയ ബന്ധമാണ് പ്രിയപിതാവ് പുലര്‍ത്തിയിരുന്നതെന്ന് പലപ്പോഴും ഓര്‍ത്ത് പോവാറുണ്ടെന്നും ആളുകളുമായി കാര്യ കാരണങ്ങളില്‍ മാത്രം ഒതുക്കപ്പെട്ടിരുന്ന ഒരു ബന്ധമായിരുന്നില്ല അതെന്നും പാണക്കാട് മുനവ്വറലി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതിരുകളും ഉപാധികളുമില്ലാത്ത സ്‌നേഹം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ യാത്രയായതെന്നും ഈ പരിശുദ്ധ മാസത്തിലടക്കം അത്തരത്തിലുള്ള നിരുപാധിക സ്‌നേഹം പരസ്പരം പങ്കിടാന്‍ കഴിയുന്നുണ്ടോ എന്ന് ചിന്തിക്കണമെന്നും മുനവ്വറലി തങ്ങള്‍ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
കഴിഞ്ഞയാഴ്ച്ച കണ്ണൂരില്‍ കണ്ണങ്കണ്ടി ഷോറൂം ഉല്‍ഘാടന ചടങ്ങിന്ന് പോയതായിരുന്നു.അവിടെയുള്ള ചിലരൊക്കെ എന്റെ കൂടെ സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു.കണ്ടു നിന്ന കണ്ണങ്കണ്ടി പരീത്ക്കയുടെ പാര്‍ട്ണര്‍ സലാംക്ക കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു 'ഇത് ഉപ്പയ്ക്കുള്ളതാട്ടോ,ഇത് ഓര്‍ക്ക് കൊടുക്കണംട്ടോ'..
ഞാനുള്‍പ്പെടെ ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു! ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ സ്‌നേഹവും ആദരവും അത് ബാപ്പയെ സ്‌നേഹിച്ച് കൊതി തീരാത്ത ജനതയുടേതാണ് എന്ന്. അവരുടെ ഹൃദയങ്ങളിലുള്ള ബാപ്പയുടെ സ്‌നേഹ സ്മരണകളാണ് അവര്‍ ഞങ്ങളോടും പ്രകടിപ്പിക്കുന്നതെന്ന്..
ബാപ്പയുടെ അഭാവം ഞങ്ങളനുഭവിക്കുന്ന പോലെ അദ്ദേഹത്തിന്റെ സ്‌നേഹ ജനങ്ങളും അനുഭവിക്കുന്നു. ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് വന്ന് വിതുമ്പി മടങ്ങുന്നവര്‍ നിരവധി പേരുണ്ട്. ആ വിതുമ്പല്‍ കാണുമ്പോള്‍ നിയന്ത്രിക്കാനാവാതെ ഞങ്ങളും പൊട്ടിപോവുന്നു..
ബാപ്പ മരിച്ച് കുറച്ച് മാസങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ നിന്നും ഇടക്കൊക്കെ വന്നുകൊണ്ടിരുന്ന ഭാര്യയും ഭര്‍ത്താവും വീട്ടില്‍ വന്നു. ഞാന്‍ പുറത്തിരിക്കുന്നുണ്ടായിരുന്നു.അവര്‍ വന്ന് എന്നെ അഭിവാദ്യം ചെയ്തിട്ട് അവിടെ വരാന്തയില്‍ നിന്നു. എന്നോട് ഒന്നും സംസാരിച്ചില്ല. കുറച്ച് കഴിഞ്ഞ് ഞാന്‍ വീട്ടിനുള്ളിലേക്ക് വന്നപ്പോള്‍ അവരും പിറകെ വന്നു. അപ്പോഴും അവര്‍ ആരെയോ തിരയുകയാണ്. വീണ്ടും ബാപ്പയുടെ റൂമിനടുത്തൊക്കെ പോയി തിരിച്ചു വന്നു എന്നോട് 'തങ്കള്‍ എവിടെയിറുക്കെ' എന്ന് ചോദിച്ചു 'ഞാന്‍ പറഞ്ഞു. തങ്ങളില്ല, തങ്ങള്‍ ഇറന്തു പോയി (മരണപ്പെട്ടു )എന്ന്.പെട്ടൊന്ന് അവരാകെ തകര്‍ന്നതു പോലെ, അവിടെയിരുന്ന് അവര്‍ പൊട്ടിക്കരഞ്ഞു.കരഞ്ഞുകൊണ്ട്, തീരാത്ത സങ്കട ഭാരത്താല്‍ അവരെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.ഇങ്ങനെ ബാപ്പയുടെ മരണശേഷവും പലരും വീട്ടില്‍ വരുന്നു.ബാപ്പയുടെ സാന്നിദ്ധ്യം ഓര്‍ത്തെടുക്കുന്നു. ആ ഓര്‍മ്മകളില്‍ കണ്ണീര്‍ തൂവുന്നു.മരിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതാവര്‍ത്തിക്കുന്നു.
ഇത് കാണുമ്പോള്‍,വ്യത്യസ്ത മനുഷ്യരുമായി എത്രമാത്രം ആഴത്തിലുള്ള ആത്മീയ ബന്ധമാണ് പ്രിയപിതാവ് പുലര്‍ത്തിയിരുന്നതെന്ന് പലപ്പോഴും ഓര്‍ത്ത് പോവാറുണ്ട്. ആളുകളുമായി കാര്യ കാരണങ്ങളില്‍ മാത്രം ഒതുക്കപ്പെട്ടിരുന്ന ഒരു ബന്ധമായിരുന്നില്ല അത്. അതിനപ്പുറത്തെ, ആത്മീയതലം ഓരോ ബന്ധങ്ങളിലും പിതാവും ജനങ്ങളുമായി നിലനിന്നിരുന്നതാണ് അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്‍മകള്‍ ഇന്നും അവര്‍ മനസ്സില്‍ താലോലിക്കാനുള്ള കാരണം. അതിരുകളും ഉപാധികളുമില്ലാത്ത സ്‌നേഹം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയാണ് അദ്ദേഹം കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായത്.ഈ പരിശുദ്ധ മാസത്തിലടക്കം അത്തരത്തിലുള്ള നിരുപാധികമായ സ്‌നേഹം പരസ്പരം പങ്കിടാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നത് ചിന്തിക്കണം. നിബന്ധനകളും കാപട്യങ്ങളുമില്ലാത്ത സമ്പൂര്‍ണ്ണമായ സ്‌നേഹത്തിന്റെ വാഗ്ദാക്കളായി ഓരോ മനുഷ്യനും മാറുമ്പോള്‍ മാത്രമാണ് സമാധാനപൂര്‍ണ്ണമായ ലോകം ഉണ്ടാവുന്നത്. സര്‍വ്വശക്തന്‍ അതിനായി നമ്മെ അനുഗ്രഹിക്കട്ടെ..
Content Highlights: panakkad munavarali shihab thangal's facebook post about his father panakkad mohammed ali shihab thangal