ഡിസംബർ 25-നു പിറന്ന ആ അദ്‌ഭുതം...


മിനി കൃഷ്ണന്‍

3 min read
Read later
Print
Share

രിക്കൽ ഒരിടത്ത് വിക്രമാദിത്യൻ എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. ആ മഹത്തായ ഭരണ കാലഘട്ടം അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെട്ടു. എങ്കിലും ഇപ്പോൾ ഉജ്ജയിൻ സന്ദർശിക്കുകയാണെങ്കിൽ അദ്ദേഹം സ്ഥാപിച്ചതും പരിപാലിച്ചു വന്നിരുന്നതുമായ സമ്പത്തിന്റെയും കെട്ടിടങ്ങളുടെയും ശേഷിപ്പുകളൊന്നും കാണാനാകില്ല. അദ്ദേഹത്തിന്റെ കാലത്തിനു ഒരു നൂറ്റാണ്ടു ശേഷം ഏഷ്യയിലെ ഏറ്റവും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലൊന്നിൽ ഒരു കുഞ്ഞു ജനിച്ചു. ആ ജനനം വിശുദ്ധ ഗ്രന്ഥങ്ങളിൽ പ്രവചിക്കപ്പെട്ടതായതിനാൽ ജ്യോതിഷികളും പണ്ഡിതരുമെല്ലാം ആ രാജകുമാരനെ കാണാനായി തിരഞ്ഞു വന്നു. പക്ഷെ അവർ കണ്ടത് പാർക്കാനൊരിടം പോലുമില്ലാത്ത അച്ഛനമ്മമാർക്കു കാലിത്തൊഴുത്തിൽ പിറന്ന ഒരു പാവം കുഞ്ഞിനെയാണ്. ചുറ്റും കുറെ ആട്ടിടയന്മാരും. ആ കുഞ്ഞിന്റെ ജനനത്തോടെ കാലം തന്നെ വിഭജിക്കപ്പെട്ടു. അവൻ വളർന്ന് ആരായിത്തീർന്നുവെന്നതിനെ കുറിച്ച് നിരവധി പഠനങ്ങൾ നടന്നു. വളരെ മൃദുസ്വഭാവിയായ, എന്നാൽ എന്തും നേരെ ചൊവ്വേ പറയുന്ന പ്രകൃതം. കർക്കശക്കാരനും അതെ സമയം തന്നെ ദയാവാനുമായവൻ. നമുക്ക് വളരെ കുറച്ചു മാത്രം അറിയാവുന്ന, എന്നാൽ നമ്മുടെ ജീവിതത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന, ഒരു സാംസ്കാരിക മാറ്റത്തിനു തന്നെ കാരണമായവൻ.

അൽമായരുടെ കലണ്ടർ പ്രകാരം യേശു പിറന്നത് സെപ്റ്റംബറിലാണ്. സത്യത്തിൽ, നാലാം നൂറ്റാണ്ടു വരെ ക്രിസ്ത്യൻ പള്ളികൾ ക്രിസ്തുമസ് ആഘോഷിച്ചിരുന്നത് ജൂൺ ആറിനായിരുന്നു. അർമേനിയൻ പള്ളികൾ ഇപ്പോഴും അത് പിന്തുടരുന്നു. എന്നാൽ നാലാം നൂറ്റാണ്ടിൽ ഡിസംബർ മാസം മൂന്നാം ആഴ്ച റോമിൽ ശനിദേവന്റെ ഉത്സവമായതിനാൽ പരസ്യ മദ്യപാനമുൾപ്പെടെയുള്ള പ്രവൃത്തികൾ നിയമനടപടികൾക്ക് വിധേയമായിരുന്നില്ല, കാരണം അന്ന് നിയമസംവിധാനങ്ങൾക്ക് അവധി ദിനമായിരുന്നു. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി റോമാക്കാർ മതപരിവർത്തനം നടത്തിയവർക്ക് ഈ ഉത്സവം തുടരാമെന്ന് ഉറപ്പു നൽകി. അതോടൊപ്പം അതിന്റെ പ്രാധാന്യം കുറക്കുന്നതിനായി ശനിദേവന്റെ ഉത്സവം അവസാനിക്കുന്ന ദിവസം യേശുവിന്റെ പിറന്നാളായി നിജപ്പെടുത്തി.

സമകാലീന ചിന്തകൻ ഡോ. മാർട്ടിൻ കാംഷൻ പറയുന്നത് പ്രകാരം ഡിസംബർ അവസാനം ക്രിസ്തുമസ് ആഘോഷിക്കാൻ കാരണം, ഡിസംബർ 21 മുതൽ പകലിന്റെ ദൈർഘ്യം കൂടുന്നു. യേശുവിനെ സംബന്ധിച്ച സൂര്യൻ ഒരു പ്രധാന സൂചകമാണ് (കൂടാതെ അത് ഹിന്ദു മതത്തോടും ബന്ധപ്പെട്ടിരിക്കുന്നു). അതിനാൽ സൂര്യൻ വീണ്ടും ''ജനിക്കുന്നുവെന്നതും'' ഡിസംബർ 21 മുതൽ ''വളരുന്നുവെന്നതും'' ക്രിസ്ത്യൻ മതത്തെ പ്രപഞ്ചത്തോട് ബന്ധിപ്പിക്കുന്ന ഒരു കാവ്യാത്മക ഭാവനയാണ്. അങ്ങനെ എല്ലാ വർഷവും കോടിക്കണക്കിനാളുകൾ ഏകദേശം 2000 വർഷങ്ങൾക്കു മുമ്പ് ഒരു ഡിസംബറിൽ ഉണ്ടായ ഈ ജനനം ആഘോഷിക്കുകയും അതേക്കുറിച്ചു ഓർക്കുകയും ചെയ്യുന്നു.

എന്തുകൊണ്ട് യേശു ഇപ്പോഴും പ്രാധാന്യത്തോടെ തുടരുന്നു?

എന്നെ സംബന്ധിച്ചിടത്തോളം അവനൊരു കന്യകയിൽ നിന്നാണോ മൃതശരീരത്തിലർപ്പിച്ച പൂവിൽ നിന്നാണോ ജനിച്ചത് എന്നത് അപ്രസക്തമാണ്. ധർമത്തിന്റെ പ്രതിരൂപമായ അത്തരമൊരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചുവെന്നത് തന്നെ അദ്‌ഭുതകരമായ വസ്തുതയാണ്. നമുക്ക് ചിലപ്പോൾ ക്ഷീണവും വിശപ്പും തോന്നാറില്ലേ? നാം ചതിക്കപ്പെട്ടുവെന്നു തോന്നില്ലേ? അല്ലെങ്കിൽ തനിച്ചിരിക്കണമെന്ന്? അവനും അങ്ങനെ തോന്നിയിരുന്നു. ഒരു ദൈവത്തിനു അങ്ങനെ തോന്നില്ല. എന്ത് വന്നാലും നമുക്ക് ജീവിക്കണം എന്ന് നാം ആഗ്രഹിക്കുന്നു. പക്ഷെ, അവനു വേണമെങ്കിൽ കുറ്റപെടുത്തിയവരെ പറ്റിക്കാനും ചങ്ങലകളിൽ നിന്ന് രക്ഷപ്പെടാനും മരണത്തിലേക്ക് നയിക്കുമ്പോൾ അപ്രത്യക്ഷനാവാനും നിഷ്പ്രയാസം സാധിക്കുമായിരുന്നിട്ടും സ്വയം രക്ഷിക്കാൻ ഒന്നും ചെയ്തില്ല. അതാണ് ഡിസംബർ 25-നു പിറന്ന ആ അദ്‌ഭുതം.

ചരിത്രം കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നത് പോലെ ഇതുമായി ബന്ധപ്പെട്ട നിരവധി ആഖ്യാനങ്ങളുണ്ട്. യേശുവിന്റെ പിറവിയെക്കുറിച്ചുളള വിശദാംശങ്ങളില്‍ സുവിശേഷങ്ങള്‍ക്ക് വ്യത്യസ്ത വീക്ഷണമാണുള്ളത്. ലൂക്കിന്റെയും മാത്യുവിന്റെയും സുവിശേഷ പതിപ്പുകളിൽ യേശുവിന്റെ ജനനം ബെത്ലെഹെമിലാണ്. ലൂക്ക് പറയുന്നത് ആട്ടിടയർ കുഞ്ഞിനെ സന്ദർശിച്ചു എന്നാണ്. മാത്യു പറയുന്നത് പണ്ഡിതരുടെ സന്ദർശനത്തെ പറ്റിയും. അതും എത്ര പേർ എന്നതിനെ പറ്റി യാതൊരു സൂചനയുമില്ല. ഏറ്റവും ആദ്യം എഴുതപ്പെട്ട മാർക്കിന്റെ സുവിശേഷത്തിലാകട്ടെ, വിശുദ്ധ ജനനത്തെ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. ജോണിന്റെ സുവിശേഷത്തിലും യേശുവിന്റെ പുൽക്കൂടിനു ചുറ്റും മാലാഖമാർ പാടിയതിനെ പറ്റി പറഞ്ഞിട്ടില്ല.

എങ്കിലും വിശുദ്ധമായതിനെ ആരാധിക്കുന്നതിനുള്ള മനുഷ്യരുടെ പ്രവണതയാൽ പുൽത്തൊട്ടിയിൽ കിടന്ന ദൈവിക ശിശുവിനെ കുറിച്ചുള്ള ക്രിസ്തുമസ് ഐതിഹ്യം ക്രിസ്ത്യാനികൾക്ക് മാത്രമല്ല എല്ലാവർക്കും ഒരദ്‌ഭുതമാണ്.

പുതിയ നിയമത്തിൽ പറയുന്നത് പ്രകാരം അവൻ ഏറ്റവുമാദ്യം മുതൽ തന്നെ ഇവിടെ ജീവിക്കുകയും, പിന്നീട് താൻ ശരീരത്തിന്റെയോ ഗുരുത്വാകര്ഷണത്തിന്റെയോ നിയമങ്ങൾക്കു വിധേയനല്ലെന്ന് തെളിയിക്കുകയും ചെയ്തു. പണ്ഡിതർ വിശുദ്ധ ശിശുവിനെ തേടിപോയതും അതിന്റെ പ്രതീകമാണ്. എങ്കിലും നമ്മുടെ കപട വിശ്വാസത്തിൽ ദൈവം ഒരു പ്രത്യേക ആരാധന സ്ഥലത്തു മാത്രമാണുള്ളത്. നാമെന്തിനാണ് പരിധിയില്ലാത്ത ശക്തിക്ക് അതിർത്തികൾ നിർണയിക്കുന്നത്? സർവ്വവ്യാപിയായ ആ ശക്തി എല്ലാവരിലും എല്ലായിടത്തുമുണ്ട്. സ്വർഗത്തിലെ കഠിനഹൃദയനായ, സ്വാർത്ഥനായ ദൈവത്തെ മാത്രം പരിചയിച്ച ആളുകൾക്ക് എങ്ങനെയാണു അതിനു തികച്ചും വിപരീതമായ ഒരു ആശയം മനസിലാക്കാനാവുക?

ക്രിസ്തുവിന്റെ സന്ദേശം കേട്ട ജനങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള ബ്രാഹ്മണർക്കു മാത്രമായിരിക്കാം 'അഹം ബ്രഹ്മാസ്മി' എന്ന തത്വത്തോടുള്ള അതിന്റെ സാദൃശ്യം തിരിച്ചറിയാനായത്. സത്യത്തിൽ ഇന്ത്യയിലെ ആദ്യകാല ക്രിസ്ത്യൻ മതസ്ഥർക്ക് യൂറോപ്പിലേതു പോലെ യാതൊരു ഉപദ്രവവും നേരിടേണ്ടി വന്നിട്ടില്ല. തന്നെയുമല്ല, അന്നത്തെ ഹിന്ദു രാജാക്കന്മാർ അവരോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. ക്രിസ്ത്യൻ അധ്യാപകരിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ധാരാളം പ്രയോജനം ലഭിച്ച ക്രിസ്ത്യാനിയല്ലാത്ത ഒരാൾ എന്ന നിലയിൽ ഞാൻ ഈ ചരിത്രപരമായ ബന്ധത്തെ കുറിച്ച് ഓർക്കാറുണ്ട്.

ആയിരത്തിലധികം വർഷങ്ങൾക്ക് ശേഷം, ഇവിടെ എത്തിയ യൂറോപ്യൻ സന്ന്യാസ സമൂഹങ്ങൾ എന്തുകൊണ്ടാണ് ഹിന്ദുക്കൾ ഒരു ഭാഗത്തു ക്രിസ്തീയതയോടുള്ള ബഹുമാനവും എന്നാൽ മറുഭാഗത്ത് പരസ്യമായ മത പ്രചാരണങ്ങളോട് എതിർപ്പും പ്രകടിപ്പിക്കുന്നത് എന്നത് മനസിലാക്കാനാകാതെ കുഴങ്ങി.

മതവിഭാഗങ്ങൾ തമ്മിലെ അകലം കൂട്ടാൻ ശ്രമിക്കുകയും യാതൊരു പ്രശ്നവുമില്ലാത്തയിടത്ത് ഓരോ കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്ക്‌ ക്രിസ്തുവിന്റെ ഒരു ഹിന്ദു ആരാധിക എന്ന നിലയിൽ എന്റെ ക്രിസ്തുമസ് സന്ദേശം ഇതാണ്; 'കടക്ക് പുറത്ത്!' പിന്നെ ദൈവഹിതത്തിൽ ഇടപെടാനും വരരുത്.

Content Highlight: Christmas special article about Jesus Christ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram