കേരളത്തിന്റെ പ്രാചീന ഗോത്ര സംസ്‌കാരത്തിന്റെ ഭാഗമായി കാളിക്ഷേത്രങ്ങളില്‍ നടത്തുന്ന അനുഷ്ഠാന കലയാണ് പടയണി. അസുര ചക്രവര്‍ത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. ദാരികനെ വധിച്ചിട്ടും കലിയടങ്ങാതെ നിന്ന ഭദ്രകാളിയുടെ കോപം അടക്കാന്‍ ശിവ പുത്രനായ മുരുകന്‍ പ്രകൃതിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞള്‍, കരിക്കട്ടകള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകള്‍ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാല്‍ കമുകിന്‍ പാളകളില്‍ വരച്ച് കാളിയുടെ മുമ്പില്‍ തുള്ളിയെന്നും ഇതോടെ കാളിയുടെ കോപം അടങ്ങിയെന്നുമാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മപുതുക്കലാണ് പടയണിയായി ആചരിക്കുന്നത്.
എന്നാല്‍ മധ്യതിരുവിതാംകൂറില്‍ മാത്രമാണ് പടയണി അനുഷ്ഠാനങ്ങള്‍ നടക്കുന്നത്. കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തിയുടെ യുദ്ധവിജയങ്ങള്‍ പ്രഘോഷിക്കുന്നതിനായാണ് ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. കമുകിന്‍ പാള ചെത്തിയെടുത്ത് പച്ച ഈര്‍ക്കില്‍ കൊണ്ട് യോജിപ്പിച്ച് കുരുത്തോലയും വര്‍ണ്ണക്കടലാസുകളും കൊണ്ടാണ് കോലങ്ങള്‍ ഉണ്ടാക്കുന്നത് ആചാരദേവതയുടെ കോലം കരിയും ചെങ്കല്ലും മഞ്ഞളും പാളയില്‍ വരഞ്ഞുണ്ടാക്കുന്നു. മകരം,കുംഭം, മീനം മാസങ്ങളിലാണ് സാധാരണ ഗതിയില്‍ പടയണി നടത്തുന്നത്.
കാലന്‍കോലം,ഭൈരവിക്കോലം,ഗണപതിക്കോലം,യക്ഷിക്കോലം പക്ഷിക്കോലം, മറുത തുടങ്ങി നിരവധി കോലങ്ങളാണ് പടയണിയിലുള്ളത്. പടയണിക്ക് ഓരോ ക്ഷേത്രങ്ങളിലും ആചാരപരമായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാമെങ്കിലും പൊതുവായ ഓരു ചട്ടക്കൂട് എല്ലാക്ഷേത്രങ്ങളിലുമുണ്ട്. പത്തനംതിട്ടയിലെ കടമ്മനിട്ട,പുല്ലാട്, എഴുമറ്റൂര്‍, കോട്ടാങ്ങല്‍, ഇലന്തൂര്‍, താളൂര്‍, പോര്‍ട്ടിക്കാവ്, കല്ലൂപ്പാറ, കദളിമംഗലം,വടശ്ശേരിക്കാവ്,തോണ്ടുകുളങ്ങര ദേവീ ക്ഷേത്രം നിരണം വടക്കുംഭാഗം കിടങ്ങനൂര്‍ പള്ളിമുക്കം ദേവി ക്ഷേത്രം, കുന്നംന്താനം മഠത്തില്‍ക്കാവ് ദേവി ക്ഷേത്രം, കോട്ടയം ജില്ലയിലെ തച്ചരിക്കല്‍ ശ്രീ ഭദ്രകാളീ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലാണ് പടയണി നടക്കുന്നത്.