To advertise here, Contact Us



രാജപ്രതിനിധി തൊഴുതിറങ്ങി, ശബരിമല നടയടച്ചു; വരുമാനം 151 കോടി, എത്തിയത് 21.36 ലക്ഷം തീര്‍ഥാടകര്‍


സുനിത്ത് കുമാര്‍

2 min read
Read later
Print
Share

Sabarimala | Photo : Mathrubhumi

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ദര്‍ശനത്തിനെത്തിയത് 21,36,551 തീര്‍ഥാടകര്‍. പമ്പാ സ്‌നാനത്തിനും നെയ്യഭിഷേകത്തിനും ഉള്‍പ്പെടെ നിയന്ത്രണങ്ങളോടെയായിരുന്നു മണ്ഡലകാലം ആരംഭിച്ചത്. പിന്നീട് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കിയതോടെ ഇതരസംസ്ഥാനത്തുനിന്നടക്കം തീര്‍ഥാടകര്‍ ഒഴുകിയെത്തി. കൂടുതല്‍ ഇളവുകള്‍ നല്‍കിയ ഡിസംബര്‍ മാസമാണ് കൂടുതല്‍ തീര്‍ഥാടകര്‍ ദര്‍ശനത്തിനായി എത്തിയത്.

To advertise here, Contact Us

പോലീസിന്റെ കണക്കുപ്രകാരം 11,28,392 തീര്‍ഥാടകരാണ് അയ്യപ്പദര്‍ശനത്തിനായി എത്തിയത്. ദര്‍ശനത്തിന് എത്തിയവരില്‍ അധികവും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ്. നവംബര്‍മാസം 1,96,976 തീര്‍ഥാടകരാണ് എത്തിയത്. ജനുവരി ഒന്നുമുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ 8,11,183 തീര്‍ഥാടകരാണ് എത്തിയത്. കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു തീര്‍ഥാടനം. വെര്‍ച്വല്‍ ക്യൂ വഴിമാത്രമായിരുന്നു ദര്‍ശനം. ഓണ്‍ലൈന്‍ ബുക്കിങ്ങിനൊപ്പം സ്‌പോട്ട് ബുക്കിങ്ങും ഏര്‍പ്പെടുത്തിയതോടെയാണ് സാധാരണക്കാരായ തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തിയത്.

ആകെ 151 കോടിരൂപയാണ് ശബരിമലയിലെ ഇപ്രാവശ്യത്തെ വരുമാനം. വരുമാനത്തിലെ മുഖ്യപങ്കും അരവണയിലൂടെയാണ് ലഭിച്ചത്. 59.75 കോടിരൂപയുടെ അരവണയാണ് ഇത്തവണ ചെലവായത്. അപ്പം വിറ്റുവരവായി ഏഴ് കോടി രൂപയും ലഭിച്ചു. കാണിക്കയിനത്തില്‍ 61.25 കോടിയും ലഭിച്ചു.

ഇരുപത് ദിവസം നീണ്ടുനിന്ന മകരവിളക്ക് ഉത്സവത്തിന് മാത്രം 66.40 കോടിരൂപയാണ് ലഭിച്ചത്. 25.50 കോടിയുടെ അരവണയും 3.20 കോടിരൂപയുടെ അപ്പവും ചെലവായി. കാണിക്കയിനത്തില്‍ 29.5കോടിയും നെയ്യഭിഷേകം അടക്കമുള്ള വഴിപാട് ഇനത്തില്‍ 8.20 ലക്ഷം രൂപയും മകരവിളക്ക് ഉത്സവ സമയകാലത്ത് ലഭിച്ചു. സമീപകാലത്തെ ഉയര്‍ന്ന വരുമാനം 2019-20 കാലയളവിലായിരുന്നു. 269.37 കോടി രൂപയായിരുന്നു അന്നത്തെ ആകെ വരുമാനം.

രാജപ്രതിനിധി തൊഴുതിറങ്ങി ശബരിമല നടയടച്ചു

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. ഇനി കുംഭമാസ പൂജകള്‍ക്കായി നടതുറക്കുംവരെ പൂങ്കാവനത്തില്‍ ഭഗവാന് യോഗനിദ്ര. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12-ന് വൈകീട്ട് അഞ്ചിന് നടതുറക്കും. വ്യാഴാഴ്ച പുലര്‍ച്ചെ 5.15-ന് ഗണപതിഹോമത്തിനുശേഷം രാജപ്രതിനിധി മൂലംതിരുനാള്‍ ശങ്കര്‍വര്‍മ സന്നിധാനത്തെത്തി അയ്യപ്പദര്‍ശനം നടത്തി.

യോഗദണ്ഡുമായി ഭസ്മാഭിഷിക്തനായിരിക്കുന്ന ഭഗവാന്‍ യോഗനിദ്രയിലാകുന്നതുകണ്ട് അദ്ദേഹം പിന്‍വാങ്ങിയതോടെ, മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി നെയ്ത്തിരിയണച്ച് ശ്രീകോവിലടച്ചു.

തുടര്‍ന്ന് താക്കോല്‍ രാജപ്രതിനിധിക്ക് കൈമാറി. ആറിന് തിരുവാഭരണവുമായി പേടകവാഹകര്‍ പതിനെട്ടാംപടിയിറങ്ങി. പിന്നാലെ രാജപ്രതിനിധിയും പടിയിറങ്ങി താഴെയെത്തി ശ്രീകോവിലിന്റെ താക്കോല്‍ മേല്‍ശാന്തിയെ തിരികെയേല്പിച്ചു.

തുടര്‍ന്ന്, വരുന്ന ഒരുവര്‍ഷത്തെ ക്ഷേത്രച്ചെലവുകള്‍ക്കായി ദേവസ്വം കാര്യക്കാരന് പണക്കിഴിയും കൈമാറി മലയിറങ്ങി.

ശബരിമലയില്‍നിന്ന് കാല്‍നടയായി യാത്രതിരിച്ച തിരുവാഭരണപേടക വാഹക സംഘം ഞായറാഴ്ച രാവിലെ പന്തളം കൊട്ടാരത്തിലെത്തും. ഭഗവാന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനാണ് പിന്നീട് തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി പുറത്തെടുക്കുന്നത്.

രാവിലെ സന്നിധാനത്തുനിന്ന് പുറപ്പെട്ട തിരുവാഭരണപേടകവാഹകസംഘം നിലയ്ക്കല്‍, പ്ലാപ്പള്ളിവഴി രാത്രി ഏഴോടെ ളാഹ സത്രത്തിലെത്തി ആദ്യദിനം വിശ്രമിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇവിടെനിന്നുതിരിച്ച് പത്തുമണിയോടെ പെരുനാട് കക്കാട്ടുകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെത്തും.

ഉച്ചയ്ക്ക് രണ്ടിന് ഇവിടെ ആഭരണങ്ങള്‍ ചാര്‍ത്തും. പുലര്‍ച്ചെ രണ്ടുവരെ കനകാഭരണങ്ങളണിഞ്ഞ ധര്‍മശാസ്താവിനെ ഭക്തര്‍ക്ക് ദര്‍ശിക്കാം.

പൂര്‍ത്തിയായത് പരാതിരഹിത തീര്‍ഥാടനം

നവംബറില്‍ തീര്‍ഥാടനം ആരംഭിക്കുമ്പോള്‍ നിറയെ ആശങ്കകളാണ് നിലനിന്നിരുന്നത്. നെയ്യഭിഷേകം, പമ്പാസ്‌നാനം, കാനനപാത, നീലിമലപ്പാത അടക്കമുള്ള ആചാരങ്ങള്‍ പാലിക്കാന്‍ കഴിയാതെ വരുമോയെന്ന ആശങ്ക എല്ലാവരിലുമുണ്ടായിരുന്നു. എന്നാല്‍, ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഇടപെടലോടെ എല്ലാം പഴയരീതിയല്‍ കൊണ്ടുവരാന്‍ സാധിച്ചു. തീര്‍ത്തും പരാതിരഹിതമായ തീര്‍ഥാടനകാലമാണ് പൂര്‍ത്തിയായത്. -അഡ്വ. കെ.അനന്തഗോപന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

content highlights: sabarimala pilgrimage 2021, sabarimala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us