സമൂഹത്തില്‍ ജാതീയതയും വര്‍ഗീയതയും നിറയുമ്പോള്‍ തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജിലെ ആര്‍.എം.ഒ. ഡോ. എസ്. ഗോപകുമാറിന്റെ റംസാന്‍ നോമ്പ് അനുഷ്ഠാനത്തിന് പ്രത്യേകതയേറെയാണ്. തുടര്‍ച്ചയായ 17-ാം വര്‍ഷത്തിലും റംസാന്‍ നോമ്പ് എടുക്കുന്നതിലൂടെ സമൂഹത്തിന് ഐക്യത്തിന്റെ സന്ദേശം നല്‍കുകയാണ് ഡോ. ഗോപകുമാര്‍.
''എല്ലാ മതങ്ങളുടെയും അടിസ്ഥാനം സ്‌നേഹമാണ്. എല്ലാവരെയും സ്‌നേഹിക്കുക. സ്വയം നവീകരിക്കുക. ആത്മസംസ്‌കരണമാണ് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ കൈവരുന്നത്.''-
അദ്ദേഹം പറയുന്നു. അനന്തിരവന്‍ ജ്യോതിസ് മോഹനും ഇക്കുറി നോമ്പ് അനുഷ്ഠിക്കാന്‍ ഗോപകുമാറിനൊപ്പമുണ്ട്.
പരിയാരത്തെ കുട്ടികളോടൊപ്പം
അധ്യാപകനായി 2002-ല്‍ കണ്ണൂര്‍ പരിയാരം കോളേജില്‍ എത്തിയപ്പോഴാണ് നോമ്പ് നോല്‍ക്കാന്‍ തുടങ്ങുന്നത്. അവിടുത്തെ കുട്ടികള്‍ നോമ്പെടുക്കുന്നത് കണ്ട് അവരോടൊപ്പം ചേരുകയായിരുന്നു. 2008-ല്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിലേക്ക് അസിസ്റ്റന്റ് പ്രൊഫസറായി എത്തിയപ്പോഴും നോമ്പ് എടുക്കുന്നത് തുടര്‍ന്നു. പരിയാരത്ത് കുട്ടികള്‍ ആയിരുന്നു ഭക്ഷണവുമായി രാവിലെ എഴുന്നേല്‍പ്പിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ കോളേജുകളില്‍ ക്ലാസെടുക്കാന്‍ പോകാറുണ്ട്. ഈ സമയത്തും നോമ്പ് എടുക്കുന്നത് മുടക്കാറില്ല.
25 വര്‍ഷം ശബരിമല ദര്‍ശനം
തുടര്‍ച്ചയായി 25 വര്‍ഷം ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട് ഗോപകുമാര്‍. 1993 മുതല്‍ 2018 വരെ. ഇപ്രാവശ്യം മകള്‍ അമേയയോടൊപ്പം പോകാനിരുന്നതാണ്. പല കാരണങ്ങളാല്‍ നടന്നില്ല.
റംസാന്‍ നോമ്പ് അനുഷ്ഠിക്കുന്ന നാളുകളിലും ശബരിമലയില്‍ പോയിട്ടുണ്ട്. വെള്ളംപോലും കുടിക്കാതെ ദര്‍ശനം നടത്തിയിട്ടുണ്ട്. അതുപോലെ തിരുവോണസദ്യ നോമ്പ് തുറന്നശേഷം ഉണ്ടതും അദ്ദേഹം ഓര്‍മിച്ചെടുത്തു.
വീട്ടുകാരുടെ പൂര്‍ണ പിന്തുണ
ഭാര്യ വിനയയും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പൂര്‍ണ പിന്തുണ നല്‍കുന്നു. അനന്തിരവനും പങ്കജകസ്തൂരി ആയുര്‍വേദ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ജ്യോതിസ് മോഹനും ഇക്കുറി നോമ്പ് അനുഷ്ഠിക്കുന്നത് ഇരട്ടി സന്തോഷമുണ്ടാക്കുന്നു.
ആയുര്‍വേദവും ഉപവാസവും
ആയുര്‍വേദത്തില്‍ ഉപവാസം പ്രധാനപ്പെട്ട ചികിത്സാരീതിയാണ്. ഉപവാസത്തിലൂടെ സ്വയം നവീകരിക്കാനാകും. കുട്ടികള്‍ക്ക് അറിവും രോഗികള്‍ക്ക് ഔഷധവും പകരുമ്പോഴുണ്ടാകുന്ന സന്തോഷമാണ് എന്റെ മതം. ഗാന്ധിജിയുടെ ജീവിതവും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ക്യാമ്പുകളും ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
എഴുത്തും കരിയറും
തുടര്‍ച്ചയായ രണ്ടുവട്ടം കേരള സര്‍വകലാശാലയുടെ കലാപ്രതിഭ ആയിട്ടുണ്ട്. കവിതയും കഥയും ലേഖനവുമെഴുതാറുണ്ട്. 2014-ല്‍ മികച്ച ആയുര്‍വേദ അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ്, 2016-ല്‍ ആയുഷ് വകുപ്പിന്റെ ദേശീയ അവാര്‍ഡ്, 2017-ല്‍ കേന്ദ്ര ആയുര്‍വേദ കൗണ്‍സിലിന്റെ ആചാര്യ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. പട്ടം ആദര്‍ശ് നഗറിലെ ശ്രീഭവനില്‍ താമസിക്കുന്നു.
Content Highlights: dr gopakumar from trivandrum taking ramadan fasting