ഖുര്‍ആന്‍ അച്ചടിയില്‍ തിരൂരങ്ങാടിപ്പെരുമ


1 min read
Read later
Print
Share

1957-ല്‍ ലക്ഷദ്വീപിലെ മഹല്‍ഭാഷയില്‍ ഖുര്‍ആന്‍ പരിഭാഷ ആദ്യമായി അച്ചടിച്ചതും തിരൂരങ്ങാടിയിലാണ്.

തിരൂരങ്ങാടി: ഖുര്‍ആന്‍ അച്ചടിയില്‍ ഏറെ പെരുമയുള്ള നാടാണ് തിരൂരങ്ങാടി. 1883-ല്‍ ചാലിലകത്ത് അഹമ്മദ് സാഹിബ് സ്ഥാപിച്ച ആമിറുല്‍ ഇസ്ലാം ഫീമ്ദിനുല്‍ ഉലൂം എന്ന അച്ചടിശാലയാണ് ഈ പെരുമയുണ്ടാക്കിയത്.
ലിതോ ഹാന്‍ഡ്പ്രസ്സായിരുന്നു അന്നുണ്ടായിരുന്നത്.

വിശുദ്ധ ഖുര്‍ആന്‍ അടക്കമുള്ള പല ഇസ്ലാമിക മതഗ്രന്ഥങ്ങളും അച്ചടിച്ചിരുന്നത് ഇവിടെനിന്നായിരുന്നു.ഫത്തുഹുല്‍ മുഈന്‍, ഇര്‍ഷാദ്, മുര്‍ശിദ്, അല്‍ഫിയ, ജലാലൈനി തുടങ്ങിയ അറബിഗ്രന്ഥങ്ങള്‍ അച്ചടിച്ചിരുന്നതും ഇവിടെനിന്നാണ്. കേരളത്തിലെ ദര്‍സുകളിലെ പഠനത്തിനായുള്ള ഗ്രന്ഥങ്ങള്‍, മാസികകള്‍, ഇസ്ലാമിക കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍, ഹദീസ് ഗ്രന്ഥങ്ങള്‍, മാലമൗലീദുകള്‍, ഏടുകള്‍, ഖിസ്സപ്പാട്ടുകള്‍ തുടങ്ങി ഇസ്ലാംമത വിശ്വാസികള്‍ ഉപയോഗിക്കുന്ന ഗ്രന്ഥങ്ങള്‍ ഇന്നും അച്ചടിക്കുന്നത് തിരൂരങ്ങാടിയില്‍നിന്നാണ്.

സ്ഥാപകനായ ചാലിലകത്ത് അഹമ്മദ് സാഹിബിന്റെ മരണത്തിനുശേഷം മകന്‍ ചാലിലകത്ത് ഇബ്രാഹിം കുട്ടിയാണ് അന്‍പതുവര്‍ഷം പ്രസ്സ് നടത്തിയിരുന്നത്. തിരൂരങ്ങാടിയില്‍ വൈദ്യുതിയെത്തിയപ്പോള്‍ അന്ന് പ്രസ്സ് നടത്തിയിരുന്ന സി.എച്ച്. മുഹമ്മദ് മാസ്റ്റര്‍ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന പ്രസ്സിന് പകരം ലിതോ പവര്‍പ്രസ്സ് സ്ഥാപിച്ചു.പില്‍ക്കാലങ്ങളില്‍ ആധുനികരീതിയിലുള്ള സംവിധാനങ്ങളെല്ലാം പ്രസ്സില്‍ സ്ഥാപിച്ചു.

1957-ല്‍ ലക്ഷദ്വീപിലെ മഹല്‍ഭാഷയില്‍ ഖുര്‍ആന്‍ പരിഭാഷ ആദ്യമായി അച്ചടിച്ചതും തിരൂരങ്ങാടിയിലാണ്. കേരളത്തിനുപുറമെ കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ലക്ഷദ്വീപ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരൂരങ്ങാടിയില്‍നിന്ന് നൂറുകണക്കിന് ഖുര്‍ആന്‍ പ്രതികള്‍ അച്ചടിച്ചയയ്ക്കുന്നുണ്ട്.

മലബാര്‍ ലിപിയായിരുന്നു ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നതെങ്കിലും ഉസ്മാനിയ്യ ലിപിയാണ് ഇപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. പോക്കറ്റ്‌സൈസ് വലിപ്പത്തിലുള്ള ഖുര്‍ആന്‍ മുതല്‍ പതിനാറോളം വ്യത്യസ്ത തരത്തിലുള്ള ഖുര്‍ആന്‍ ഇവിടെ അച്ചടിക്കുന്നുണ്ട്.സി.എച്ച്. ഇബ്രാഹിം ഹാജിയുടെ മരണശേഷം മക്കളായ സി.എച്ച്. മഹ്മൂദ്ഹാജി, സി.എച്ച്. അയ്യൂബ്, സി.എച്ച്. ഷംസു എന്നിവരാണ് സി.എച്ച്. മുഹമ്മദ് ആന്‍ഡ് സണ്‍സ് എന്ന ഈ സ്ഥാപനം ഇപ്പോള്‍ നടത്തുന്നത്.

Content Highlights: Ramadan 2019, Quran press Thirurangadi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram