വർഷം അവസാനിക്കാറാകുമ്പോൾ ഋതുവും മാറുന്നു... നക്ഷത്രങ്ങളും അലങ്കാരങ്ങളും നാടും വീഥികളും കൈയടക്കുന്നു. ക്രിസ്മസ് കാലത്ത് ക്രിസ്മസിന്റെ സംഗീതത്തെ കുറിച്ച് ഒന്ന് ആലോചിച്ചാലോ? മനസ്സിലേക്കാദ്യം ഓടിയെത്തുന്നത് പപ്പാഞ്ഞി പാട്ടുകളാണ്... ക്രിസ്മസിനു ലോകമെമ്പാടും ഏറ്റവും കൂടുതൽ ആലപിക്കുന്ന കരോൾ ഗാനങ്ങൾ. പാട്ടുകളുടെ ഇതിവൃത്തം യേശുദേവന്റെ ജനനം, ത്യാഗ ജീവിതം, ക്രിസ്മസ് പാരിതോഷികങ്ങൾ, ആഹ്ലാദങ്ങൾ, സാന്റാ ക്ളോസ്, മഞ്ഞുപെയ്യൽ എന്നിവയിലൂടെ ഒക്കെ കടന്നുപോകുന്നു.
പതിമൂന്നാം നൂറ്റാണ്ടു മുതൽ കരോൾ ഗാനങ്ങൾ പിറവിയെടുത്തു എന്ന് ചരിത്രരേഖകൾ പറയുന്നു. അന്നും വീട് വീടാനന്തരം കയറി നടന്നു കരോൾ ഗാനങ്ങൾ ആലപിക്കപ്പെട്ടിരുന്നുവത്രേ. പതിനാറാം നൂറ്റാണ്ടിൽ ആണ് ‘12 ഡെയ്‌സ് ഓഫ് ക്രിസ്മസ്’ എന്ന ഗാനം ഉണ്ടായത്. വിക്ടോറിയൻ കാലഘട്ടം സാക്ഷിയായത് ‘സൈലന്റ് നൈറ്റ്’, ‘ലിറ്റിൽ ടൗൺ ഓഫ് ബത്‌ലഹേം’ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾക്കും. 1930 കളിൽ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ പ്രത്യാശഗാനമായി മാറിയ ‘സാന്റാക്ളോസ് ഈസ് കമിങ് ടു ടൗൺ’ ഒരു ജനതയ്ക്കു തന്നെ പ്രതീക്ഷ ആയിത്തീർന്നു.
പപ്പാഞ്ഞി കളിക്കാൻ പോകുന്നവർക്ക് പണം നൽകുന്ന ഏർപ്പാട് ആദ്യം ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്. പണം ലഭിക്കുന്ന പാത്രത്തിനു ‘wassail’ എന്നാണു പേര്. കരോൾ പാടാൻ പോകുന്നവർ ‘wassailers’ എന്നും അറിയപ്പെട്ടു. ഐതിഹ്യങ്ങളെ ഒക്കെ ഭംഗിയായി ക്രിസ്മസ് ഗാനങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.
കുട്ടികൾക്കായി സാന്റാക്ളോസ് അപ്പൂപ്പൻ സമ്മാനങ്ങളുമായി ചിമ്മിനിയിലൂടെ കടന്നു വരുന്നുവെന്നും ഒരു കുഞ്ഞു പോലും സമ്മാനം കിട്ടാതെ വ്യസനിക്കുന്ന ക്രിസ്മസ് ദിനം ഉണ്ടാകില്ലെന്നും ഒക്കെ പറയുന്ന ഗാനങ്ങൾ. കരോൾ ഗാനങ്ങൾ ലളിതമായിരുന്നുവെങ്കിൽ ദേവാലയങ്ങളിൽ സൃഷ്ടിക്കപ്പെട്ട ഗാനങ്ങൾ ക്ലാസിക്കായിരുന്നു. ഒരു സിംഫണിയോട് തന്നെ ഉപമിക്കാവുന്ന നിരവധി ക്ലാസിക് ഗാനങ്ങൾ പള്ളികളിലുണ്ടായി. കൊയർ സിങ്ങിങ് എന്നത് എത്ര മേന്മയേറിയ സംഗീത വിഭാഗം എന്ന് നമ്മെ അതിശയിപ്പിക്കുന്ന ഗാനങ്ങൾ.
ക്ലാസിക് ക്രിസ്മസ് ഗാനങ്ങളെ ഒന്നു പരിചയപ്പെട്ടാലോ? ക്രിസ്മസ് ചിന്താവിഷയമാകുന്ന സിംഫണികൾ. ജെ.എസ്. ബാക്കിന്റെ ‘ക്രിസ്മസ് ഒറേറ്ററിയോ’, വിക്ടർ ഹ്യുചിൻസന്റെ ‘കരോൾ സിംഫണി’, ലിസ്റ്റിന്റെ ‘ക്രിസ്മസ് ട്രീ’, തൈക്കോവിസ്കിയുടെ ‘വാൾസ് ഓഫ് ഫ്ലവേഴ്‌സ്’, ബെഞ്ചമിൻ ബ്രിട്ടന്റെ ‘സെറിമണി ഓഫ് കരോൾസ്’, അർണോൾഡ് ഷോൺബെർഗിന്റെ ‘ക്രിസ്മസ് മ്യുസിക്’ എന്നിവയെല്ലാം തന്നെ സംഗീത ചരിത്രത്തിലെ ‘ദി ബെസ്റ്റ്’ എന്ന് വിളിക്കാവുന്ന ക്ലാസിക്കൽ സംഗീതമാണ്. തൈക്കോവ്സ്കിയുടെ തന്നെ ‘ഡാൻസ് ഓഫ് ദി ഷുഗർ പ്ലം’, മൊസാർട്ടിന്റെ ‘സ്ലെയ് റൈഡ്’ എന്നിവയും അതുല്യമായ ക്ലാസിക് ക്രിസ്മസ് ഗാനങ്ങളുടെ പട്ടികയിലുണ്ട്.
സംഗീതത്തിന് നിരവധി ഇനങ്ങൾ അഥവാ രൂപങ്ങൾ ഉണ്ടല്ലോ. മഞ്ഞുപൊഴിയുന്ന വിന്റർ കാലത്തിനായി ‘വിന്റർ മ്യൂസിക്’ എന്നൊരു സംഗീത വിഭാഗം തന്നെ നിലവിലുണ്ട്. വിവാൾഡിയുടെ പ്രശസ്തമായ ‘ഫോർ സീസൺസി’ന്റെ അവസാന ഭാഗം വിന്റർ ആണ്. അസ്ഥി മരവിപ്പിക്കുന്ന കാറ്റിൽ പല്ലു കൂട്ടിയിടിക്കുന്ന ശബ്ദം വരെ പ്രത്യക്ഷപ്പെടുന്ന സിംഫണി! ‘സിംഫണി നമ്പർ വൺ വിന്റർ ഡ്രീംസ്’ എന്നൊരു സിംഫണിയും തൈക്കോവ്സ്കിയുടേതായുണ്ട്. ജോസഫ് സ്ട്രോസിന്റെ ഒരു സിംഫണിയും ക്രിസ്മസ് പ്രമേയം തന്നെ. ‘ഡിലൈറ്റ്സ് ഓഫ് വിന്റർ’ എന്നാണ് ആ സിംഫണിയുടെ പേര്.
എൽവിസ് പ്രിസ്‌ലിയുടെ ഒരു ആൽബത്തിന്റെ കവർ തന്നെ ‘ബ്ലൂ ക്രിസ്മസ്’ എന്നായിരുന്നു. എത്രയോ സംഗീതജ്ഞരുടെ പാട്ടുകളിൽ ക്രിസ്മസും വീഞ്ഞും സന്തോഷവും കടന്നു വന്നു. ബോണി എമ്മിന്റെ ‘മേരീസ് ബോയ് ചൈൽഡ്’, ബോബ് ഡൈലന്റെ ‘മസ്റ്റ് ബി സാന്റാ’, സർ എൽട്ടൻ ജോണിന്റെ ‘സ്റ്റെപ് ഇൻ ടു ക്രിസ്മസ്’,പോൾ മാക് കാർട്ടനിയുടെ ‘വണ്ടർഫുൾ ക്രിസ്മസ് ടൈം’, ജോൺ ലെനന്റെ ‘ഹാപ്പി ക്രിസ്മസ് വാർ ഈസ് ഓവർ’ തുടങ്ങി എത്രയോ മികച്ച ഗാനങ്ങൾ. ക്രിസ്മസ് തന്നെ വിഷയം ആകുന്ന എത്രയോ സിനിമകളും അവയുടെ സംഗീതവും നമുക്കായി ഒരുങ്ങി.
നിരവധി പഠനങ്ങളിൽ കടന്നു വന്ന ഒരു സൂപ്പർ ഹിറ്റ് ക്രിസ്മസ് ഗാനമുണ്ട്. 1994-ൽ ഇറങ്ങിയ മരിയ കാരിയുടെ ‘ഓൾ ഐ വാണ്ട് ഫോർ ക്രിസ്മസ് ഈസ് ഫോർ യൂ’. ഏറ്റവും കൂടുതൽ തവണ കേൾക്കപ്പെട്ട ഗാനം എന്നതിലുമപ്പുറം ക്രിസ്മസ് കാലമാകുമ്പോൾ സാധാരണ ജനം എന്തുകൊണ്ട് ക്രിസ്മസ് ഗാനങ്ങൾ തന്നെ പ്ലേലിസ്റ്റിൽ ചേർക്കുന്നു എന്ന പഠനത്തിൽ എത്തിച്ചേർന്ന ഗാനം.
അതി ശൈത്യ പ്രദേശങ്ങളിലെ ഇരുട്ട് സമയങ്ങളിൽ ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്നത് ക്രിസ്മസ് ഗാനങ്ങളാണെന്ന് പഠനങ്ങൾ തീർപ്പാക്കിയതിൽ ഈ ഗാനവും ഉണ്ട്. പഠനങ്ങൾ പലപ്പോഴും രസകരവുമാകുന്നു. ക്രിസ്മസ് സീസണിൽ ഉറക്കെ വെയ്ക്കുന്ന പാട്ടുകൾ നിരന്തരം കേൾക്കുന്ന വലിയ റീട്ടെയ്‌ലർ കടകളിലെ ജോലിക്കാർക്ക് വൈകാരികമായ ഏറ്റക്കുറച്ചിലുകൾക്കു കാരണമാകുന്നു എന്നാണ് ഒരു പഠനത്തിലെ കണ്ടെത്തൽ.
‘ലാത്തിരി, പൂത്തിരി’ പുഞ്ചിരിക്കുന്ന നിരവധി ക്രിസ്മസ് ഗാനങ്ങൾ മലയാളത്തിലും ഉണ്ടല്ലോ. മനുഷ്യരാശിക്കായി മരക്കുരിശിൽ പിടഞ്ഞുവീണ ആ വലിയ മനുഷ്യസ്നേഹിയുടെ ജനനംതന്നെ സംഗീതം പോലെ മൃദുലഹൃദയമുള്ളതെന്തോ ആകുന്നു. ‘സാന്റാ ഗോട്ട് എ ബാഗ് ഓഫ് സോൾ’ എന്ന ഗാനത്തിൽ എന്നപോലെ ഈ ക്രിസ്മസ്‌കാലത്ത് നമുക്ക് എല്ലാവർക്കും ഹൃദയത്തിൽ കൂടുതൽ നന്മ നിറയട്ടെ.
ലേഖിക: പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും പിന്നണിഗായികയും ഏണസ്റ്റ് ആന്‍ഡ് യംഗില്‍ സോഫ്റ്റ് വേര്‍ എന്‍ജിനീയര്‍