ശിശിരത്തിന് അധികമാരും കാണാത്ത മറ്റൊരു നിറം കൂടിയുണ്ട്, നീലകലർന്ന ചാരനിറം


ജെയിൻ ജോസഫ്

6 min read
Read later
Print
Share

ഡിസംബർ പകുതിയോടെ അമേരിക്കയുടെ വടക്കൻപ്രദേശങ്ങളെല്ലാം മഞ്ഞിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കും.

വെൺപട്ട് പുതച്ച ഭൂമി, മനോഹരമായി അലങ്കരിച്ച വർണവിളക്കുകൾ തൂങ്ങുന്ന ക്രിസ്മസ് ട്രീകൾ, മഞ്ഞുവീണ മേൽക്കൂരകളുള്ള ഭംഗിയുള്ള വീടുകൾ....

ത്സവങ്ങളുടെയും ആഘോഷങ്ങളുടെയും പൊലിമയിൽ അമേരിക്ക മിന്നിത്തിളങ്ങുന്ന മാസമാണ്‌ ഡിസംബർ. നവംബർ അവസാന ആഴ്ചയിലെ താങ്ക്‌സ് ഗിവിങ് തൊട്ട് പുതുവത്സരപ്പിറവിവരെ നീണ്ടുനിൽക്കുന്ന ആഘോഷക്കാലം. കൂടാതെ യഹൂദമതവിഭാഗത്തിന്റെ ഉത്സവമായ ‘ഹനൂക്ക’യും ആഫ്രിക്കൻ ജനതയുടെ പൈതൃകോത്സവമായ ‘ക്വാൻസ’യും ഡിസംബറിൽത്തന്നെയാണ്. ഡിസംബർ പകുതിയോടെ അമേരിക്കയുടെ വടക്കൻപ്രദേശങ്ങളെല്ലാം മഞ്ഞിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കും.

ഗ്രീറ്റിങ് കാർഡുകളിൽ കാണുന്നതുപോലെ വെൺപട്ട് പുതച്ച ഭൂമി, മനോഹരമായി അലങ്കരിച്ച വർണവിളക്കുകൾ തൂങ്ങുന്ന ക്രിസ്മസ് ട്രീകൾ, മഞ്ഞുവീണ മേൽക്കൂരകളുള്ള ഭംഗിയുള്ള വീടുകൾ, ഒരു വിന്റർ വണ്ടർലാൻഡ്! പലപ്പോഴും ഗ്രീറ്റിങ് കാർഡിലെ ചിത്രങ്ങളിലെക്കാളും മനോഹരമായിരിക്കും ഹേമന്തക്കാഴ്ചകൾ. ഡിസംബറിൽ ക്രിസ്മസ് അലങ്കാരങ്ങൾ നിറഞ്ഞ് എങ്ങും ഒരു ചുവപ്പുമയമാകും. ശിശിരത്തിന് അധികമാരും കാണാത്ത മറ്റൊരു നിറം കൂടിയുണ്ട്, നീലകലർന്ന ചാരനിറം. ഒരു സഞ്ചാരിയുടെ യാത്രാവിവരണങ്ങളിലോ ഗ്രീറ്റിങ് കാർഡുകളിലെ ചിത്രങ്ങളിലോ കാണാൻ കഴിയാത്ത നിറമാണത്. പ്രവാസിയുടെ കണ്ണുകൾക്കുമാത്രം ദൃശ്യമാകുന്ന തീരെ പകിട്ടില്ലാത്ത നിറം.

ശരത്കാലത്തിന് സ്വർണവർണമാണ്. മഞ്ഞയും ഓറഞ്ചും ചുവപ്പുമൊക്കെയായി ഓരോ ഇലയും പൂവായി മാറുന്ന വിസ്മയകാലം. നവംബർ ആവുമ്പോഴേക്കും ഇലകളെല്ലാം പൊഴിച്ച്‌ പ്രകൃതി ശൈത്യത്തിന് തയ്യാറെടുക്കും. നവംബറിലാണ് സമയം മാറുന്നത്. ‘Day Light Savings Time’ എന്നത് വസന്തത്തിൽ ക്ലോക്ക് ഒരു മണിക്കൂർ മുമ്പോട്ടും ശൈത്യത്തിന് ഒരു മണിക്കൂർ പിന്നോട്ടുമാക്കുന്ന പ്രക്രിയയാണ്. പകലുകളുടെ മുഴുവൻ സാധ്യതയും പ്രയോജനപ്പെടുത്തുക, ഊർജസംരക്ഷണം എന്നതൊക്കെയാണിതിന്റെ ഉദ്ദേശ്യം.

ഇക്കാരണത്താൽ അതിശൈത്യമുള്ള സ്ഥലങ്ങളിൽ വൈകീട്ട് നാലുമണി കഴിയുമ്പോഴേ ഇരുട്ടിത്തുടങ്ങും. പകലുകളുടെ ദൈർഘ്യം കുറയുന്നു. വർഷത്തിലുടനീളം സൂര്യപ്രകാശം ലഭിക്കുന്ന ഒരു നാട്ടിൽനിന്നുവരുന്ന പ്രവാസിമനസ്സിന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണത്. ശിശിരമാസങ്ങളിൽ പകൽസമയത്തും സൂര്യപ്രകാശത്തിനൊരു മങ്ങലാണ്. മരങ്ങൾ ഇലകൾ പൊഴിച്ച് അസ്ഥിപഞ്ജരങ്ങളെപ്പോലെയാവും. പൈൻമരങ്ങൾ മാത്രം തലയുയർത്തി നെഞ്ചുവിരിച്ച് പ്രകൃതിയോട് പടവെട്ടി നിൽക്കും. അപ്പോഴാണ് ചാരനിറം ദൃശ്യമായിത്തുടങ്ങുന്നത്. മെല്ലെ മനസ്സിലേക്കും ആ നീല കലർന്ന ചാരനിറം പടരും. വസന്തത്തിലും ഗ്രീഷ്മത്തിലും ചലിക്കുന്ന വേഗത്തിൽ കാലുകൾ ചലിക്കാത്തതുപോലെ തോന്നും.

ഒരു ഹിമക്കരടിയെപ്പോലെ ശിശിരനിദ്രയിലേക്ക് പ്രവേശിച്ച് വസന്തത്തിലുണരാം എന്നൊരു മോഹം മനസ്സിൽ കടന്നുകൂടും; ഒരു നിഷ്‌ക്രിയാവസ്ഥ! ഇതേ സങ്കടങ്ങൾ എന്റെ പല പ്രവാസി സുഹൃത്തുക്കളും പങ്കുവെച്ചിട്ടുണ്ട്. സ്ത്രീകളിലാണ് ‘Winter Blues’ എന്ന് വൈദ്യന്മാർ വിശേഷിപ്പിക്കുന്ന ശിശിരനീലകൾ കൂടുതലായും കാണുന്നതത്രേ. കൃത്രിമവെളിച്ചങ്ങൾ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ് പരിഹാരം. സൂര്യവെളിച്ചത്തിന് പകരമാണത്. വിറ്റാമിൻ ഡിയുടെ കുറവും തണുപ്പുകാലങ്ങളിൽ ജീവിക്കുന്ന പലരിലും കാണുന്ന ഒന്നാണ്.

പ്രവാസജീവിതത്തിലെ ഒമ്പതുവർഷങ്ങൾ ഞങ്ങൾ കാനഡയിൽ ടൊറന്റോയിലാണ് കഴിഞ്ഞത്. വിവാഹജീവിതത്തിന്റെ രണ്ടാം വർഷമാണ് കാനഡയിലെത്തുന്നത്. ഇരുപത്തിയഞ്ച് വയസ്സിന്റെ യുവത്വം പ്രദാനംചെയ്ത ആത്മവിശ്വാസമായിരുന്നു കൈമുതൽ. പുതിയൊരുദേശത്ത് ജീവിതം തുടങ്ങുന്നതിന്റെ പ്രതീക്ഷകൾ മനസ്സ് നിറയേ! പ്രതീക്ഷിച്ചതിലും കഠിനമായിരുന്നു പ്രവാസത്തിന്റെ വെല്ലുവിളികൾ. ആറുമാസം നീണ്ടുനിൽക്കുന്ന അതിശൈത്യവുമായുള്ള പൊരുത്തപ്പെടലായിരുന്നു ഏറെ പ്രയാസം. അതിനുപുറമേ പുതിയ ഒരു സംസ്കാരം, ജീവിതരീതികൾ, ജോലിയിലെ വെല്ലുവിളികൾ. ഇതിനൊക്കെപ്പുറമേ ഒരു കുഞ്ഞിനെ വളർത്തുന്നതിന്റെ തത്രപ്പാടും. ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരുമെല്ലാം സഹായത്തിന് ഓടിയെത്തുന്ന ഒരു നാട്ടിൽനിന്ന് ആരും സഹായത്തിനില്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെടാൻ തന്നെ സമയമെടുത്തു.

മഞ്ഞു വീണുകിടക്കുന്നത് വീടിന്റെയകത്തിരുന്ന് ജനാലയിൽക്കൂടി കാണാനും ചിത്രങ്ങളിൽ കാണാനും ഭംഗിയാണ്. എന്നാൽ, മൈനസ് ഇരുപത്, മുപ്പത് ഒക്കെ വരെ താപനില താഴുന്ന ഒരു സ്ഥലത്ത് ജീവിക്കുകയെന്നത് ഏറെ ഉൾക്കരുത്തുവേണ്ട ഒന്നാണ്. എത്രയധികം മഞ്ഞുവീഴ്ചയുണ്ടെങ്കിലും ജീവിതം സാധാരണഗതിയിൽത്തന്നെ പോകണം. രണ്ടും മൂന്നും അടരുകളായി വസ്ത്രങ്ങളണിഞ്ഞ് ജാക്കറ്റും ഗ്ലൗസും തൊപ്പിയും ബൂട്‌സും ധരിച്ച് പുറത്തിറങ്ങി, വീടിന്റെ മുൻവശത്ത് കൂമ്പാരമായി വീണുകിടക്കുന്ന മഞ്ഞ് മാറ്റി വൃത്തിയാക്കി, വാഹനങ്ങളും വൃത്തിയാക്കിയെടുത്തു വേണം ജോലിക്കുപോകാൻ. കുഞ്ഞുങ്ങളെ ഈ വേഷങ്ങളൊക്കെയണിയിച്ച് ഡേകെയറിലും സ്കൂളിലുമൊക്കെയെത്തിക്കണം. റോഡുകളിലെ മഞ്ഞൊക്കെ ട്രക്കുകൾ വന്ന് മാറ്റിയിട്ടുണ്ടെങ്കിലും സൂക്ഷിച്ചുവേണം വാഹനമോടിക്കാൻ. ഏറ്റവുമധികം റോഡപകടങ്ങൾ സംഭവിക്കുന്ന സമയമാണ് ശൈത്യകാലം. മഞ്ഞുള്ള റോഡിൽ കാറോടിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഡ്രൈവിങ് സ്കൂളുകൾ നൽകും. എന്നാൽ, ജീവിതമാകുന്ന വാഹനം പുതിയ ഈ ഭൂമികയിൽ സ്വയം ഓടിച്ചുതന്നെ പഠിക്കണം. സങ്കടക്കടലാഴങ്ങളിലേക്ക് മനസ്സ് ആണ്ടുപോയ ശിശിരനീലകൾ നിറഞ്ഞ ദിവസങ്ങൾ ഏറെയുണ്ടായിരുന്നു കാനഡയിലെ പ്രവാസത്തിന്റെ ആദ്യ ശൈത്യങ്ങളിൽ. ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചേർത്തുപിടിക്കുകയും കൈത്താങ്ങാവുകയും ചെയ്തത്. എല്ലാവരും അവരവരുടെ ഓട്ടത്തിലാണ്. എന്നാലും ഓരോ പുതിയ പ്രവാസികുടുംബങ്ങളെയും തങ്ങളുടെ കൂട്ടായ്മയുടെ തണലിലേക്കണയ്ക്കാൻ എല്ലാവരും കഴിയുന്നതുപോലെ ശ്രമിക്കുന്നു എന്നതാണ് പ്രവാസിസമൂഹത്തിന്റെ സവിശേഷത. തനിക്കുമുമ്പ് ആ ദേശത്തേക്ക് കടന്നുവന്നവർ മഞ്ഞ് മാറ്റി ഉപ്പിട്ട് വൃത്തിയാക്കിയ വഴിത്താരകളാണ് തന്റെ യാത്രയെ സുഗമമാക്കുന്നത് എന്ന് ഓരോ പ്രവാസിയും മനസ്സിലാക്കുന്നു.

കാനഡയിൽനിന്ന് പ്രവാസയാത്ര തുടർന്ന് കുറച്ച് വർഷങ്ങൾ ന്യൂജഴ്‌സിയിൽ ഇടത്താവളമടിച്ച് ഇപ്പോൾ ഓസ്റ്റിനിൽ എത്തിനിൽക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങളെ വ്യക്തികളെന്നനിലയിൽ കരുത്തരാക്കിയ കാലഘട്ടമായിരുന്നു കാനഡയിലേത്. ജീവിതത്തിൽ എന്തും തരണം ചെയ്യാൻ ശക്തിലഭിച്ച ദിനങ്ങൾ. ദാമ്പത്യത്തിന്‌ ശക്തമായ അടിത്തറ നൽകിയ ആദ്യ വർഷങ്ങൾ. ഓരോ പ്രവാസിയും ഒരു യോദ്ധാവാണ്. പരിചിതമല്ലാത്ത ഭൂപ്രദേശത്തേക്ക് സധൈര്യം കടന്നുവന്ന് പടവെട്ടി ജീവിതം കെട്ടിപ്പടുത്ത് വിജയക്കൊടി നാട്ടുന്ന വീരയോദ്ധാവ്.
ഞങ്ങൾ താമസിച്ച മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് തണുപ്പിന്റെ കാഠിന്യം കുറവുള്ള സ്ഥലമാണ് ഓസ്റ്റിൻ. താപനില ഒറ്റയക്ക് ഡിഗ്രി സെൽഷ്യസുകളിലും രാത്രിയിൽ മാത്രം ചില ദിവസങ്ങളിൽ മൈനസ് ഡിഗ്രികളിലേക്കും പോകുന്ന ശിശിരകാലം. മഞ്ഞുവീഴുന്നത് അപൂർവമാണ്. ഇവിടെയും ശിശിരത്തിൽ പകലിന് നീളം കുറയുകയും ചാരനിറം പ്രത്യക്ഷമാവുകയും ചെയ്യും. എന്നാൽ, പ്രവാസത്തിന്റെ അനുഭവപരിചയത്തിൽ ഈ കാലവും കടന്നുപോകുമെന്ന് മനസ്സ് ശരീരത്തെ ഓർമിപ്പിക്കുന്നു. ജീവിതത്തിനില്ലാത്ത ഒരു നിശ്ചിതത്ത്വം കാലത്തിനുണ്ട്. ശൈത്യമുണ്ടെങ്കിൽ തൊട്ടുപുറകേ വസന്തം എത്തുമെന്ന ഉറപ്പ്. ഋതുഭേദങ്ങളുടെ താളം ജീവിതത്തിലേക്ക് സാംശീകരിച്ചാൽ ഏത് പ്രശ്നങ്ങളെയും തരണം ചെയ്യാൻ നമുക്ക് സാധിക്കും.

ഏത് കൃത്രിമവെളിച്ചത്തെക്കാളും വേഗം ശിശിരനീലകളെ അപ്രത്യക്ഷമാക്കുന്നതാണ് ഒരു സുഹൃത്തിന്റെ പുഞ്ചിരിക്കുന്ന മുഖവും സ്നേഹംനിറഞ്ഞ സംഭാഷണവും. ഇവിടെ ജനിച്ചുവളർന്നവർ പ്രവാസികളെക്കാളും ലാഘവത്തോടെയാണ് ഋതുഭേദങ്ങളെ കാണുന്നത്. എന്നിരുന്നാലും ശൈത്യത്തിന്റെ തണുപ്പകറ്റാൻ ഒത്തുകൂടലുകളുടെ പ്രസക്തി അവരും മനസ്സിലാക്കുന്നു. ഏറെ തണുപ്പുള്ള സ്ഥലങ്ങളിലാണ് ഡിസംബർ ഏറ്റവും ആഘോഷഭരിതമാവുന്നതെന്ന് തോന്നാറുണ്ട്.

എന്റെ മനസ്സിലെ നീലയുടെ നിറഭേദങ്ങൾ മറഞ്ഞുതുടങ്ങുന്നത് ക്രിസ്മസ് വിളക്കുകൾ തെളിഞ്ഞുതുടങ്ങുമ്പോഴാണ്. വടക്കേ അമേരിക്കയിലൊന്നാകെ ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്മസ്. കച്ചവടവത്കരിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുമ്പോഴും ആ കച്ചവടവത്കരണം തന്നെയാണ് ക്രിസ്മസിന്‌ ഒരു മതേതരസ്വഭാവം നൽകിയത്. എന്റെ വീടും ക്രിസ്മസിനായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. എല്ലാവർഷവും ഡിസംബർ ഒന്നാം തീയതി ക്രിസ്മസ് ട്രീക്കായി ഒരു മരം തിരഞ്ഞെടുത്ത് വാങ്ങിക്കൊണ്ടുവരുകയെന്നത് ഞങ്ങൾക്കിഷ്ടമുള്ള ചടങ്ങായി മാറിയിരിക്കുന്നു. എവർഗ്രീൻ മരങ്ങൾ ക്രിസ്മമസിനായി വളർത്തുന്ന കൃഷിയിടങ്ങളിൽനിന്ന് വെട്ടിക്കൊണ്ടുവന്ന് വിൽക്കുന്ന കടകളുണ്ട്. ആറുതൊട്ട് പതിനഞ്ചടിവരെ ഉയരമുള്ള മരങ്ങൾ. അത് ഉറപ്പിച്ചുനിർത്താൻപറ്റുന്ന വെള്ളംനിറയ്ക്കാവുന്ന സ്റ്റാൻഡും വാങ്ങാൻ കിട്ടും. മകൾ കോളേജിൽ പോയതിനുശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആണ്. താങ്ക്‌സ് ഗിവിങ്‌ അവധിക്കുവന്നപ്പോൾ മകളെ കൂട്ടിക്കൊണ്ടുപോയി ക്രിസ്മസ് ട്രീ തിരഞ്ഞെടുത്ത്‌ വാങ്ങി. ക്രിസ്മസ് ട്രീയിൽ തൂക്കുന്ന ഓരോ ഓർണമെന്റിനും പിന്നിൽ ഒരു ഓർമയുണ്ട്. മകളുടെ ആദ്യ ക്രിസ്മസിന് വാങ്ങിയത്, യാത്രകളിൽ വാങ്ങിയവ, കുടുംബഫോട്ടോകളുള്ളവ എന്നിങ്ങനെ. അവയിൽ ചേക്കുട്ടിപ്പാവകളുമുൾപ്പെടും. ക്രിസ്മസ് ട്രീയുടെ ഇലകളിൽനിന്നുള്ള സൗരഭ്യം വീടാകെ നിറയുന്നു.

ഓരോ ട്രീയുടെയും ഓർമയ്ക്ക് അതിന്റെ ചുവട്ടിൽനിന്ന് മുറിച്ചുമാറ്റിയ തായ്‌ത്തടിയുടെ ഒരു കഷണം വർഷത്തിന്റെ പേരെഴുതി സൂക്ഷിക്കും. വീടിന്റെ പലഭാഗങ്ങളും ക്രിസ്മസിന്റെ അലങ്കാരങ്ങളും നക്ഷത്രത്തിളക്കവും കൊണ്ട് പ്രകാശിതമായിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ വീടിന്റെ വളരെയടുത്തുള്ള ചിനാറ്റി സ്ട്രീറ്റിലെ താമസക്കാർ വീടുകൾ മുഴുവൻ വലിയതോതിൽ പലതരം ലൈറ്റുകളും അലങ്കാരങ്ങളും തൂക്കി മോടിപിടിപ്പിച്ച് ഒരു ക്രിസ്മസ് ഗ്രാമം സൃഷ്ടിക്കും. എല്ലാവർഷവും ഇവർ മുടങ്ങാതെ ഇതുചെയ്തുവരുന്നു. മറ്റ് സ്ഥലങ്ങളിൽനിന്ന് ആളുകൾ ഇത് കാണാനായി എത്തും. ക്രിസ്മസ് അടുക്കുമ്പോൾ രാത്രിയിൽ സാന്റാക്ലോസുമെത്തും. കുട്ടികൾക്ക് സാന്റയുടെ കൂടെ ചിത്രമെടുക്കാം. അവിടെയുള്ള വീട്ടുകാരൊക്കെ പുറത്തിറങ്ങി അതിഥികളെ സ്വീകരിക്കും. വരുന്നവർക്ക് കാപ്പിയും ഹോട്ട് ചോക്ലേറ്റുമൊക്കെ നൽകിയും കുശലം പറഞ്ഞും ആഘോഷമാക്കുന്ന രാവുകൾ. ക്രിസ്മസ് രാവിൽ ചിനാറ്റി സ്ട്രീറ്റിൽ കൂടിയുള്ള നടത്തം ഞങ്ങളുടെ ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഭാഗമാണ്‌. ഇതുപോലെ പലയിടങ്ങളും ഓസ്റ്റിനിൽ കാണാൻ കഴിയും. ഒരു പാർക്ക്‌ മുഴുവൻ ലൈറ്റുകളിട്ട് നടന്നുകാണാൻ അവസരമൊരുക്കുന്ന ട്രെയിൽ ഓഫ് ലൈറ്റ്‌സും വളരെയധികം ജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്. അതുപോലെ വണ്ടിയോടിച്ച് ക്രിസ്മസ് ലൈറ്റുകൾ ആസ്വദിക്കാവുന്ന ഡ്രൈവ്ത്രൂ സ്ഥലങ്ങളും. ഓസ്റ്റിനിൽ മാത്രം ഞാൻ കണ്ട ഒന്നാണ്‌ ഹൈവേയുടെയും മറ്റും ഓരങ്ങളിലുള്ള പൈൻമരങ്ങൾ കുടുംബമായോ കൂട്ടുകാരൊത്തോ വന്ന് അലങ്കാരങ്ങൾ അണിയിക്കുന്നത്. ക്രിസ്മസ് കഴിയുമ്പോൾ അവർതന്നെ അതൊക്കെ അഴിച്ച് വൃത്തിയാക്കുകയും ചെയ്യും. നഗരത്തെ മോടിപിടിപ്പിക്കുക, മറ്റുള്ളവർക്ക് സന്തോഷം പകർന്നുകൊടുക്കുക എന്നൊക്കെയുള്ള സദുദ്ദേശ്യങ്ങളാണ് ഇതിനൊക്കെ പിന്നിൽ. മനുഷ്യർ സമൂഹജീവിയാണ് എന്നു തെളിയിക്കുന്ന സന്ദർഭങ്ങൾ! മലയാളിയുള്ളിടത്തെല്ലാം മലയാളി അസോസിയേഷനുകൾ കലാവിരുന്നുകളോടുകൂടിയ വമ്പിച്ച ക്രിസ്‌മസ്‌ ആഘോഷങ്ങൾ ഡിസംബറിൽ നടത്തുന്നു. മലയാളികൾക്ക് ഒന്നിച്ചുകൂടാനുള്ള വേദിയൊരുക്കുക എന്നതാണ് പ്രധാനലക്ഷ്യം. സുഹൃത്തുക്കളുമൊന്നിച്ചുള്ള അത്താഴവിരുന്നുകളും സ്കൂളുകളിലെ ആഘോഷങ്ങളും ജോലിസ്ഥലങ്ങളിലെ ഒത്തുകൂടലുമൊക്കെയായി ശിശിരത്തിലെ തണുപ്പകറ്റുവാനുള്ള അവസരങ്ങൾ ധാരാളം! കോവിഡ് കാലഘട്ടത്തിൽ നഷ്ടമായതും കൂട്ടായ്മയുടെ ഈ സാന്ത്വനമായിരുന്നു.


മനസ്സിലെ മായാത്ത ഓർമയാണ് ചെറുപ്പത്തിലെ ക്രിസ്മസ്. ചെറിയ മൂടൽമഞ്ഞുള്ള പ്രഭാതങ്ങളിൽ ഉണ്ണീശോപ്പുല്ല് വളരുന്നുണ്ടോ എന്നു നോക്കി നടക്കുന്ന ഡിസംബറിന്റെ ആദ്യ ആഴ്ചകൾ, അടുക്കളയിൽ അരിപ്പെട്ടിയുടെ പുറത്തിരുന്ന്, അമ്മച്ചി ചൂടോടെ ചുട്ടുതരുന്ന അപ്പം പഞ്ചസാരയിട്ട് ചുരുട്ടിത്തിന്നുന്ന ക്രിസ്മസ് അവധിയുടെ ആദ്യദിനങ്ങൾ, ആങ്ങളമാരും ചേച്ചിയും എത്തുന്ന കാത്തിരിപ്പിന്റെ ക്രിസ്മസ് ആഴ്ച, പിന്നെ എല്ലാവരുമൊത്ത് സന്തോഷത്തിന്റെ ക്രിസ്മസ്ദിനം! പുനഃസൃഷ്ടിക്കാൻ കഴിയാത്ത സാന്ത്വനിപ്പിക്കുന്ന ഓർമ.

ഇന്നിവിടെ വീണ്ടുമൊരു കാത്തിരിപ്പിന്റെ സുഖം ഞാനനുഭവിക്കുന്നു. മകൾ കോളേജിൽനിന്ന് അവധിക്കെത്താൻ ഏതാനും ദിവസം മാത്രം! മകൾക്ക് ഇതാണ് നാട്. രണ്ട് സംസ്കാരങ്ങളുടെയും നല്ല വശങ്ങളുടെ സമ്പന്നതയാണ് മകൾ അനുഭവിക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കാനും മാനവികതയിൽ വിശ്വസിക്കാനും പഠിപ്പിച്ചവരാണ് എന്റെ മാതാപിതാക്കൾ.

ഞങ്ങളുടെ സുഹൃത്തുക്കളിൽ യഹൂദമതത്തിൽപ്പെട്ടവരുമുണ്ട്. ദീപങ്ങളുടെ ഉത്സവമാണ് ‘ഹനൂക്ക’. ഒമ്പത് ശിഖരങ്ങളുള്ള ‘മിനോറ’ എന്ന് വിളിക്കുന്ന വിളക്കിലെ ഒരു മെഴുകുതിരി ഉപയോഗിച്ച് ഓരോ രാത്രിയും ഒരു തിരിവീതം കത്തിച്ച് എട്ടു ദിവസത്തെ ഉത്സവങ്ങളുടെ ഒടുവിൽ എല്ലാ തിരികളിലും വെളിച്ചം പരക്കും. പ്രത്യേക ഭക്ഷണങ്ങളും സമ്മാനങ്ങളുമൊക്കെയായി അവരുടെ ആഘോഷങ്ങളും ഡിസംബറിനെ സമ്പന്നമാക്കുന്നു. ‘ക്വാൻസ’ ആഫ്രിക്കൻ പൈതൃകത്തെ ആഘോഷിക്കുന്ന ഉത്സവമാണ്. വിളവെടുപ്പുത്സവമായും ഇതിനെ കാണാം. ക്രിസ്മസും ഹനൂക്കയുമൊക്കെപ്പോലെത്തന്നെ ഒത്തുകൂടലാണ് ക്വാൻസയുടെയും കേന്ദ്രബിന്ദു.

അമേരിക്കയെ മെൽറ്റിങ് പോട്ട് എന്ന് വിശേഷിപ്പിക്കാറുണ്ട്. പല ദേശങ്ങളിൽനിന്ന് വന്നവർ, വ്യത്യസ്ത സംസ്കാരങ്ങളിൽ വളർന്നവർ ഒക്കെ ഒത്തുചേർന്ന് ഒരൊറ്റ ജനതയാകുന്ന, പുത്തൻ സംസ്കാരത്തിന്റെ പാകപ്പെടുത്തൽ നടക്കുന്ന ഒരു മാന്ത്രികക്കാലം. മലയാളി പ്രവാസികളും ആ രുചിക്കൂട്ടിൽ പുതിയ സ്വാദുകൾ സൃഷ്ടിക്കുന്നു. ഈ മായാജാലം ഏറ്റവും ദൃശ്യമാകുന്ന മാസം കൂടിയാണ് ഡിസംബർ.

Content Highlights: christmas memory christmas message christmas wishes

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram