ക്രിസ്മസ് ആഘോഷരാവുകളിൽ മധുരവും മണവുമായി നിറഞ്ഞു നിൽക്കുന്ന ഒന്നാണ് കേക്കുകൾ... ഡിസംബർ മാസം ക്രിസ്മസിന്റേത് മാത്രമല്ല കേക്കിന്റെയും നക്ഷത്രവിളക്കുകളുടെയും കൂടിയാണ്. നക്ഷത്രവും കേക്കുമില്ലാതെയൊരു ക്രിസ്മസ് ആഘോഷം ചിന്തിക്കാനെ പറ്റില്ല. ക്രിസ്മസിന് ഇനി ദിവസങ്ങൾ മാത്രം നിൽക്കുമ്പോൾ രുചിവൈവിധ്യങ്ങളുമായി കേക്ക് വിപണിയും സജീവമായിട്ടുണ്ട്.
ഫ്രഷ് ക്രീമിനോട് ഇഷ്ടം കൂടി, പ്ലമ്മിനെ കൂട്ടുപിടിച്ച്...
ചെറുപ്പക്കാർക്കിടയിൽ ട്രെൻഡിങ്ങിൽ എപ്പോഴും മുന്നിൽ നിൽക്കുന്നത് ഫ്രെഷ് കേക്കുകളാണ്. ആഘോഷമേതായാലും ഫ്രെഷ് ക്രീം കേക്കുകളുടെ വൈവിധ്യം പരീക്ഷിക്കാനാണ് ചെറുപ്പക്കാർ തയ്യാറാകുന്നത്. നിറങ്ങളിലെയും ഡിസൈനുകളിലെയും പുതുപരീക്ഷണങ്ങൾ കാരണം ചെറിയ കുട്ടികൾക്കും ഫ്രെഷ് കേക്ക് തന്നെ പ്രിയങ്കരം. ചോക്ലേറ്റ് കേക്ക്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ബ്ലൂബെറി, റെഡ് വെൽവെറ്റ്, പൈനാപ്പിൾ ഡിലൈറ്റ്, മാംഗോ ഫാന്റസി, പ്രാലിൻ ഡിലൈറ്റ് എന്നീ കേക്കുകൾക്കാണ് ആവശ്യക്കാരേറെയുള്ളത്.
പുതുമകൾ ഏറെയുണ്ടെങ്കിലും പ്ലം കേക്കുകൾക്കാണ് ഡിമാൻഡ് എന്നും കൂടുതൽ. അതുകൊണ്ട് തന്നെ എല്ലാ ക്രിസ്മസ് സീസണിലും പ്ലം കേക്കിൽ തന്നെ വ്യത്യസ്തതകൾ കൊണ്ടുവരാനായി ബേക്കറികൾ ശ്രമിക്കാറുണ്ട്.
വിപണി കീഴടക്കാൻ ടീ ടൈം കേക്കുകൾ
പ്ലം കേക്കിനും ഫ്രെഷ് ക്രീം കേക്കിനും പുറമെ ക്രിസ്മസ് വിപണിയിൽ പുതിയ താരമായി വന്നിരിക്കുന്നതാണ് ടീ ടൈം കേക്ക്. ടീ കേക്ക്, മാർബിൾ കേക്ക് എന്നീ രണ്ട് തരം കേക്കുകളിൽ വളരെ പെട്ടെന്നാണ് വിവിധ ടീ ടൈം കേക്കുകൾ വിപണിയിൽ സജീവമായത്. രണ്ട് വർഷങ്ങളായി വിപണിയിൽ ഉള്ള കാരറ്റ്, ഡേറ്റ്‌സ് കേക്കുകൾക്ക് പുറമെ ബനാന, പൈനാപ്പിൾ, ബീറ്റ്‌റൂട്ട്, ജാക്ക്ഫ്രൂട്ട് എന്നിവയ്ക്കും ഈ ക്രിസ്മസിൽ ബേക്കറിയിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. വെറൈറ്റി ആയതു കൊണ്ട് തന്നെ ജാക്ക്ഫ്രൂട്ട്, ബീറ്റ്‌റൂട്ട് കേക്കുകൾക്ക് ആവശ്യക്കാരും ഉണ്ടെന്നാണ് ബേക്കറി ജീവനക്കാർ പറയുന്നത്. ഇതുകൂടാതെ ക്രിസ്മസ് ഹാംപർ കളക്ഷൻസും ബേക്കറികളിൽ ഒരുക്കിയിട്ടുണ്ട്. കേക്ക്, മുന്തിരി ജ്യൂസ്, ചോക്ലേറ്റ്, കുക്കീസ് എന്നിവയടങ്ങുന്ന ഹാംപർ കളക്ഷൻസിന് 750 മുതലാണ് വിലവരുന്നത്.
വിപണിയിൽ മുന്നിൽ പ്ലം കേക്ക്
ക്രിസ്മസിന് ഏറ്റവും കൂടുതൽ വിപണി ലഭിക്കുന്നത് പ്ലം കേക്കുകൾ, റിച്ച് പ്ലം കേക്കുകൾ എന്നിവയ്ക്കാണ്. ഗിഫ്റ്റ് കൊടുക്കാനും മറ്റുമാണ് പ്ലം കേക്കുകൾ കൂടുതലായി വാങ്ങി പോകുന്നതെന്ന് ബെസ്റ്റ് ബേക്കറി പാർട്ണറായ വിജേശ് വിശ്വനാഥ് പറഞ്ഞു. ‘കൂടാതെ ഉപഭോക്തൃ സൗഹാർദ പാക്കിങ്ങാണ് ഇപ്പോൾ നടത്തുന്നത്. കേക്കിന്റെ അളവിനും കാലാവധിക്കും പുറമെ അതിൽ ഉൾക്കൊള്ളുന്ന വസ്തുക്കളുടെ കൃത്യമായ അളവുകളും രേഖപ്പെടുത്തുന്നുണ്ട്. അതിനാൽ തന്നെ തങ്ങളുടെ ഇഷ്ടങ്ങൾക്ക് പുറമെ ആരോഗ്യവും നോക്കി കേക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിന് ലഭിക്കുകയാണെന്നും’ വിജേഷ് പറയുന്നു.
Content Highlight: cake trends in 2018 Christmas