ക്രിസ്മസിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മുന്തിരി വൈന്‍. കേക്കിന്റെ കൂടെ കഴിക്കാന്‍ വൈന്‍ ഇല്ലാതെ എന്തുക്രിസ്മസ്. ഇതാ വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന മുന്തിരി വൈനിന്റെ റസിപ്പി.
ചേരുവകള്‍:
1. കറുത്ത മുന്തിരി - 5 കിലോ
2. പഞ്ചസാര - 2.5 കിലോ
3. ഗോതമ്പ് - 150 ഗ്രാം (ചതയ്ക്കുക)
4. ഇന്‍സ്റ്റന്റ് യീസ്റ്റ് - 7 ഗ്രാം
5. തിളപ്പിച്ചാറിയ വെള്ളം - 2.5 ലിറ്റര്‍
ആവശ്യമെങ്കില്‍
6. പട്ട - 2 വലുത്
7. ഗ്രാമ്പൂ - 8 എണ്ണം
തയ്യാറാക്കുന്ന വിധം :
വൈന്‍ ഉണ്ടാക്കുന്ന ഭരണി ചൂടുവെള്ളത്തില്‍ നന്നായി കഴുകി വെയിലത്തുവച്ച് ഉണക്കി എടുക്കുക. മുന്തിരിങ്ങ നന്നായി കഴുകി വെള്ളം തുടച്ച ശേഷം ഒരു മരത്തവി കൊണ്ട് നന്നായി ഉടയ്ക്കുക. അതിനു ശേഷം ഭരണിയില്‍ ഉടച്ച മുന്തിരിങ്ങ അതിനു മുകളില്‍ പഞ്ചസാര എന്നിങ്ങനെ ലെയര്‍ ആയി നിരത്തി ഒടുവില്‍ ചതച്ച ഗോതമ്പ്, പട്ട, ഗ്രാമ്പൂ, യീസ്റ്റ് എന്നിവയും ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുക. ഭരണിയുടെ മുകളില്‍ കുറച്ചു സ്ഥലം വിടേണ്ടതാണ്.
ചെറുതായി ഒന്ന് ഇളക്കിയ ശേഷം തുണികൊണ്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടണം. ഒരു ദിവസം ഇടവിട്ട് മരത്തവി കൊണ്ട് നന്നായി ഇളക്കണം. 21-ാം ദിവസം നല്ല വൃത്തി ഉള്ള കോട്ടണ്‍ തുണി കൊണ്ട് വൈന്‍ മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കണം. അരിച്ചെടുത്ത വൈന്‍ വീണ്ടും ഒരു 10-20 ദിവസം തെളിയാന്‍ വെയ്ക്കുന്നത് നല്ലതാണ്. നല്ലവണ്ണം തെളിഞ്ഞ വൈന്‍ ഉണങ്ങിയ ഗ്ലാസ് ബോട്ടിലുകളില്‍ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.