പൃഥ്വിക്കുവേണ്ടി നട്ട പർപ്പടകപ്പുല്ലുകൾ വളർന്നുകൊണ്ടിരിക്കുന്നു. ഋഷിക്കും തെക്കുമുറിക്കും വേണ്ടിയുള്ള കുമ്മാട്ടിമുഖങ്ങളിൽ പുതുനിറങ്ങൾ വീണുതുടങ്ങി. നാട്ടുകൂട്ടായ്മകളിൽ ദ്രുതതാളങ്ങൾ മനസ്സിൽ പെരുത്തു. ഓണത്തിനു മുമ്പും പിമ്പുമായി ഇറങ്ങുന്ന കുമ്മാട്ടിക്കൂട്ടങ്ങൾ ഈ താളങ്ങൾ നാട്ടുവഴികളിൽ വിതറാൻ ഒരുങ്ങുകയായി.
ഇവയിൽ ഒതുങ്ങുന്നതല്ല തൃശ്ശൂരിന്റെ കുമ്മാട്ടിപ്പൂരം. ഒട്ടേറെ കുമ്മാട്ടിക്കൂട്ടായ്മകളാണ് നഗരത്തിനു ചുറ്റും ഒരുങ്ങുന്നത്. നഗരത്തിലും സമീപപ്രദേശങ്ങളിലുമായി ഇരുപതിലധികം കുമ്മാട്ടിക്കൂട്ടങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കുറ്റുമുക്ക് കൈരളി കലാസാംസ്‌കാരിക സമിതിയുടെ കുമ്മാട്ടികൾ സെപ്റ്റംബർ നാലിന് നിരത്തിലിറങ്ങും. ഒല്ലൂക്കര സാരഥിയുടെ കുമ്മാട്ടി മഹോത്സവം അഞ്ചിനാണ് നടക്കുക. കിഴക്കുംപാട്ടുകര ഫ്രണ്ട്‌സ് ഓഫ് രാജർഷിയും കുമ്മാട്ടിക്കൂട്ടമാകാൻ ഒരുക്കത്തിലാണ്.
നെല്ലങ്കര ശ്രീദുർഗ്ഗാ കലാക്ഷേത്രത്തിന്റെ ദേശക്കുമ്മാട്ടി മഹോത്സവവും സെപ്റ്റംബർ നാലിനാണ് നടക്കുക. വേറെയുമുണ്ട് തൃശ്ശൂരിൽ കുമ്മാട്ടിക്കൂട്ടങ്ങൾ. ഒരേസമയത്തല്ല നടക്കുന്നതെന്നതും പലതും നഗരത്തിലെത്തുന്നില്ല എന്നതിനാലും പുറത്തേക്കു വേണ്ടത്ര പ്രചാരം കിട്ടുന്നില്ലെന്നുമാത്രം. എന്നാലും നാട്ടിലെ ആഘോഷത്തിന്റെ പൊലിമ ഇതൊട്ടും കുറയ്ക്കുന്നില്ല.
പിരിവിനു പകരം സമ്മാനക്കൂപ്പൺ
ചേലക്കോട്ടുകര ഋഷി കുളമുറ്റമാണ് കുമ്മാട്ടിക്കു പണം കണ്ടെത്താൻ ഇത്തരത്തിൽ ഒരു രീതി പരീക്ഷിക്കുന്നത്. അമ്പതു രൂപയുടെ സമ്മാനക്കൂപ്പണുകളാണ് ഇവർ ഇതിനായി ഇറക്കിയിട്ടുള്ളത്. സ്‌കൂട്ടി, എൽ.ഇ.ഡി. ടി.വി., ഫ്രിഡ്ജ്, സൈക്കിൾ, ഫാൻ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഇവർ ഏർപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബർ ആറിന് ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് ഇവിടെ കുമ്മാട്ടി ആരംഭിക്കുക. കുളമുറ്റത്തുനിന്നാരംഭിച്ച് നാലുമണിയോടെ എസ്.എൻ.എ. പരിസരത്ത് എത്തിച്ചേരും. സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ പത്തിനാണ് നടക്കുക. രാവിലെ 10ന് ഋഷി കോർണറിൽവെച്ചാണ് നറുക്കെടുപ്പ്.
മുഖങ്ങൾ പലതരം
കാട്ടാളൻ, തള്ള, ഹനുമാൻ, കാളി, നരസിംഹം തുടങ്ങിയ മുഖങ്ങളാണ് പൊതുവേ ഉണ്ടാകാറ്. ദേശവ്യത്യാസമനുസരിച്ച് മുഖങ്ങളിലെ കഥാപാത്രങ്ങളുടെ എണ്ണം കൂടുകയും ചെയ്യാം. കുമ്മാട്ടിക്കളിക്കു കൊഴുപ്പുകൂട്ടാനായി ടാബ്ലോകളും മറ്റു കലാപരിപാടികളും ഉണ്ടാകും ഈ ആരവത്തിനിടയിൽ. മുഖങ്ങളെല്ലാം അതതു ടീമുകൾതന്നെ ഉണ്ടാക്കുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. കാട്ടാളൻ, തള്ള, ഹനുമാൻ, നരസിംഹം, തിരുപ്പതി ദേവൻ, ശിവൻ തുടങ്ങിയ മുഖങ്ങളാണ് ഇത്തരത്തിൽ ഉണ്ടാക്കുന്നത്. ചില ടീമുകൾ ഇതു വാടകയ്ക്കെടുക്കുന്നുമുണ്ട്. ഓരോ ടീമും ഒരുക്കുന്ന ടാബ്ലോകളും കളിക്കു കൊഴുപ്പുകൂട്ടും.
എഴുപത്തഞ്ചു പിന്നിട്ട കിഴക്കുംപാട്ടുകരയിലെ മുഖങ്ങൾ
കിഴക്കുംപാട്ടുകര തെക്കുമുറി കുമ്മാട്ടിയിലെ മൂന്നു മുഖങ്ങൾക്ക് പ്രായം 76 ആയി. ഈ മുഖങ്ങൾ ഇത്തവണയും കുമ്മാട്ടിക്ക് ഒരുങ്ങുന്നുണ്ട്. കാട്ടാളൻ, തള്ള, ഹനുമാൻ തുടങ്ങിയ മുഖങ്ങളാണ് ഇവിടെ എഴുപത്തിയാറാം പിറന്നാൾ ആഘോഷിക്കുന്നത്. പ്ലാവിൽതീർത്തതാണെങ്കിലും താരതമ്യേന കനംകുറഞ്ഞ മുഖങ്ങളാണ് ഇവ. പിന്നീട് ഇത്ര കനക്കുറവിൽ മുഖങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് ഇപ്പോഴുള്ളവർ പറയുന്നു.
കാരപ്പുറത്ത് മാധവൻനായരുടെയും രാമൻനായരുടെയും ഗോവിന്ദൻകുട്ടിനായരുടെയും നേതൃത്വത്തിൽ നിർമിച്ച മുഖങ്ങളാണ് ഇവ. വിശ്വനാഥൻ ആശാരിയും ഇതിനുപിന്നിൽ പ്രവർത്തിച്ചു. കുന്നമ്പത്ത് കൃഷ്ണൻകുട്ടിനായർ, കുറുപ്പത്ത് കരുണാകരൻനായർ, കാരപ്പുറത്ത് കൊച്ചുണ്ണിനായർ എന്നിവരാണ് ഇത് ആദ്യമായി അണിഞ്ഞത്.
പാളമുഖങ്ങളായിരുന്നു കുമ്മാട്ടിക്ക് ആദ്യം.
പിന്നെ തകിടുകൊണ്ടുള്ള മുഖങ്ങളായി. തുടർന്നാണ് മരത്തിന്റെ മുഖങ്ങൾ വന്നത്. പ്ലാവിലാണ് കുമ്മാട്ടിമുഖങ്ങൾ രൂപപ്പെടുന്നത്. കനംകുറവിനുവേണ്ടി കുമിഴ് മരം മറ്റു പല നിർമ്മിതികൾക്കും ഉപയോഗിക്കാറുണ്ട്. എന്നാൽ മുഖത്തുവെച്ചു തുള്ളുന്നതിനാൽ പൊട്ടിപ്പോകാൻ സാധ്യതയേറുന്നു എന്നതിനാലാണ് പ്ലാവിൽ മുഖങ്ങൾ തീർക്കുന്നത്.1935-ലാണ് പാളമുഖങ്ങൾ നാകത്തകിടിലേക്ക് ചുവടുമാറ്റിയത്. നാകത്തകിടിൽ കൊത്തിയെടുക്കുക എളുപ്പമല്ലെന്നതിനാൽ 1941ൽ മരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു .1959 മുതലാണ് ചെട്ടിവാദ്യം ഇതിന്റെകൂടെ വന്നത്.
കുമ്മാട്ടിയുടെ പ്രധാന വാദ്യം ഓണവില്ലുതന്നെയാണ്. പിന്നീടത് ചെട്ടിവാദ്യത്തിലേക്കും മറ്റും പടർന്നുകയറുകയായിരുന്നു. അടുത്തിടവരെ കുമ്മാട്ടികൾ വീടുകൾതോറും കയറിയിറങ്ങിയിരുന്നു. ഓണപ്പുടവകളും സമ്മാനങ്ങളും സ്വീകരിച്ചുകൊണ്ടായിരുന്നു യാത്ര. കാലണയോ രണ്ടു പഴമോ ഒക്കെയാണ് അന്നു വീടുകളിൽനിന്നും കിട്ടിയിരുന്നത്. ‘തള്ളേ...തള്ളേ എവിടേപ്പോണ്...’
കുമ്മാട്ടിപ്പാട്ടുകളിൽ ജനകീയമായ പാട്ടുകളിലൊന്ന് തുടങ്ങുന്നതിങ്ങനെയാണ്. എത്ര പാട്ടുകൾ ഉണ്ടെന്നു കൃത്യമായി അറിയില്ലെങ്കിലും പതിനഞ്ചോളം പാട്ടുകൾ എല്ലായിടത്തും ഉപയോഗിക്കുന്നുണ്ട്. ‘പണ്ടാരു മുനിവര ഹോമം ചെയ്തു...’ എന്നു തുടങ്ങുന്നത് ഇത്തരത്തിൽ മറ്റൊരു പാട്ട്. ‘ചാടി ഹനുമാൻ രാവണന്റെ മുന്നിൽ...’ എന്നപാട്ട് ഏറെ ഉപയോഗിക്കപ്പെടുന്നതാണ്. ഇതിനെല്ലാം ചുവടുവെച്ചാണ് കുമ്മാട്ടികൾ നീങ്ങുന്നത്.
പർപ്പടകപ്പുല്ല് തേടി
പർപ്പടകപ്പുല്ല് വരിഞ്ഞുകെട്ടിവേണം കുമ്മാട്ടികൾ ഇറങ്ങാൻ. ഇതു കിട്ടാനുള്ള വിഷമം തന്നെയാണ് എല്ലാതവണയും സംഘങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതു കണക്കുകൂട്ടിയാണ് പൃഥ്വി പുല്ല് നട്ടുനനച്ചു വളർത്തുന്നതും. മറ്റുചില സംഘങ്ങൾ ഇതു സമയത്തിനെത്തിക്കാൻ ചിലരെ ചുമതലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ചിലർ കോഴിക്കോട്ടുനിന്നും മറ്റുചിലർ പാലക്കാട്ടുനിന്നുമെല്ലാമാണ് ഇതു കൊണ്ടുവരുന്നത്. പുല്ല് വാടിപ്പോകരുത് എന്നതിനാൽ മുൻകൂട്ടി പറിച്ചെടുക്കാനും സാധിക്കില്ല. ദിവസങ്ങൾക്കു മുമ്പ് മാത്രമേ ഇതു പറിക്കാൻ സാധിക്കൂ.
വിശ്വാസം ഇങ്ങനെ
ശിവഭൂതഗണങ്ങളാണ് കുമ്മാട്ടികൾ എന്നാണ് വിശ്വാസം. ഓണവിശേഷങ്ങൾ ജനങ്ങളോട് ചോദിച്ചറിയുകയാണ് വരവിന്റെ ഉദ്ദേശ്യമെന്നും വിശ്വാസമുണ്ട്. ഇത്തരത്തിൽ ഐതിഹ്യങ്ങളുടെ പിൻബലംകൂടിയുള്ള ഈ നാടൻകലാരൂപത്തിനുള്ള ഒരുക്കങ്ങൾ സംഘങ്ങൾ മാസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു.