ഓണപ്പൂക്കളേയും ഓണസദ്യയേയും ഓണപ്പാട്ടിനേയും ഓര്‍ത്ത് അച്ഛന്റെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങിനടന്നിരുന്ന ഗുജറാത്തിലെ കുട്ടിക്കാലം... കൊച്ചിക്കായലിനെ തഴുകിയെത്തുന്ന കാറ്റില്‍ പാറിപ്പറക്കുന്ന മുടിയിഴകളില്‍ തലോടി ഉണ്ണി മുകുന്ദന്‍ ചിരിക്കുമ്പോള്‍, കൈക്കുടന്ന നിറയെ ഓര്‍മപ്പൂക്കളുമായി ഒരാള്‍ അരികിലേക്ക് നടന്നുവരുന്നുണ്ടായിരുന്നു... സര്‍പ്പക്കാവും പാലമരവും കുളവും ആനയും ഒക്കെയുള്ള ഒരു പഴയ നായര്‍ത്തറവാടിന്റെ പൂമുഖത്തുനിന്ന് ഇറങ്ങിവന്ന ഓര്‍മകളുടെ പുഞ്ചിരിയില്‍ ഒരാള്‍... സൗമിനി.
'മല്ലു സിങ്ങി'ന്റെ ഗുജറാത്തിലെ പിരിവോണം... മാവിന്‍കൊമ്പത്ത് കെട്ടിയ ആകാശംമുട്ടുന്ന ഊഞ്ഞാല്‍...
ഓണക്കാലത്തെ വിശേഷങ്ങള്‍ ഓരോന്നും ഓര്‍ത്തെടുത്ത് കൊച്ചി മേയര്‍ സൗമിനി ജെയിനും നടന്‍ ഉണ്ണി മുകുന്ദനും ബോള്‍ഗാട്ടി പാലസിലെ പുല്‍ത്തകിടിയിലൂടെ നടക്കുമ്പോള്‍, മഴ പെയ്തൊഴിഞ്ഞ മാനത്ത് സൂര്യന്‍ തലനീട്ടി നോക്കിത്തുടങ്ങിയിരുന്നു.
മുക്കുറ്റിയും കൊതുകുകടിയും
മുണ്ടും ജുബ്ബയും ധരിച്ച്, കേരളീയ പുരുഷ സൗന്ദര്യമായി ഉണ്ണി... കേരള കസവുസാരിയുടെ മനോഹാരിതയില്‍ ശാലീനയായി സൗമിനി... ബോള്‍ഗാട്ടി പാലസിലെ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍, പൂക്കളുടെ വസന്തകാലത്തെക്കുറിച്ചുതന്നെയാണ് സൗമിനി സംസാരിച്ചു തുടങ്ങിയത്.
''പൂക്കളുടെ നിറഞ്ഞ മനോഹാരിത തന്നെയാണ്, ഓണം എന്നോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്ന ഫ്രെയിം. സര്‍പ്പക്കാവും പാലമരവും കുളവും ആനയുമൊക്കെയുള്ള ഒരു പഴയ നായര്‍ത്തറവാട്ടിലാണ് ഞാന്‍ ജനിച്ചത്... വീടിന്റെ മുറ്റത്ത് ഒരാനയെ എപ്പോഴും കെട്ടിയിട്ടിട്ടുണ്ടാകും. ആനയുടെ കാലുകള്‍ക്കിടയില്‍ കിടന്നുറങ്ങിയിരുന്ന ആനക്കാരന്റെ ധൈര്യത്തെ അത്ഭുതത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. കുട്ടിക്കാലത്തെ ഓണം എന്തു രസമായിരുന്നെന്നോ... മിക്ക വര്‍ഷങ്ങളിലും ഓണപ്പരീക്ഷ കഴിയുംമുമ്പേ അത്തം തുടങ്ങിക്കാണും. എങ്കിലും പരീക്ഷാത്തിരക്കുകള്‍ക്കിടയില്‍ അതിരാവിലെ അല്‍പ്പസമയം പൂപറിക്കാനും പൂക്കളമൊരുക്കാനുമായി മാറ്റിവയ്ക്കുമായിരുന്നു. ഒരുപാടുനേരം ക്ഷമയോടെ ശ്രമിച്ചാലാണ്, ഒരു വാഴയില നിറയെ പൂക്കള്‍ കിട്ടിയിരുന്നത്. 'മുക്കുറ്റിപ്പൂവ്' പറിക്കലായിരുന്നു അന്നത്തെ ഏറ്റവും ശ്രമകരമായ ജോലി. ഇതളുകള്‍ ഉടയാതെ മുക്കുറ്റിപ്പൂവ് പറിക്കാന്‍ ഒരുപാടുസമയം വേണ്ടിവരും. അതുകൊണ്ടുതന്നെ, ഏറെനേരം കൊതുകുകടി കൊണ്ടാലേ മുക്കുറ്റി പറിക്കാന്‍ കഴിയാറുള്ളു. പൂക്കള്‍ പറിച്ചുകൊണ്ടുവരുമ്പോഴേക്കും ചാണകംകൊണ്ട് കളമെഴുതി അമ്മ പൂക്കളത്തിന് വട്ടമിട്ടിട്ടുണ്ടാകും...''
-സൗമിനി ഓണ ഓര്‍മകളില്‍ വാചാലയാകുമ്പോള്‍ പുഞ്ചിരിയോടെ കേട്ടിരിക്കുകയായിരുന്നു ഉണ്ണി.
ഗുജറാത്തിലെ ഇറക്കുമതി
'മല്ലു സിങ്' -ഉണ്ണി മുകുന്ദന്‍ എന്ന് പറയുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ആദ്യം തെളിയുന്ന ഫ്രെയിം. സൗമിനിയുടെ മുന്നില്‍ ഓണവിശേഷമായി ഉണ്ണി ആദ്യം വിളമ്പിയതും മല്ലു സിങ്ങിന്റെ ഓര്‍മകളായിരുന്നു.
''സിനിമയിലേതുപോലെ, സത്യത്തില്‍ കുറേനാള്‍ ഞാനൊരു മല്ലു സിങ് തന്നെയായിരുന്നു. അച്ഛനും അമ്മക്കും ജോലി ഗുജറാത്തിലായതിനാല്‍, എന്റെ കുട്ടിക്കാലവും കൗമാരവും ഒക്കെ അവിടെയായിരുന്നു. ഓണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലേക്കെത്തുന്നത് ഗുജറാത്തിലെ 'പിരിവ്' ആണ്. ഓണക്കാലമാകുമ്പോള്‍ അവിടത്തെ മലയാളികളെല്ലാം ചേര്‍ന്ന് ഓണമാഘോഷിക്കും. അതിനുള്ള പിരിവ് നടത്തുന്ന സംഘത്തില്‍ ചേരുകയായിരുന്നു എന്റെ പ്രധാന ഹോബി. ഓണക്കാലമാകുമ്പോള്‍ മുഖത്തൊരു ചിരിയും ഫിറ്റ്‌ചെയ്ത് പിരിവിനെത്തുന്ന ഞങ്ങളെ കാണുമ്പോള്‍ അവരുടെ ഒരു ചോദ്യമുണ്ട്: 'മാവേലിയെപ്പോലെ വര്‍ഷത്തിലൊരിക്കല്‍ പിരിവിന് മാത്രമാണ് വരവ് അല്ലേ...?' ആ ചോദ്യം കേള്‍ക്കുമ്പോള്‍ ചമ്മിയൊരു ചിരിയുമായി ഞങ്ങളുടെയൊരു നില്‍പ്പുണ്ട്. അതുപോലെ, കേരളത്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിഭവങ്ങളുമായാണ് ഗുജറാത്തില്‍ ഞങ്ങളുടെ ഓണാഘോഷം. എന്തൊക്കെ ഇറക്കുമതി ചെയ്താലും നാട്ടിലെ ഓണംപോലെയാകില്ലല്ലോയെന്ന സങ്കടം പറഞ്ഞായിരുന്നു അച്ഛനും കൂട്ടുകാരുമൊക്കെ ഗുജറാത്തില്‍ ഓണം ആഘോഷിച്ചിരുന്നത്...''
-ഉണ്ണി ഗുജറാത്തിലെ ഓണക്കാലം വരച്ചിട്ടു.
പുളിേശ്ശരിയും പാലടയും
ഗുജറാത്തിലെ ഓണത്തില്‍ നിന്ന് രുചിയുടെ ലോകത്തേക്കാണ് സൗമിനി ഉണ്ണിയെ കൂട്ടിക്കൊണ്ടു പോയത്.
'ഉണ്ണിക്ക് സദ്യയില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങള്‍ എന്തൊക്കെയാണ്...?'
മേയറുടെ ചോദ്യത്തിന് വിശദമായിട്ടായിരുന്നു ഉണ്ണിയുടെ ഉത്തരമെത്തിയത്: ''കുട്ടിക്കാലത്ത് ഗുജറാത്തിലെ ഓണാഘോഷത്തില്‍ സദ്യ വിളമ്പുന്നത് എനിക്കൊത്തിരി ഇഷ്ടമായിരുന്നു. നെയ്യും പരിപ്പും വിളമ്പലായിരുന്നു ഫേവറിറ്റ് പരിപാടി. നെയ്യിന് വില അല്‍പ്പം കൂടുതലായതുകൊണ്ട് സൂക്ഷിച്ച് വിളമ്പണമെന്ന് അച്ഛനും മറ്റും എന്നോട് പറയും. ഞാനാകട്ടെ അങ്ങേയറ്റം പിശുക്കിയാകും നെയ്യ് വിളമ്പുന്നത്. മുഖം നോക്കാതെ നെയ്യ് വിളമ്പി ഒരു ഇലയില്‍നിന്ന് അടുത്ത ഇലയിലേക്ക് സൂപ്പര്‍ ഫാസ്റ്റ് പോലെയായിരുന്നു എന്റെ പോക്ക്. സദ്യയില്‍ എനിക്ക് ഏറെയിഷ്ടം പുളിശ്ശേരിയാണ്. കാളനും തോരനും ഒരുപാടിഷ്ടമാണ്. സാമ്പാര്‍ ഇഷ്ടമാണെങ്കിലും അതില്‍ കാരറ്റ് ചേര്‍ത്താല്‍ പിന്നെ ഞാനത് കഴിക്കാറില്ല. പായസത്തില്‍ 'പാലട' തന്നെ നമ്പര്‍ വണ്‍...''
-ഉണ്ണി സദ്യവിശേഷങ്ങള്‍ പറഞ്ഞുതീരുമ്പോള്‍ സൗമിനി തന്റെ ഇഷ്ടത്തിന്റെ ഇലയില്‍ വിഭവങ്ങള്‍ വിളമ്പിത്തുടങ്ങിയിരുന്നു. ''സദ്യയ്ക്കുള്ള ഇലയില്‍ വന്‍പയറും ഇളവനും ചേര്‍ത്ത ഓലനും പൈനാപ്പിള്‍ പച്ചടിയും ഒക്കെ ഇരിക്കുന്നത് കാണുമ്പോള്‍ ത്തന്നെ മനസ്സ് സന്തോഷംകൊണ്ട് നിറയും. പായസത്തില്‍ എനിക്ക് ഏറെയിഷ്ടം 'ചക്ക പ്രഥമന്‍' ആണ്. സദ്യയുടെ തലേന്നുതന്നെ ചക്ക വരട്ടിവെച്ചാലേ പായസം നന്നാകൂ...''
-സൗമിനി സദ്യയുടെ ഇഷ്ടങ്ങളെക്കുറിച്ച് വാചാലയാകുമ്പോള്‍ ഉണ്ണി ഇടയ്ക്കുകയറി: 'മേയര്‍ക്ക് ഈ കറികളൊക്കെ ഉണ്ടാക്കാന്‍ അറിയാമോ...?'
ചോദ്യത്തിന് ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു സൗമിനിയുടെ മറുപടി: ''മേയര്‍ എന്നതിനേക്കാള്‍ നല്ലൊരു പാചകക്കാരി കൂടിയാണ് ഞാന്‍. ഇപ്പോഴും ഒരു പത്തമ്പതുപേര്‍ക്കുള്ള സദ്യയൊക്കെ തനിച്ചുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്. ഉണ്ണി ഒരുദിവസം വീട്ടിലേക്ക് പോരൂ... അപ്പോഴറിയാം എന്റെ പാചകത്തിന്റെ മിടുക്ക്...''
-സൗമിനി പറഞ്ഞതുകേട്ട് ഉണ്ണി ചിരിച്ചു.
തേങ്ങ ചിരണ്ടല്‍ ഒണ്‍ലി
സദ്യയുടെ വിശേഷങ്ങള്‍ പറയുമ്പോള്‍ മേയര്‍ വീണ്ടും കുട്ടിക്കാലത്തേക്ക് സഞ്ചരിച്ചു.
''ഓണസദ്യയുണ്ടാക്കാന്‍ അമ്മയെ സഹായിക്കാന്‍ അച്ഛനും ഞങ്ങള്‍ മക്കളും ഒപ്പം കൂടും. എന്നാല്‍, 'തേങ്ങ ചിരണ്ടല്‍' മാത്രമായിരുന്നു എന്റെ ജോലി. ചേട്ടന്‍ ബാലചന്ദ്രനും ചേച്ചിമാരായ മൃണാളിനിക്കും മാലിനിക്കും കുറേക്കൂടി വലിയ ജോലികള്‍ കൊടുക്കുമ്പോള്‍, ഇളയവളായ എന്നെ അതിലൊന്നിലും കൂട്ടില്ല. ഞാന്‍ പച്ചക്കറി അരിഞ്ഞാല്‍ കഷ്ണത്തിന്റെ അളവ് ശരിയാകില്ലെന്നായിരുന്നു അമ്മയുടെ പേടി. തേങ്ങ ചിരണ്ടലിന് അളവ് പ്രശ്‌നമല്ലാത്തതുകൊണ്ട് ആ ജോലി എനിക്കുതരും. ഓണസദ്യ കഴിഞ്ഞാല്‍ കളികളാണ് പ്രധാനം. 'കക്ക കളി'യാണ് ഞങ്ങള്‍ കുട്ടികളുടെ പ്രധാന പരിപാടി. വൈകുന്നേരം മാവിന്‍കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആകാശംമുട്ടുന്നതുപോലെ ആടിയ ആ നിമിഷങ്ങളും മറക്കാനാകില്ല. വര്‍ഷത്തിലൊരിക്കല്‍ അവധിക്ക് നാട്ടിലെത്തുന്ന അമ്മാവനാണ് ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തന്നിരുന്നത്. വൈകുന്നേരം 'പുലികളി'യും എത്തുന്നതോടെ നാട്ടിലെ ഓണാഘോഷം അതിന്റെ പാരമ്യത്തിലെത്തും...''
-സൗമിനി പറഞ്ഞത് കേട്ടിരിക്കുമ്പോള്‍ ഉണ്ണിയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി.
താടിയും വൃന്ദാവനവും
ഓണവിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയില്‍ ഉണ്ണിക്കു മുന്നിലേക്ക് മേയര്‍ അപ്രതീക്ഷിതമായി ഒരു ചോദ്യം കുടഞ്ഞിട്ടു: 'ഉണ്ണിക്ക് താടി വളര്‍ത്തുന്നത് വല്യ ഇഷ്ടാണോ...?' ഓണത്തിനും താടിവളര്‍ത്തിയാണോ നടക്കാറുള്ളത്...?'
-ഒരു തമാശ പൊട്ടിച്ചാണ് ഉണ്ണി അതിന് മറുപടി പറഞ്ഞത്: ''എന്റെ നുണക്കുഴി കാണാതിരിക്കാനുള്ള അടവാണ് ഈ താടിവളര്‍ത്തല്‍. പിന്നെ, എപ്പോഴും ക്ലീന്‍ഷേവ് ചെയ്ത് നടക്കണമെന്ന സങ്കല്‍പ്പമൊന്നും എനിക്കില്ല. എന്റെ അച്ഛനും അമ്മയുമൊന്നും ഇക്കാര്യത്തില്‍ ഒരു നിഷ്‌കര്‍ഷയും മുന്നോട്ടു വെച്ചിട്ടുമില്ല. ഓണത്തിനായാലും താടിവടിക്കണമെന്ന നിര്‍ബന്ധമൊന്നും അവര്‍ പറഞ്ഞിട്ടുമില്ല. ഇത്തവണ ഒറ്റപ്പാലത്തെ എന്റെ പുതിയ വീടായ 'വൃന്ദാവന'ത്തിലാണ് ഞങ്ങളുടെ ഓണാഘോഷം. അച്ഛനും അമ്മയും ചേച്ചിയുടെ മകളുമൊക്കെ ഓണത്തെ കാത്തിരിക്കുകയാണ്. ഓണാവധിക്ക് മൂകാംബികയില്‍ പോകണമെന്നും ആഗ്രഹമുണ്ട്. ഓണസദ്യയ്ക്കായി ഞാന്‍ ഇപ്പോഴേ എന്റെ ഡയറ്റ് ഭക്ഷണമൊക്കെ ഉപേക്ഷിച്ചിരിക്കുകയാണ്...''
ഉണ്ണിയുടെ ഓണ മുന്നൊരുക്കങ്ങള്‍ കേട്ട് സൗമിനി നിറഞ്ഞ ചിരിയോടെ പറഞ്ഞു: 'ഉണ്ണിക്ക്, കണ്ണനെപ്പോലെ വൃന്ദാവനത്തില്‍ ഗംഭീരമായ ഒരു ഓണമുണ്ടാകട്ടെ...'
Content Highlights : Unni Mukundan Mayor Soumini Onam Nostalgia Onam 2019