ക്രിസ്തു ജനിച്ചത് ഡിസംബര്‍ 24ന് അര്‍ധരാത്രിയിലാണെന്നാണ് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത്. എന്നാല്‍ ക്രിസ്തു ജനിച്ചത് വാസ്തവത്തില്‍ അന്നായിരുന്നുവോ? വേദപണ്ഡിതന്മാരെ ആകപ്പാടെ കുഴക്കിയിരുന്ന ഒരു ചോദ്യമാണിത്. ക്രിസ്തു ജനിച്ച തീയതി വ്യക്തമായി ആര്‍ക്കും അറിഞ്ഞുകൂടാ എന്നതാണ് സത്യം. വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വ്യക്തമായ തീയതി ലഭ്യമല്ലതാനും. എന്നാല്‍ സാഹചര്യത്തെ അടിസ്ഥാനമാക്കി മാത്രം കണക്കാക്കിയ തീയതികള്‍ നിലവിലുണ്ട്.
ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ക്രിസ്മസ് ജനവരി ഏഴിനാണ്. അന്ന് ക്രിസ്മസ് ആചരിക്കുന്ന സഭകളില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ഗ്രീസ് ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം, കോപ്റ്റിക്, യുക്രേനിയന്‍, ബെര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭകള്‍, അര്‍മീനിയന്‍ സഭ ബാഗ്ദാദ് പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള വിഭാഗം, ഇത്യോപ്യന്‍ കത്തോലിക്ക സഭയുടെ പൗരസ്ത്യ റീത്തുകളിലെ യുക്രേനിയന്‍ വിഭാഗം, യൂറോപ്പിലെയും അമേരിക്കയിലെയും ആസ്ട്രേലിയയിലെയും റഷ്യന്‍ കത്തോലിക്ക വിഭാഗം തുടങ്ങിയവകളിലെ വിശ്വാസികള്‍ ഉള്‍പ്പെടുന്നു.
ക്രിസ്തു ബി.സി. 4 ല്‍ ജനിച്ചതായാണ് വേദപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ശിശുക്കളെ കൊല്ലിച്ച ഹെരോദാവിന്റെ കാലത്താണ് യേശു ജനിച്ചത്. ഈ ഹെരോദാവിന്റെ മരണശേഷമാണ് യോസേഫും മറിയയും യേശുവും ഈജിപ്തില്‍ നിന്ന് നാട്ടിലേക്കു മടങ്ങുന്നത്. ബി.സി. 47 ല്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട ഹെരോദാവ് ബി.സി. 40 ല്‍ രാജാവ് എന്ന പദവി ഉപയോഗിക്കാന്‍ തുടങ്ങി. ബി.സി. 4 ലാണ് അദ്ദേഹം മരിച്ചത്. അങ്ങനെ വരുമ്പോള്‍ യേശു ജനിച്ചത് ബി.സി. 4 ലോ, 5 ലോ ആവാം.
ഗ്രിഗോറിയന്‍ കലണ്ടറിന്റെ ഉപജ്ഞാതാവായ ഗ്രിഗറി മാര്‍പാപ്പ പതിനേഴാം നൂറ്റാണ്ടില്‍ വാനശാസ്ത്രം പഠിച്ച് ജൂലിയന്‍ കലണ്ടറിന്റെ കുറവിനെ കണ്ടെത്തി പത്തു ദിവസത്തെ മാറ്റം വരുത്തി. പതിനെട്ടാം നൂറ്റാണ്ടില്‍ ഈ വ്യത്യാസം പതിനൊന്നു ദിവസമായും പത്തൊമ്പതാം നൂറ്റാണ്ടില്‍ പന്ത്രണ്ടു ദിവസമായും ഇരുപതാം നൂറ്റാണ്ടില്‍ പതിമൂന്നു ദിവസമായും വര്‍ധിപ്പിക്കുകയാണുണ്ടായത്. അങ്ങനെ സുറിയാനി മാസം ഡിസംബര്‍ 25 എന്നു പറയുന്നതിനെ പുതിയ പാശ്ചാത്യ കലണ്ടര്‍ അനുസരിച്ച് പതിമൂന്നു ദിവസം കൂട്ടിച്ചേര്‍ത്ത് ജനവരി 7 എന്നു വിളിക്കുന്നു. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍ പാശ്ചാത്യ ക്രിസ്മസ് കഴിഞ്ഞ് പതിമൂന്നു ദിവസങ്ങള്‍ക്കു ശേഷം ജനവരി 7 പൗരസ്ത്യ ക്രിസ്തീയ സഭകള്‍ ഭൂരിപക്ഷവും ക്രിസ്മസ് കൊണ്ടാടുന്നു.
മഹാനായ പോപ്പ് ഗ്രിഗറി പതിനാറാം നൂറ്റാണ്ടില്‍ ഗണിച്ചെടുത്ത പഞ്ചാംഗമാണ് പാശ്ചാത്യലോകത്തില്‍ മിക്കവാറും എല്ലായിടത്തും ഉപയോഗിക്കുന്നത്. സൂര്യ പരിവൃത്തിക്കനുസരിച്ചുള്ള കാലക്കണക്കില്‍ നിന്നു കേവലം 26 സെക്കന്‍ഡുകള്‍ വ്യത്യാസമുള്ള മാസങ്ങളും ദിവസങ്ങളുമായി വിഭജിക്കപ്പെട്ട ഒരു പഞ്ചാംഗമാണ് ഗ്രിഗറി ഉണ്ടാക്കിയത്. അതിന് ഏകദേശം ഒരു സഹസ്രാബ്ദം മുമ്പ് എ.ഡി. 525 ല്‍ പോപ്പ് ജോണ്‍ ഒന്നാമന്റെ നിര്‍ദേശമനുസരിച്ച് 'കുള്ളനായ ദിവന്നാസിയോസ്' എന്നറിയപ്പെട്ടിരുന്ന സന്യാസി ഒരു പഞ്ചാംഗം തയ്യാറാക്കി. എല്ലാ ദേശങ്ങളിലുമുള്ള ക്രൈസ്തവര്‍ക്ക് ക്രിസ്മസ് ആദിയായ പെരുന്നാളുകള്‍ ഒരേ ദിവസം ആഘോഷിക്കുന്നതിന് സഹായകരമായ ഒരു പഞ്ചാംഗം ഗണിച്ചെടുക്കുന്നതിനാണ് ഗണിതശാസ്ത്രജ്ഞനും നിയമജ്ഞനുമായ ദിവന്നാസ്യോസിനെ പോപ്പ് ജോണ്‍ ചുമതലപ്പെടുത്തിയിരുന്നത്.
ദിവന്നാസ്യോസ് ബുദ്ധിമാനായിരുന്നെങ്കിലും കാലനിര്‍ണയത്തിനുള്ള തക്കതായ ഉപകരണങ്ങള്‍ അദ്ദേഹത്തിനു ലഭ്യമായിരുന്നു. ക്രിസ്തുവിന്റെ ജനനത്തെപ്പറ്റി പരാമര്‍ശിക്കുന്ന മത്തായി, ലൂക്കോസ് എന്നിവര്‍ എഴുതിയ സുവിശേഷങ്ങളില്‍ 'മഹാനായ ഹെരോദാവ്' യഹൂദ്യയിലെ രാജാവായിരുന്ന കാലത്താണ് ക്രിസ്തു ജനിച്ചത് എന്നു രേഖപ്പെടുത്തിയിരുന്നു. മിക്ക വേദപുസ്തകപണ്ഡിതന്മാരും അക്കാര്യം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ദിവന്നാസ്യോസിന്റെ പഞ്ചാംഗത്തിന് അനുസരിച്ചുള്ള ക്രിസ്തുവിന്റെ ജനനവര്‍ഷത്തില്‍ അത്രയുമെങ്കിലും വ്യത്യാസമുണ്ട് എന്ന് അനുമാനിക്കാം.
ക്രിസ്തുവിന്റെ ജനനത്തീയതി ആധികാരികമായി എഴുതപ്പെട്ടിട്ടില്ല എന്നു മാത്രമല്ല ക്രിസ്തു ജനിച്ചത് ഏതു വര്‍ഷത്തിലാണ് എന്നു പറയുവാനും ചരിത്രകാരന്മാര്‍ക്ക് കഴിയുകയില്ല.
ഡിസംബര്‍ 25 'ദക്ഷിണായനാന്തം' എന്ന സൂര്യന്റെ പെരുന്നാളായി ക്രൈസ്തവേതരര്‍ ആഘോഷിച്ചിരുന്നു. ആ പെരുന്നാളിനനുസരിച്ച് ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നതിനായിട്ടായിരുന്നു ഡിസംബര്‍ 25 ക്രിസ്മസായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.
ക്രൈസ്തവ സഭാമണ്ഡലത്തില്‍ ജൂലിയന്‍ കലണ്ടറിനെ കൂടാതെ നിലവിലിരിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവ ജനത ഡിസംബര്‍ 25 ക്രിസ്മസായി കൊണ്ടാടുന്നു. റോമന്‍ കത്തോലിക്ക, ആംഗ്ലിക്കന്‍, ലൂഥറന്‍, മെതഡിസ്റ്റ്, പ്രസ്ബിറ്റേറിയന്‍, സാല്‍വേഷന്‍ ആര്‍മി (രക്ഷാസൈന്യം) ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ, സി.എസ്.ഐ, സി.എന്‍.ഐ. സഭകളൊക്കെ ഇവയില്‍ ഉള്‍പ്പെടും.
ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും തീയതിയെക്കുറിച്ചും പല അഭ്യൂഹങ്ങളും ആദിമ നൂറ്റാണ്ടില്‍ നിലനിന്നിരുന്നു. നിരന്തരമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം വേദപണ്ഡിതന്‍ ഊഹിച്ചെടുത്ത ഒരു തീയതി ജനവരി 7 ആണ്. അലക്സന്ത്രിയയിലെ വിശുദ്ധ ക്ലമന്റ് ക്രിസ്തു ജനിച്ച തീയതി മെയ് 20 എന്നത്രെ നിര്‍ദേശിച്ചിരിക്കുന്നത്. അതിനു കാരണമായി വിശുദ്ധ ബൈബിളിനെ അടിസ്ഥാനമാക്കി അദ്ദേഹം പറയുന്ന കാരണം ഇനിപ്പറയുന്നതാണ്.
പാലസ്തീന്‍ നാട്ടില്‍ ചൂടു കാലാവസ്ഥയുള്ളപ്പോഴാണ് ക്രിസ്തു ജനിക്കുന്നത്. ആട്ടിടയര്‍ ചൂടു സഹിക്കാനാകാതെ വീടിനു പുറത്തു വെളിയില്‍ കിടന്ന് ഉറങ്ങുമ്പോഴത്രെ ദൈവദൂതന്‍ ക്രിസ്തുവിന്റെ ജനനവാര്‍ത്ത അവരെ അറിയിക്കുന്നത്. 'അന്ന് ആ പ്രദേശത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍കൂട്ടത്തെ കാവല്‍കാത്ത് വെളിയില്‍ പാര്‍ത്തിരുന്നു.
അപ്പോള്‍ കര്‍ത്താവിന്റെ ഒരു ദൂതന്‍ അവരുടെ അരികെ നിന്നു. കര്‍ത്താവിന്റെ തേജസ് അവരെ ചുറ്റി മിന്നി. അവര്‍ ഭയപരവശരായിത്തീര്‍ന്നു. ദൂവന്‍ അവരോട്: ഭയപ്പെടേണ്ട സര്‍വജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു.
കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അടയാളമോ: ശീലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും എന്നു പറഞ്ഞു. പെട്ടെന്ന് സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേര്‍ന്നു ദൈവത്തെ പുകഴ്ത്തി. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം എന്നു പറഞ്ഞു (ലൂക്കോസ് 2:8-14).
പലസ്തീന്‍ നാട്ടിലെ ചൂടു കാലാവസ്ഥയെ അടിസ്ഥാനമാക്കി ഏപ്രില്‍ 19, ഒക്ടോബര്‍ 10, നവംബര്‍ 17 തുടങ്ങി നിരവധി തീയതികള്‍ നിര്‍ദേശിക്കുന്ന വേദപണ്ഡിതരുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങള്‍ മുഴുവന്‍ ജാതി വ്യത്യാസം മറന്ന് സാര്‍വദേശീയ ഉത്സവമായിക്കണ്ട് ക്രിസ്മസ് ഗംഭീരമായി ആഘോഷിച്ചു കഴിയുമ്പോള്‍ ജൂലിയന്‍ കലണ്ടര്‍ അനുസരിക്കുന്ന രാജ്യങ്ങളില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ആരംഭം തുടങ്ങും.
ആചരണത്തിന്റെ തീയതികളില്‍ മാത്രം ചില്ലറ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതൊഴിച്ചാല്‍ ആശയത്തിന്റെയും ലക്ഷ്യത്തിന്റെയും കാര്യത്തില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഐക്യം നിലനിര്‍ത്തുന്നു എന്ന പ്രത്യേകതയും ക്രിസ്മസിനുണ്ട്.