ഇറച്ചി മുട്ട കബാബ്
• മുട്ട-അഞ്ചെണ്ണം • ബീഫ്-250ഗ്രാം • സവാള-200ഗ്രാം
• മുളക്പൊടി-ഒന്നരടീസ്പൂണ്‍ • മല്ലിപ്പൊടി-രണ്ട് ടീസ്പൂണ്‍
• ഗരംമസാല-ഒരുടീസ്പൂണ്‍ • മഞ്ഞള്‍പൊടി-അരടീസ്പൂണ്‍
• കടലപ്പരിപ്പ്-ഒരുകപ്പ് • പച്ചമുളക്-നാലെണ്ണം • വെളുത്തുള്ളി-അഞ്ച് അല്ലി
• ഇഞ്ചി -വലിയ കഷ്ണം • മല്ലിയില-കാല്‍കപ്പ് • കറിവേപ്പില-രണ്ടുതണ്ട്
• ബ്രഡ്പൊടി-രണ്ട് കപ്പ് • ബ്രഡ്-രണ്ടെണ്ണം • മുട്ടയുടെ വെള്ള-രണ്ട്
• ഉപ്പ്-ആവശ്യത്തിന് • എണ്ണ-ആവശ്യത്തിന് • നെയ്യ്-ഒരുടീസ്പൂണ്‍ • കുരുമുളക്-ഒരുടീസ്പൂണ്‍
ഇറച്ചി മുളക്പൊടി, മഞ്ഞള്‍പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. കടലപ്പരിപ്പ്, ഉപ്പും അല്‍പ്പം മഞ്ഞള്‍പൊടിയും ചേര്‍ത്ത് കട്ടിയില്‍ അരച്ചെടുക്കുക.
ഒരു പാനില്‍ നെയ്യ് ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് വേവിച്ച ഇറച്ചി, കടലപ്പരിപ്പ് (വേവിച്ചത്), കുറച്ച് മഞ്ഞള്‍പ്പൊടി, ഗരംമസാല, മുട്ടയുടെ വെള്ള, ബ്രഡ് വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞത്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് കുഴയ്ക്കുക. മുട്ട പുഴുങ്ങി (നാല്) ഒരു മുട്ടയെ നാലായി മുറിക്കുക.
കൈയില്‍ കുറച്ച് എണ്ണ പുരട്ടി ഇറച്ചിക്കൂട്ടില്‍നിന്ന് ഒരു ഉരുട്ട് ഉണ്ടാക്കി കൈ വെള്ളയില്‍ വെച്ച് പരത്തി നടുവില്‍ ഒരുമുട്ടക്കഷ്ണം വെച്ച് കബാബിന്റെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. രണ്ട്മുട്ട പൊട്ടിച്ച് അതില്‍ കുരുമുളക്പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. കബാബിട്ട കൂട്ടില്‍ മുക്കി ബ്രഡ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തുകോരുക.
Content Highlights: ramadan 2019 meat egg kabab,ramadan special foods,ramadan cooking,ramadan snacks