ക്രിസ്മസ് ഇടമില്ലാത്തവരുടെ സുവിശേഷം


ഫാ. ജോസ് വള്ളികാട്ട്

3 min read
Read later
Print
Share
christmas
ക്രിസ്മസ് എന്നാൽ, ദൈവത്തിന്റെ ഹൃദയത്തിൽ ഇടംപിടിക്കുന്ന ഓരോ മനുഷ്യന്റെയും ജയന്തി മഹോത്സവമാണ്.

റാമായിൽ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ, അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു(മത്തായി 2:18; ജറമിയ 31:15).

റാമാ. യൂദയായിൽനിന്ന് ബാബിലോണി യയിലേക്കുള്ള പാതയിലെ ചെറുനഗരം. ഒരു വലിയ ജനത അനിശ്ചിതത്ത്വങ്ങളുടെ ഭാണ്ഡങ്ങളും പേറി തമ്പടിച്ചിരിക്കുകയാണ്. ഏതാനും വിനാഴികകൾക്കുള്ളിൽ അവർ ബാബിലോണിയയിൽ പ്രവേശിക്കും. എന്ന് അവസാനിക്കും എന്നറിയാത്ത വിപ്രവാസത്തിന്റെ ദുഃഖഭൂമിയിലേക്ക്‌. യഹൂദരെ സംബന്ധിച്ചിടത്തോളം റാമ കോളനിവത്കരണത്തിന്റെയും അടിമത്തത്തിന്റെയും പ്രവാസത്തിന്റെയും പ്രതീകമാണ്. മക്കളെ നഷ്ടപ്പെടുന്ന ഏതു ജനതയുടെയും അമ്മയായിട്ടാണ് റാഹേൽ ജനമധ്യത്തിൽ ഉയരുന്നത്. ഇസ്രയേലിന്റെ മക്കളുടെ ദുരിതപൂർണമായ ഭാവിയെ ഓർത്ത്‌ റാഹേലിന് വിലപിക്കാതിരിക്കാനാവില്ല.

ഉയരമുള്ള ക്രിസ്മസ് ട്രീകളും വാൽനക്ഷത്രവും ആശംസാ കാർഡുകളും മധുരം കിനിയുന്ന കേക്കും വീഞ്ഞും ദീപാലങ്കാരവും സാന്താക്‌ളോസും ചോക്ലേറ്റുകളും സോഷ്യൽ മീഡിയ സെൽഫികളും ഒക്കെ ഭാണ്ഡങ്ങളിൽ നിറച്ച്‌ നാം നിയോലിബറൽ ക്രിസ്മസ്‌ ആഘോഷിക്കുകയാണ്‌. മതജാതിഭേദങ്ങളിൽ ക്രിസ്മസ് താരകത്തെ തളയ്ക്കാൻവണ്ണം നമ്മുടെ സുഖജീവിതം ക്രിസ്മസിനെ ലളിതവത്കരിച്ചിരിക്കുന്നു. ആരുടേതാണ് ക്രിസ്മസ് എന്ന ചോദ്യമാണ് പ്രസക്തം.

ഒഴിവാക്കിയവരുടെയും മുറിപ്പെട്ടവരുടെയും ക്രിസ്മസ്

ആനന്ദവും സമാധാനവും ലോകത്തിനു പകർന്ന് നമ്മുടെ പടിവാതിൽക്കൽ വിരുന്നെത്തുന്ന ക്രിസ്മസിന്റെ പൂർണാർഥം വെളിവാകുന്നത് റാഹേലിന്റെ വിലാപഗീതത്തിലാണ്. അതിനാലാണ് ഉണ്ണിയേശുവിന്റെ അവതാരകഥ വിവരിക്കുന്ന സുവിശേഷകൻ മത്തായി റാഹേലിന്റെ വിലാപത്തെ അതിന്റെ പശ്ചാത്തലമായി അവതരിപ്പിക്കുന്നത്.

ബാബിലോണിയക്കാരുടെയും റോമാക്കാരുടെയും അധിനിവേശത്തിനുകീഴിൽ സാമ്പത്തികവും സാംസ്‌കാരികവും ആത്മീയവുമായ പരിവർത്തനങ്ങൾക്ക് വിധേയപ്പെട്ട് ഛിന്നഭിന്നമായ ഒരു ജനത. രാഷ്ട്രീയമായി അവർ അസംഘടിതരും ചൂഷിതരുമായിരുന്നു. സാമൂഹിക വിവേചനങ്ങളുടെ ശ്രേണികളിൽ അടിമപ്പണിക്കാർ, വികലാംഗർ, ദരിദ്രർ, വേശ്യകൾ, രോഗികൾ, ഇടയന്മാർ, കർഷകർ, സാധാരണക്കാർ എന്നിവരടങ്ങുന്ന വലിയൊരു വിഭാഗം അസ്‌പൃശ്യരോ അരികുകളിലേക്ക് ഒതുക്കപ്പെട്ടവരോ ആയിരുന്നു. മറുവശത്ത് ഉന്നതനിലവാരത്തിലുള്ള സമൂഹികവിഭാഗങ്ങൾ സമൂഹത്തിലും മതത്തിലും ആഢ്യത്വവും വരേണ്യതയും അവകാശപ്പെടുകയും വ്യവസ്ഥിതിയെ ജീവയോഗ്യമല്ലാതാക്കുകയും ചെയ്തു.

ആ സാന്ദർഭിക ചുറ്റുപാടിലേക്കാണ് ക്രിസ്തു അവതരിക്കുന്നത്‌. ഇനി കണ്ണീരുവേണ്ടാ, ക്ലേശം വേണ്ടാ, അപകർഷത വേണ്ടാ, കാരണം സകല ജനതയ്ക്കുമായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു എന്ന ക്രിസ്തുവിന്റെ സുവിശേഷമാണ് മത്തായി വിളമ്പുന്നത്. ക്രിസ്മസ് ഒഴിവാക്കപ്പെട്ടവരുടേതും മുറിയപ്പെട്ടവരുടേതും കൂടിയാണ്.

അപ്പത്തിന്റെ ഭവനത്തിലെ ഉണ്ണി

അയൽപക്കത്തുള്ള കുട്ടികളുടെ സന്തോഷത്തിനായി ചെറിയൊരു പുൽക്കൂട് ഉണ്ടാക്കാൻ തീരുമാനിച്ചു. പുൽക്കൂടിന്റെ അവിഭാജ്യഘടകമാണ് വൈക്കോൽ. ‘മറിയം തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി’ എന്നാണ്‌ യേശുവിന്റെ ജനനത്തെ സുവിശേഷകൻ ലൂക്കാ വരച്ചിടുന്നത്. (ലൂക്കാ 2: 67).

വൈക്കോൽ തേടി ഞാൻ അടുത്തുള്ള പാടവരമ്പിലേക്ക് നടന്നു. ഇവിടെ പഞ്ചാബിൽ നെല്ല് കൊയ്ത്തുകഴിഞ്ഞ് അവിടവിടെ കൂട്ടിവെച്ചിരിക്കുന്ന വൈക്കോൽക്കൂനകളുണ്ട്. അതിൽനിന്നും ഒരുപിടി വൈക്കോൽ ഞാൻ വാരി. മുമ്പ് അനുഭവപ്പെട്ടിട്ടില്ലാത്തവിധം ഉയർത്താനാകാത്ത ഭാരം അതിനുണ്ട് എന്ന് എനിക്കുതോന്നി. കാരണം കഴിഞ്ഞകാലത്തെ വിയർപ്പിന്റെയും ആസന്നമായിരിക്കുന്ന ആശങ്കകളുടെ നിശ്വാസങ്ങളുടെയും എടുത്താൽപ്പൊങ്ങാത്ത ഭാരംപേറിയാണ് ഈ വൈക്കോൽക്കൂന കൂടിക്കിടക്കുന്നത്.

ബെത്‌ലഹേം എന്ന പട്ടണത്തിലാണ് യേശു ജനിച്ചത്. അപ്പത്തിന്റെ ഭവനം എന്നാണ്‌ ബെത്‌ലഹേമിന്റെ അർഥം. പുൽത്തൊട്ടിയാകട്ടെ, കന്നുകാലികളുടെ അപ്പപ്പാത്രമാണല്ലോ. അപ്പത്തിന്റെ ഭവനത്തിലെ അപ്പപ്പാത്രത്തിൽ രക്ഷകൻ പിറവികൊണ്ടു എന്നത് വിശക്കുന്നവന്റെ സുവിശേഷമാണ്. വിശപ്പാണ് മനുഷ്യന്റെ അസ്തിത്വദുഃഖങ്ങളുടെ മൂലകാരണം എന്ന് തിരിച്ചറിയുന്ന ദൈവം അവതീർണനാകുന്നത് മനുഷ്യന്റെ ഭക്ഷണമാകാനാണ്.

ഹൃദയത്തിൽ പിറക്കട്ടെ പൊന്നുണ്ണി

സാമൂഹിക വിവേചനങ്ങളിൽ ഒറ്റപ്പെട്ടുപോകാതിരിക്കാൻ പുതിയ സാമൂഹിക പെരുമാറ്റശൈലികൾ രൂപപ്പെടുത്തിയ ക്രിസ്തുവിന്റെ ജയന്തി ആഘോഷിക്കുമ്പോൾ, മഹാമാരിമൂലം നിർബന്ധിത ഒറ്റപ്പെടലിന് വിധേയരാവേണ്ടിവരുന്ന ലോകജനത ഇനിയും അതിനെ പരിഹരിക്കാൻ പൂർണമായും പുതിയ വഴികൾ തുറക്കാൻ സന്നദ്ധമായിട്ടില്ല എന്നത് ക്രിസ്മസ് നമ്മിൽനിന്നും ദൂരെയാണ് എന്നതിന്റെ നേർസാക്ഷ്യമാണ്.

കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പാ എഴുതി പ്രസിദ്ധീകരിച്ച ‘നമുക്കു സ്വപ്നം കാണാം’ എന്ന ഗ്രന്ഥത്തിൽ മഹാമാരിമൂലമല്ലാതെ മനുഷ്യർ സൃഷ്ടിക്കുന്ന ഒറ്റപ്പെടുത്തലുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ലോകകപ്പിൽ അർജന്റീന ജയിച്ചിട്ടും ജർമൻ സഹപാഠികൾ അർജന്റീനക്കാരനായ പാപ്പായെ അഭിനന്ദിക്കാൻപോലും മനസ്സുതുറക്കാത്ത ഇരുട്ടിലെ ഒറ്റപ്പെടൽ. ആൾക്കൂട്ടത്തിലെ ഒറ്റപ്പെടലുകൾ നാം കുടുംബങ്ങളിലും ചെറുസമൂഹങ്ങളിലും ഒക്കെ കാണുന്നുവല്ലോ. മഹാമാരിയെ മികവുറ്റരീതിയിൽ കൈകാര്യംചെയ്തത് സ്ത്രീകളാണ് എന്ന് പ്രശംസിക്കുന്ന പാപ്പാ സ്ത്രീകളാൽ നയിക്കപ്പെടുന്ന ലോകത്തെ സ്വപ്നംകാണുന്നു.

കൈക്കുടന്നനിറയെ സ്നേഹവുമായിവന്ന ക്രിസ്തുവിനു പിറക്കാൻ ഒരു ഇടം കിട്ടിയില്ല എന്നതാണ് ക്രിസ്തുജനനകഥയുടെ ഒരു ക്ളൈമാക്സ്. ഹൃദയത്തിൽ പൊന്നുണ്ണി പിറക്കട്ടെ എന്ന് നാം ആശംസനേരുന്നു. എന്നാൽ, ലോകസ്രഷ്ടാവും പാലകനുമായ ദൈവത്തിനെ ഉൾക്കൊള്ളാനാവുന്ന ഇടം നമ്മുടെ ഹൃദയത്തിനുണ്ടോ എന്ന് ക്രൈസ്തവദർശനശാസ്ത്ര വിശാരദനായ ഫാ. ജോസ് സുരേഷിന്റെ ദാർശനിക ചോദ്യത്തിനുമുന്നിൽ ഞാൻ പകച്ചുനിൽക്കുന്നു. ക്രിസ്മസ് എന്നാൽ, ദൈവത്തിന്റെ ഹൃദയത്തിൽ ഇടംപിടിക്കുന്ന ഓരോ മനുഷ്യന്റെയും ജയന്തിമഹോത്സവമാണ്. ആ മുഹൂർത്തത്തിൽ വിണ്ണിൽ മാലാഖമാർ പാടും:
‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ സന്മനസ്സുള്ളോർക്ക് സമാധാനം’ (ലൂക്ക 2:14)

(സെയ്‌ന്റ്‌ തോമസ്‌ മിഷനറി സമൂഹാംഗവും മാധ്യമ അധ്യാപകനുമാണ്‌ ലേഖകൻ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram