സണ്‍ഫ്ളവര്‍ ചിക്കന്‍ ബ്രെഡ്


തസ്‌നി അലി

2 min read
Read later
Print
Share

ചേരുവകള്‍ (മസാലയ്ക്ക്):

1. എല്ലില്ലാത്ത ചിക്കന്‍- 250 ഗ്രാം
2. സവാള ഒരെണ്ണം
ചെറുതായരിഞ്ഞത്
3. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
4. മുളകുപൊടി- അര ടീസ്പൂണ്‍
5. കുരുമുളകുപൊടി- അര ടീസ്പൂണ്‍
6. ഗരം മസാല കാല്‍- ടീസ്പൂണ്‍
7. ഇഞ്ചി, വെളുത്തുള്ളി- പേസ്റ്റ് ഒരു ടീസ്പൂണ്‍
8. പച്ചമുളക്- രണ്ടെണ്ണം
9. മല്ലിയില
10. എണ്ണ

മാവുണ്ടാക്കാന്‍:

1. മൈദ- ഒരു കപ്പ്
2. ഇന്‍സ്റ്റന്റ് യീസ്റ്റ്- ഒരു ടീസ്പൂണ്‍
3. പഞ്ചസാര- ഒരു ടേബിള്‍സ്പൂണ്‍
4. എണ്ണ- ഒരു ടീസ്പൂണ്‍
5. ഇളം ചൂടുള്ള വെള്ളം- അര കപ്പ്
6. ഉപ്പ്


ഉണ്ടാക്കുന്ന വിധം :

ചിക്കന്‍ അര ടീസ്പൂണ്‍ മുളകുപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. ചൂടാറിയതിനുശേഷം മിക്സിയിലിട്ട് ചതച്ചെടുക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ചെറുതായരിഞ്ഞ സവാളയിട്ട് വഴറ്റുക. ബ്രൗണ്‍ നിറമാവുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേര്‍ത്ത് വഴറ്റി ചതച്ചുവെച്ച ചിക്കനും ചേര്‍ത്തിളക്കുക.

അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്തിളക്കി തീ കുറച്ച് അടച്ചുവെച്ച് കുറച്ചുസമയം വേവിക്കുക. അവസാനമായി ചെറുതായരിഞ്ഞ കറിവേപ്പിലയും ചേര്‍ത്തിളക്കുക. മൈദ, ഇന്‍സ്റ്റന്റ് യീസ്റ്റ്, പഞ്ചസാര, എണ്ണ, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി ഒരു ഫോര്‍ക്ക് ഉപയോഗിച്ച് മിക്സ് ചെയ്യുക. അതിലേക്ക് വെള്ളം കുറെശ്ശെയായി ഒഴിച്ച് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.

വേറൊരു പാത്രത്തില്‍ അല്പം എണ്ണ തടവി മാവ് അതിലിട്ട് അടച്ച് പൊങ്ങാനായി വെക്കുക. ഇരട്ടിയായി പൊങ്ങി വരും. അതിനുശേഷം മൈദ വിതറി വീണ്ടും കുഴച്ചെടുത്ത്, മാവിനെ തുല്യ അളവില്‍ രണ്ടായി വിഭജിക്കുക. ആദ്യത്തെ ഉരുളയെടുത്ത് വട്ടത്തില്‍ പരത്തിയെടുക്കുക. അതിന്റെ നടുവിലായി അല്പം ഉണ്ടാക്കിവെച്ച മസാല വെക്കുക. ബാക്കിയുള്ള മസാലയെടുത്ത് അതിനുചുറ്റും വൃത്താകൃതിയില്‍ വെക്കുക.

മാവിന്റെ രണ്ടാമത്തെ ഉരുളയെടുത്ത് ആദ്യത്തേതിന്റെ അതേ വലുപ്പത്തില്‍ പരത്തുക. ഇതുപയോഗിച്ച് മസാലവെച്ചതിനെ മൂടുക. സൈഡുകള്‍ വിരലുകള്‍ കൊണ്ടമര്‍ത്തി ഒട്ടിക്കുക. ആവശ്യമില്ലാത്തവ സൈഡില്‍നിന്ന് മുറിച്ച് മാറ്റുക. നടുവിലെ മസാലവെച്ച ഭാഗത്ത് ഒരു ഗ്ലാസ് കമിഴ്ത്തിവെക്കുക. ഒരു കത്തി ഉപയോഗിച്ച് ഇതിന്റെ സൈഡുകള്‍ മുറിക്കുക (ഇതളുകള്‍ പോലെ). അതിനുശേഷം അവ ഓരോന്നും ഇളക്കിയെടുത്ത് മുറിച്ച ഭാഗം മുകളില്‍ വരുന്ന വിധത്തില്‍ തിരിച്ചു വെക്കുക (പൂവിന്റെ ഇതളുകള്‍ പോലെ തോന്നിക്കാന്‍ വേണ്ടിയാണിത്).

നനഞ്ഞ തുണികൊണ്ട് മൂടി വീണ്ടും 30 മിനിറ്റ് പൊങ്ങാനായി വെക്കുക. അതിനുശേഷം ബട്ടര്‍ തടവി 180 ഡിഗ്രി പ്രീഹീറ്റ് ചെയ്ത ഓവനില്‍ 25 മിനിറ്റ് ബെയ്ക് ചെയ്തെടുക്കാം. കുക്കറില്‍ ഉണ്ടാക്കാന്‍ വേണ്ടി, കുക്കറില്‍ ഇറക്കി വെക്കാന്‍ പാകത്തില്‍ വലുപ്പമുള്ള പരന്ന പാത്രത്തില്‍ ബ്രെഡ് തയ്യാറാക്കിയെടുക്കുക. ആദ്യം കുക്കര്‍ ഒന്ന് ചൂടാക്കി ഒരു ചെറിയ പാത്രം കുക്കറില്‍ ഇറക്കിവെച്ച് അതിന്റെ മുകളിലായി ബ്രെഡ് ഉണ്ടാക്കിയ ട്രേ വെച്ച്, തീ കുറച്ചുവെച്ച് വെയിറ്റിടാതെ 15 മിനിറ്റ് വേവിക്കുക.

Content Highlights: Ramadan Cooking,Ramadan Special Food, Sunflower Chicken Bread

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram