മകരജ്യോതി കണ്ട് മനംനിറഞ്ഞ് ഭക്തര്‍; ശബരിമല ഭക്തിസാന്ദ്രം


1 min read
Read later
Print
Share

ശബരിമല സന്നിധാനം

ശബരിമല: മലകയറിയെത്തിയ ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും പൂങ്കാവനത്തിലും ശരണമന്ത്രങ്ങളുമായി കാത്തിരുന്ന ഭക്തലക്ഷങ്ങള്‍ക്ക് അത് ആത്മസായൂജ്യത്തിന്റെ അനര്‍ഘനിമിഷമായി. ഉച്ചത്തില്‍ സ്വാമിമന്ത്രം മുഴക്കി അവര്‍ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി.

ബുധനാഴ്ച പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാത വഴിയാണ് വൈകീട്ട് ശരംകുത്തിയിലെത്തിയത്. ആഘോഷവരവായി വൈകീട്ടോടെ ശരംകുത്തിയിലെത്തിയ തിരുവാഭരണപേടകങ്ങളെ ആചാരപൂര്‍വം ദേവസ്വം പ്രതിനിധികള്‍ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു.

പതിനെട്ടുപടി കയറിയെത്തിച്ച ആഭരണപ്പെട്ടികള്‍ കൊടിമരച്ചുവട്ടില്‍നിന്നു സോപാനത്തേക്ക്. ശ്രീലകവാതിലില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി. തിരുവാഭരണങ്ങള്‍ അയ്യന്റെ തിരുമേനിയില്‍ ചാര്‍ത്തി, ദീപാരാധന നടത്തിയതിനുശേഷമാണ് പൊന്നമ്പലമേട്ടില്‍ മൂന്നുവട്ടം ജ്യോതി തെളിഞ്ഞത്. ആകാശത്ത് പൊന്‍പ്രഭയോടെ മകരനക്ഷത്രം ജ്വലിച്ചുനിന്നു.

ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദര്‍ശനത്തിന് എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ കാര്യമായ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കുറി പതിനായരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram