'കൂമന്‍കാവില്‍ ബസ്സിറങ്ങുമ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല' എന്നുപറഞ്ഞതിലെ 'ദേ ജാവു' അനുഭവിച്ചത്, ഒക്ടോബറിലെ മഞ്ഞുമൂടിയ ഒരു സന്ധ്യയില്‍, കാക്കസസ് പര്‍വതത്തിന്റെ നിഴല്‍വീണ ഒരു ജോര്‍ജിയന്‍ ഉള്‍ഗ്രാമത്തില്‍ നടക്കുമ്പോഴാണ്.
അകലെ മസ്‌കേറ്റ താഴ്വരയില്‍ മൂന്നുനദികള്‍ അലകളില്ലാതെ സംഗമിക്കുന്നു. ഇവിടെ ഞാന്‍ മുമ്പ് വന്നിട്ടുണ്ട്. ഈ പാറക്കെട്ടില്‍ അസ്തമയം നോക്കി ഇരുന്നിട്ടുണ്ട്. അല്ലെങ്കില്‍ അങ്ങനെ തോന്നിയിട്ടുണ്ട്. ഉവ്വ്. ഈ കാഴ്ച എന്റെ കൗമാരകനവുകളുടെ ഭാഗമായിരുന്നു. പതിനായിരം കിലോമീറ്ററുകള്‍ക്കും പത്തിരുപത് കൊല്ലങ്ങള്‍ക്കുമപ്പുറം, എന്റെ കൂടല്ലൂര്‍ ഗ്രാമത്തില്‍.
നിളയും തൂതയും കാങ്കപ്പുഴയും ഒത്തുചേരുന്ന കൂടല്ലൂര്‍. മറ്റൊരു ഭൂഖണ്ഡത്തില്‍, വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ബാങ്ക്സിയ പാര്‍ക്കിലെ പൂക്കള്‍ പാമ്പിന്‍കാവിലെ നാഗലിംഗ പുഷ്പങ്ങള്‍പോലെ. വള്ളികള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന കാവില്‍ കുഞ്ഞാത്തോലും നീലിയും കൊത്തങ്കല്ലാടുന്ന ശബ്ദം. ഊഞ്ഞാലാടുമ്പോള്‍ കൈവളക്കിലുക്കം. മുട്ടോളമില്ലാത്ത കുഞ്ഞുടുപ്പിട്ട് നടക്കുന്ന റാണിമോള്‍ ഇടവഴിയിലൂടെ ഓടിനടക്കുന്നു. ഇരുട്ടിറങ്ങിയാല്‍ ഭൂതപ്രേതാദികളുടെ ശല്യമാണ്. 'ഈ കുട്ടി എവിടെയാ തെണ്ടിത്തിരിഞ്ഞു നടക്കണത്' എന്ന് മുത്തച്ഛന്‍ ചോദിക്കും.
ലോകത്തെവിടെയും എനിക്ക് കൂടല്ലൂര്‍ എന്ന ഗ്രാമത്തിന്റെ അദ്ഭുതലോകം കാണാനാവും. പാര്‍വണപ്പാല്‍മഴ പെയ്യുന്ന, പാലപ്പൂമണപ്പുഴയൊഴുകുന്ന ലോകം. കണ്ണില്‍, പൂങ്കവിളില്‍തൊട്ട് കടന്നുപോകുന്ന കിന്നരകുമാരന്മാരുടെ ലോകം. കൂടല്ലൂരെ തെക്കേപ്പാട് തറവാട് വലിയ പാരമ്പര്യമൊന്നും പറയാനില്ലാത്ത ഒരു കര്‍ഷകകുടുംബമാണ്.
കുന്നിന്‍താഴ്വരയില്‍ നില്‍ക്കുന്ന, പച്ചപെയിന്റടിച്ച ഒരു ഇരുനിലവീട്. അവിടെ ലോകരാജ്യങ്ങള്‍ചുറ്റി സഞ്ചരിച്ച ഒരാളേ വരാറുള്ളൂ-ഞങ്ങള്‍ കുട്ടികള്‍ ഉണ്ണിമാമ എന്നുവിളിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍. അദ്ദേഹം സഞ്ചരിക്കാത്ത രാജ്യങ്ങളില്ല. എവിടെയായാലും, എത്ര തിരക്കിലായാലും മാസത്തില്‍ ഒരിക്കല്‍ ഉണ്ണിമാമ തറവാട്ടില്‍ വരും, മുത്തച്ഛനെയും അമ്മമ്മയെയും കാണാന്‍.
ഓണത്തിനും വിഷുവിനും വന്നാല്‍ മൂന്നുനാലുദിവസം താമസിച്ചേ മടങ്ങൂ. ഞങ്ങള്‍ക്ക് ഓണംവരിക ഉണ്ണിമാമ വരുമ്പോളാണ്. കൂടല്ലൂര്‍ ഗ്രാമം മുഴുവന്‍ ഓണത്തിനും വിഷുവിനുംവേണ്ടി കാത്തിരിക്കുന്നത് എം.ടി.യുടെ വരവിനുവേണ്ടിയായിരുന്നു എന്നുതോന്നും. കൊയ്ത്തുകഴിഞ്ഞ് പാടത്ത് വരമ്പുവെക്കാന്‍ മുത്തച്ഛന്‍ തിരക്കുകൂട്ടുമ്പോഴറിയാം, ഉണ്ണിമാമ വരാറായെന്ന്. 'ചാത്തപ്പാ, വരമ്പ് കുറച്ച് വീതിയിലായിക്കോട്ടെ, വാസുവും കുട്ട്യോളും വരുന്നുണ്ട്,' എന്നാണ് ഭാഷ.
രണ്ടുവെയില് കിട്ടിയാലേ വരമ്പുറയ്ക്കൂ. അങ്ങുദൂരെ റോഡില്‍ കാറുനിര്‍ത്തിയാല്‍ വീടിന്റെ പൂമുഖത്തിരുന്ന് മുത്തച്ഛന് കാണാം. ചളിയുറയ്ക്കാത്ത നെല്‍വയലിലൂടെ നടന്ന് വീടിന്റെ പടികയറുന്നതുവരെ മുത്തച്ഛന്റെ ഉള്ളില്‍ ഒരു ആന്തലാണ്. ചളിയില്‍പൊതിഞ്ഞ കാലുകളുമായി ഉമ്മറപ്പടി കയറുമ്പോള്‍ മുത്തച്ഛന്‍ പറയും: ''ഒരു റോഡുവെട്ടാനുള്ള വഴി ചോദിച്ചിട്ട് വിലാസിനി തരുന്നില്ല. നീ ഒന്ന് ചോദിച്ചുനോക്ക്.'' വഴി കിട്ടിയില്ല. വാസുവിന്റെ കാറ് മുറ്റംവരെ വരുന്നത് കാണാതെ മുത്തച്ഛനും അമ്മമ്മയും മണ്മറഞ്ഞു.
അവര്‍ക്ക് വാസു എന്നും കുട്ടിയായിരുന്നു. വള്ളിട്രൗസറിട്ട് മുറ്റത്തും തൊടിയിലും പാടത്തും ഓടിനടന്ന വാസു. 'താമീ, ഒരു നല്ല മൂത്ത പൂവന്‍കുല നോക്കി വെട്ടിവെച്ചോ. വാസൂന് പൂവട വലിയ ഇഷ്ടമാണ്.' ഉത്രാടത്തിന്റെ അന്ന് അമ്മമ്മ പൂവടയുണ്ടാക്കും. തൃക്കാക്കരപ്പന് നേദിക്കാനാണ് എന്നാണ് പറയുക. പക്ഷേ, വാസൂന് പൂവട ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമാണെന്ന് മുത്തശ്ശിക്കറിയാം.
ഓണത്തിന് സദ്യകഴിഞ്ഞാല്‍ എല്ലാവരുംകൂടി പൂമുഖത്തിരിക്കും. ഉണ്ണിമാമ വാചാലനാകുന്നത് അപ്പോഴാണ്. അദ്ദേഹം സഞ്ചരിച്ച രാജ്യങ്ങളും അവിടെക്കണ്ട കാഴ്ചകളും എല്ലാം ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് എന്നപോലെ വിവരിക്കും. അങ്ങനെയാണ് ഞാന്‍, അന്നത്തെ കുഞ്ഞുറാണി, ട്രാന്‍സല്‍വാനിയയിലെ ഡ്രാക്കുളക്കോട്ടയും പാരീസിലെ 'ലെ ലിഡോ' ഷോയും ഫ്രാങ്ക്ഫര്‍ട്ടിലെ ബുക്ക്കഫെകളും സ്‌പെയിനിലെ കാളപ്പോരും എല്ലാം ആദ്യം കണ്ടത്. വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെയൊക്കെ പോകുമ്പോള്‍, ആ സ്ഥലങ്ങളും അപരിചിതമായി തോന്നിയിട്ടില്ല. കൂടല്ലൂരെ പൂമുഖത്തുനിന്ന് അവയൊന്നും അകലെയായിരുന്നില്ലല്ലോ.
കൂടല്ലൂര്‍ എന്ന പാലക്കാടന്‍ ഗ്രാമത്തില്‍, മനസ്സില്‍ സ്വപ്നങ്ങളുടെ വിത്തുപാകിയത് ആ പൂമുഖക്കഥകള്‍തന്നെ. അമ്മമ്മയുടെകൂടെ തറവാട്ടിലാണ് ഞാന്‍ വളര്‍ന്നത്. അമ്മമ്മ എട്ടാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും പരന്ന വായനയിലൂടെയും വാസുവും കൊച്ചുണ്ണി(എം.ടി.യുടെ ജ്യേഷ്ഠന്‍)യുമായുമുള്ള സഹവാസംകൊണ്ടും അറിവേറെ കരസ്ഥമാക്കിയിരുന്നു. രാത്രികളില്‍ മിക്കവാറും വാസുവിന്റെയും കൊച്ചുണ്ണിയുടെയും ചെറുപ്പത്തിലെ വീരസാഹസികകഥകള്‍ കേട്ടാണ് എന്റെ ഉറക്കം. നര്‍മവും അറിവും എളിമയും സ്‌നേഹവുംകൊണ്ട് അമ്മമ്മ മനസ്സുകളെ ഭരിച്ചു.
ഉണ്ണിമാമയുടെകൂടെ വലിയ സാഹിത്യകാരന്മാരൊക്കെ വീട്ടില്‍വരും. അവരെ സത്കരിക്കുമ്പോള്‍ അമ്മമ്മയുടെ വലംകൈയായി ഞാനുമുണ്ടാവും. നാട്ടിന്‍പുറത്തുകാരിയായ അമ്മമ്മ ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം അവരോട് സംസാരിക്കുന്നത് അഭിമാനത്തോടെ ഉണ്ണിമാമ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്. ഉണ്ണിമാമ പിന്നീട് എഴുതി സംവിധാനംചെയ്ത 'ഒരു ചെറുപുഞ്ചിരി' എന്നസിനിമ മുത്തച്ഛന്റെയും അമ്മമ്മയുടെയും കഥയാണ്.
രണ്ടായിരത്തിലെ ഓണത്തിനാണ് ചെറുപുഞ്ചിരി ഏഷ്യാനെറ്റില്‍ റിലീസാകുന്നത്. അന്ന് ഉണ്ണിമാമയും കുടുംബവും തെക്കേപ്പാട് തറവാട്ടിലുണ്ട്. മക്കളും കൊച്ചുമക്കളുമായി നിറഞ്ഞിരിക്കുന്ന പൂമുഖത്തിരുന്ന് സ്വന്തം വാസുവിന്റെകൂടെ മുത്തച്ഛനും അമ്മമ്മയും നിറകണ്ണുകളുമായി ടി.വി. സ്‌ക്രീനില്‍ നോക്കിയിരിക്കുന്നു. കഥ പുരോഗമിക്കവേ, സ്വതവേ ഗൗരവക്കാരനായ മുത്തച്ഛന്‍ എപ്പോഴോ വിതുമ്പിക്കൊണ്ട് മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടു. അമ്മമ്മ വാസുവിന്റെ അടുത്ത് ഒരു കൈയെടുത്ത് മടിയില്‍വച്ച് തലോടിക്കൊണ്ട് ഇരിക്കുകയായിരുന്നു.
'ഞാന്‍ പോയിട്ട് ഏട്ടന്‍ ഇരിക്കാന്‍ ഇടവരരുത്' എന്ന് അമ്മമ്മ എന്നോട് പലപ്പോഴും രഹസ്യമായി പറഞ്ഞിട്ടുണ്ട്. അതെങ്ങനെ ഉണ്ണിമാമ അറിഞ്ഞു? എങ്ങനെ ചെറുപുഞ്ചിരിയുടെ സ്‌ക്രിപ്റ്റില്‍ കയറിക്കൂടി? അമ്മമ്മയുടെ മോഹംപോലെത്തന്നെ മുത്തച്ഛന്‍ ആദ്യം മരിച്ചു. അമ്മമ്മയുടെ മുഖത്ത് സങ്കടം നിറഞ്ഞ ഒരു ആശ്വാസമാണ് ഞങ്ങള്‍ കണ്ടത്; ചെറുപുഞ്ചിരിയിലെ അമ്മയെപ്പോലെ.
ഓണവും വിഷുവും പോലെത്തന്നെ തെക്കേപ്പാട്ടും കുടല്ലൂരും ആഘോഷദിവസങ്ങളായിരുന്നു സിനിമാസെറ്റുകള്‍. തിരപ്പടത്തിന്റെ ഗ്ലാമറും ദുരൂഹതയും ആരവങ്ങളും ഗ്രാമത്തിലെത്തുന്ന ദിവസങ്ങള്‍. 'ബന്ധനം' എന്ന എം.ടി.സിനിമ ഷൂട്ട്‌ചെയ്തത് കൂടല്ലൂരിലാണ്. തറവാടിന്റെ അതിര്‍ത്തിയിലെ വടക്കേലെ വീട്. വൈക്കോല്‍ മേഞ്ഞ, ചെറിയ, ഭംഗിയുള്ള ഒരു വീട്. ശോഭയും ചില സീനിയര്‍ ആര്‍ട്ടിസ്റ്റുകളും താമസിച്ചിരുന്നത് തറവാട്ടിലും പത്തായപ്പുരയിലുമാണ്. നാലുവയസ്സുകാരിയായിരുന്ന എന്നെ സിനിമാമേക്കപ്പിട്ട് ഒരുക്കുകയെന്നത് ശോഭച്ചേച്ചിക്കും തോഴിമാര്‍ക്കും ഒരു വിനോദമായിരുന്നു. ഒരു പിങ്ക് മേക്കപ്പ്ബോക്‌സ് തുറന്നുവെയ്ക്കും. അതില്‍നിന്നാണ് എന്റെ മുഖത്തുള്ള പ്രയോഗങ്ങള്‍.
സുകുമാരന്റെ കുട്ടിക്കാലം അഭിനയിച്ചത് എന്റെ ബന്ധു രാജുവേട്ടനായിരുന്നു. ആദ്യത്തെ സീനില്‍ രാജുവേട്ടന്‍ ഷര്‍ട്ടൂരണം. ക്യാമറയും ആള്‍ക്കാരുമൊക്കെ നിറഞ്ഞതുകണ്ടപ്പോള്‍ രാജുവേട്ടന്‍ കരയാന്‍ തുടങ്ങി. ഉണ്ണിമാമ അടുത്തുപോയി എന്തോ പറഞ്ഞു. പിന്നെ രാജുവേട്ടന്‍ കണ്ണീരൊക്കെ തുടച്ച് മിടുക്കനായി. എന്തുമന്ത്രമാണ് ഉണ്ണിമാമ ചെവിയില്‍ പറഞ്ഞതെന്ന് ഇതുവരെയും രാജു ഏട്ടന്‍ പറഞ്ഞിട്ടില്ല. വാല്‍പ്പാറ ടീ എസ്റ്റേറ്റില്‍ മാനേജരാണ് ഇപ്പോള്‍ രാജുവേട്ടന്‍.
സുകുമാരന്റെ കുട്ടിക്കാലത്തെ കൂട്ടുകാരായി ഞാനും അടുത്തവീട്ടിലെ ലേഖയും ഉണ്ടായിരുന്നു. ശോഭയുടെ കല്യാണം ഷൂട്ടുചെയ്യുന്ന ദിവസം, കൂടല്ലൂരിലെ ഒരു കല്യാണദിവസമായി. അമ്മമ്മയും അമ്മയും കളത്തിലെ ശാന്തച്ചേച്ചിയുമൊക്കെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ ഉള്ളതില്‍ ഏറ്റവും നല്ല ഉടുപ്പിട്ട് ഞാനും ഒരുങ്ങി. സെറ്റെല്ലാം റെഡിയായി ക്യാമറയിലൂടെ നോക്കിയപ്പോള്‍ ഡയറക്ടറുടെ തൊപ്പിവെച്ച ഉണ്ണിമാമ പറഞ്ഞു, ''റാണിമോള്‍ തലയൊന്ന് താഴ്ത്തിപ്പിടിക്ക്. നീ നേരത്തേ ഒരു ചെറുപ്പകാലസീനില്‍ ഉണ്ടായിരുന്നതല്ലേ, അതും ഇതും ഒത്തു പോകില്ല.''
കല്യാണസീന്‍ കഴിയുന്നതുവരെ അമ്മമ്മ എന്നെ ഒളിപ്പിച്ചുപിടിച്ചു. സങ്കടം സഹിക്കാതെ കരയാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണിമാമവന്ന് കൂട്ടിക്കൊണ്ടുപോയി ചോക്ലേറ്റ് തന്ന് ആശ്വസിപ്പിച്ചു. അന്നത്തെ സിനിമാസെറ്റ് ഒരു കുടുംബംപോലെ ആയിരുന്നു. മീനമാസത്തില്‍ വടക്കേലെ ഉരുണിയന്‍ മാവില്‍ നിറയെ നീരുകുടിക്കുന്ന മാങ്ങകള്‍ ഉണ്ടായിരുന്നു. മാങ്ങ തിന്നുതിന്ന് സുകുമാരന് വയറിളക്കം പിടിച്ചു. അന്ന് വടക്കേവീട്ടില്‍ കക്കൂസില്ല. വേലിചാടി തറവാടിന്റെ വടക്കുഭാഗത്തുള്ള കക്കൂസില്‍ ആയിരുന്നു..... ക്യാമറയെല്ലാം റെഡിയാക്കി, സുകുമാരന്‍ എവിടെയെന്ന് ചോദിക്കുമ്പോള്‍ സെറ്റില്‍ ചിരിയുയരും. ഏതാനും കൊല്ലം കഴിഞ്ഞ് ശോഭയുടെ പെട്ടെന്നുള്ള മരണവാര്‍ത്ത തെക്കേപ്പാടിനെ ദുഃഖത്തിലാഴ്ത്തി. ഒരു അടുത്ത ബന്ധു മരിച്ചതുപോലെ. ഒന്നുരണ്ട് ദിവസം അവിടെ ഭക്ഷണംവെപ്പുതന്നെ ഉണ്ടായില്ല. അമ്മമ്മ കണ്ണീര്‍ തുടച്ചുകൊണ്ടിരുന്നു.
സമയം നിളപോലെ ഒരു നേര്‍രേഖയില്‍ ഒഴുകിപ്പോയി. ചിലപ്പോള്‍ കലങ്ങിയും ചിലപ്പോള്‍ തെളിഞ്ഞും. ചിലപ്പോള്‍ നേര്‍ത്തും ചിലപ്പോള്‍ കരകവിഞ്ഞും. കൗമാരക്കാരികളെ മോഹിച്ചുപാടിയ കിന്നരകുമാരന്മാരും നീലിയും കുഞ്ഞാത്തോലും യക്ഷികളും ഏതോ സമാന്തരപ്രപഞ്ചങ്ങളിലേക്ക് കുടിയേറി. കാരണവന്മാര്‍ പ്രാചീനമായ നിദ്രകളില്‍ ലയിച്ചു. കടലുകള്‍ക്കക്കരെയെങ്കിലും ഓര്‍മയുടെ സ്വര്‍ണനൂലുകള്‍ ഊര്‍ന്നുവീഴുന്ന സായാഹ്നങ്ങളില്‍ കൂടല്ലൂരിലെ ആ പൂമുഖം പുനര്‍ജനിക്കുന്നു. മുത്തച്ഛന്റെ പുരാതനമായ ശബ്ദം തറവാടിന്റെ ചുമരുകളില്‍ത്തട്ടി തിരിച്ചുവരുന്നു: 'വാസ്വേ, പാരീസില്‍ നീ കണ്ട ആ ബാലെയുടെ കഥ ഒന്നൂടെ പറയ്വോ.'