ഇക്കുറി സെറ്റുകളിലല്ല, ഓണം വീട്ടില്‍ ആഘോഷിച്ച് അപര്‍ണയും അനുമോളും


2 min read
Read later
Print
Share

നടൻ സൂര്യയുടെ കൂടെ അഭിനയിച്ച തമിഴ് സിനിമ 'സൂരറൈ പോട്ര്' റിലീസിന്റെ കാത്തിരിപ്പിനിടെയാണ് അപർണ ബാലമുരളിയുടെ ഇത്തവണത്തെ ഓണം.

-

പാലക്കാട്: കർക്കടകംപോയി പൊന്നിൻചിങ്ങം വന്നതിന്റെ സന്തോഷം. ഓണവെയിൽ, ഓണനിലാവ്, ഓണക്കാറ്റ്. നോക്കുന്നിടത്തൊക്കെ ഓണത്തിന്റെ സമൃദ്ധി... പക്ഷേ, മനസ്സിന്റെ കളിയൂഞ്ഞാലിൽ നിറമുള്ള ചിത്രങ്ങളുമായി എല്ലാവരും വീട്ടിലിരുന്ന് ഓണം ആഘോഷിക്കുന്ന കോവിഡ്കാലമാണിത്.

ലൊക്കേഷനുകളിൽനിന്ന് ലൊക്കേഷനുകളിലേക്ക് ഓടിനടക്കുന്ന സിനിമാ പ്രവർത്തകർക്ക് ഓണവും മിക്കപ്പോഴും സിനിമാസെറ്റുകളിലാകും. ഇത്തവണ കോവിഡ്ഭീഷണി ഉയർത്തിയപ്പോൾ സിനിമയുടെ ആർക്ലൈറ്റിന്റെ വെളിച്ചത്തിൽനിന്ന് മാറിനിന്ന് അഭിനേതാക്കളും വീട്ടിലിരുന്ന് ഓണം ആഘോഷിക്കുന്നു.

നെല്ലറയായ പാലക്കാടിനെ ഹൃദയത്തോടുചേർത്ത് വെക്കുന്ന രണ്ട് സിനിമാതാരങ്ങൾ. ഒരാൾ പാലക്കാട്ടുകാരിയായ അനുമോൾ, മറ്റൊരാൾ പാതി പാലക്കാട്ടുകാരിയായ അപർണ. അപർണയുടെ അച്ഛൻ ബാലമുരളിയുടെ വീട് കൊടുവായൂരാണ്. അമ്മ ശോഭ തൃശ്ശൂർ സ്വദേശി. അപർണ പാലക്കാട് പത്തിരിപ്പാല ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചർ കോളേജിലെ ആർക്കിടെക്ചർ കോഴ്സ് അവസാനവർഷ വിദ്യാർഥിയുമാണ്. ഇരുവരും ഓണക്കാല ഓർമകളും ഓണവിശേഷങ്ങളും പങ്കുവെക്കുന്നു.

ഒത്തുചേരലിന്റെ സുഖം

നടൻ സൂര്യയുടെ കൂടെ അഭിനയിച്ച തമിഴ് സിനിമ 'സൂരറൈ പോട്ര്' റിലീസിന്റെ കാത്തിരിപ്പിനിടെയാണ് അപർണ ബാലമുരളിയുടെ ഇത്തവണത്തെ ഓണം. സിനിമയിലെത്തിയതിനുശേഷം രണ്ടുതവണ സിനിമാസെറ്റിലാണ് അപർണ ഓണമാഘോഷിച്ചത്. ആദ്യമായി നായികയായ 'മഹേഷിന്റെ പ്രതികാര'ത്തിന്റെ ലൊക്കേഷനിൽ സിനിമാസെറ്റിലെ ഓണമാഘോഷിച്ചു.

തുടർന്ന്, 'കാമുകി' എന്ന സിനിമ ചെയ്യുമ്പോഴും സെറ്റിലായിരുന്നു ഓണം.

''രണ്ട് സെറ്റുകളിൽനിന്നും എല്ലാവരുംചേർന്ന് സദ്യകഴിച്ചു. ഇത്തവണ തൃശ്ശൂരിലെ തറവാട്ടുവീട്ടിൽ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയാണ് ഓണം''.

''തൃശ്ശൂർ പൂങ്കുന്നംഭാഗത്തെ ഫ്ലാറ്റിലാണ് താമസം. അവിടെ പൂക്കളമിടാറില്ല. പാട്ടുരായ്ക്കലിലെ തറവാട്ടിലാണ് പൂക്കളമിടുക. വീട്ടിലുള്ള പൂവുകൾമാത്രമാണ് ഉപയോഗിക്കുക''

സിനിമയിൽ വന്നതിനുശേഷം ഓണാഘോഷത്തിലൊന്നും അപർണ മാറ്റം വരുത്തിയിട്ടില്ല. ചാനലുകളിൽ അഭിമുഖങ്ങളൊക്കെയുണ്ടാകും. കൂട്ടുകാരെയൊക്കെ വിളിച്ച് ആശംസകൾ അറിയിക്കും.

ഓണനാളിൽ പാചകക്കളരി

വീട്ടിലെ കൃഷിയിടത്തിൽനിന്ന് പറിച്ചെടുത്ത കുമ്പളങ്ങ അയൽവാസിക്ക് കൊടുക്കാൻ പോയതായിരുന്നു അനുമോൾ. പട്ടാന്പിയിലെ നടുവട്ടത്തെ വീട്ടിലെത്തിയാൽ തനി നാട്ടിൻപുറത്തുകാരിതന്നെ. ''ഞാൻ സിനിമക്കാരിയാണെന്ന് എനിക്ക് തോന്നാറില്ല, നാട്ടുകാർക്കും ആ തോന്നലില്ല. അവരുടെ മനോഹരേട്ടന്റെയും കലയുടെയും മോളല്ലേ'' -അനുമോൾ പുഞ്ചിരിച്ചു. തൊടിയിലെ പച്ചക്കറികൾ, സ്വന്തംപാടത്ത് വിളഞ്ഞ അരി എന്നിവ ഉപയോഗിച്ചുള്ള സദ്യ, വീട്ടിലുള്ള പൂക്കൾമാത്രമിട്ടുള്ള പൂക്കളം അങ്ങനെ തികച്ചും വീട്ടിലിരുന്ന ഓണമാണ് അനുമോൾക്ക്.

''വിശേഷദിവസങ്ങളിലെല്ലാം വീട്ടിലുണ്ടാകും. ഓണത്തിന് വലിയ യാത്രകളും നടത്താറില്ല. കോവിഡ് കാലത്തെ ഓണത്തിനും വലിയ മാറ്റമില്ല. അവിട്ടത്തിന് ചെറുകരയിലെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നതുമാത്രം ഇത്തവണ നടക്കില്ല.''

''ഓണസദ്യ അമ്മയാണ് ഉണ്ടാക്കുക. വീട്ടിലിരിക്കുന്നതിനാൽ ഇത്തവണ സദ്യയ്ക്ക് അമ്മയെ സഹായിക്കേണ്ടിവരും. കാളനും അവിയലുമാണ് ഇഷ്ടവിഭവങ്ങൾ. അവിയൽ ഞാൻ ഉണ്ടാക്കും. അത്യാവശ്യം പച്ചക്കറികളൊക്കെ വീട്ടിൽത്തന്നെയുണ്ട്. നടുവട്ടം തിരുവേഗപ്പുറയിൽ ചെറിയൊരു മാൾ വന്നിട്ടുണ്ട്. അവിടത്തെ സൂപ്പർമാർക്കറ്റിൽ വിളിച്ചുപറഞ്ഞാൽ ബാക്കി സാധനങ്ങൾ കൊണ്ടുവന്ന് തരും.''

തിരുവോണദിനത്തിൽ രാവിലെ എഴുന്നേറ്റ് പൂവിട്ടതിനുശേഷം കുളിച്ചുവന്ന് ഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് സദ്യ. എല്ലാവരും ആഗ്രഹിക്കുന്നതുപോലുള്ള ചെറുപ്പകാലമായിരുന്നു എനിക്ക്. കുട്ടികൾക്കൊപ്പം എല്ലാദിവസവും വൈകീട്ട് പാടത്തുപോയി തുമ്പ പറിക്കും. നെല്ലൊക്കെ ചവിട്ടിമെതിച്ച് പോകുമ്പോൾ പാടത്തിന്റെ ഉടമകൾവന്ന് ഞങ്ങളെ ഓടിക്കും.

അച്ഛനും അമ്മയും പൂവിടുന്നത് നോക്കിയിരിക്കും. ഞാൻ നാലാംക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. അതുവരെ വീട്ടിൽ പണിക്കാരും എല്ലാവരും ചേർന്നുള്ള ഓണമായിരുന്നു - അനു ഓർമിച്ചു.

ഇപ്പോൾ നഷ്ടമാകുന്നത് ഓണപ്പരിപാടികളാണ്. നാട്ടിലെത്തിയാൽ പൊതുവേ ഓണപ്പരിപാടികളുടെയൊക്കെ ഉത്സാഹക്കമ്മിറ്റിയാണ്.

Content Highlights :aparna balamurali and anumol malayalam actress onam 2020 celebration

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram