‘കൈലാസയാത്ര’യുമായി ചെങ്കൽ ക്ഷേത്രത്തിലെ മഹാശിവലിംഗം പത്തിനു തുറക്കും


2 min read
Read later
Print
Share

തുറക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ശിവലിംഗം എട്ടു നിലകളിലായി 108 ചെറുശിവലിംഗങ്ങൾ

നെയ്യാറ്റിൻകര: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ 111 അടി ഉയരത്തിലുള്ള മഹാശിവലിംഗം പത്തിനു നാടിനു സമർപ്പിക്കും. എട്ടു നിലകളിലുള്ള ശിവലിംഗത്തിനുള്ളിൽ 108 ചെറുശിവലിംഗങ്ങളുണ്ട്. കൈലാസയാത്രയുടെ പ്രതീതി ജനിപ്പിക്കുന്ന മഹാശിവലിംഗം ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയതും വലുപ്പമുള്ളതുമായ ശിവലിംഗമാണ്.

2012 മാർച്ചിലാണ് 111 അടി ഉയരത്തിലുള്ള ശിവലിംഗത്തിന്റെ നിർമാണം ആരംഭിച്ചത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയിൽ മഹാശിവലിംഗം ഇടംനേടിയിട്ടുണ്ട്. ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടംനേടാനുള്ള പരിശോധനകൾ നടക്കുകയാണ്.

മഹാശിവലിംഗത്തിനുള്ളിൽ എട്ടു നിലകളാണുള്ളത്. ഓരോ നിലയിലും വിശ്വാസികൾക്കു പ്രാർഥിക്കാനുള്ള സൗകര്യമുണ്ട്. ഒന്നാംനിലയിലെ ശിവലിംഗത്തിൽ ഭക്തർക്ക് അഭിഷേകം ചെയ്യാൻ കഴിയും. ഒന്നു മുതൽ ഏഴു നിലകളിലായി 108 ചെറുശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചു കഴിഞ്ഞു.

എട്ടാം നിലയിൽ കൈലാസമാണ്. ഇവിടെ ശിവപാർവതിയുടെ വലിയ വിഗ്രഹമുണ്ട്. മഹാശിവലിംഗത്തിനുള്ളിലൂടെ കൈലാസയാത്ര നടത്തുന്ന പ്രതീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ചുമരിെലല്ലാം ശില്പങ്ങൾ നിർമിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിലെ ഏഴ് ആധാരങ്ങളെ പ്രതിനിധാനംചെയ്ത് ഏഴു നിലകൾ, പിന്നെ എട്ടാം നിലയിൽ കൈലാസം. ശിവന്റെ 64 ഭാവങ്ങൾ ശില്പങ്ങളായി മഹാശിവലിംഗത്തിനകത്തുണ്ട്.

ധ്യാനത്തിലൂടെ പരമാത്മാവിനെ അറിയുക എന്ന തത്വം ഓരോ ഭക്തനും തിരിച്ചറിയുക എന്ന ഉദ്ദേശ്യത്തോടെയാണ് മഹാശിവലിംഗം നിർമിച്ചതെന്ന് ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദസ്വാമി പറഞ്ഞു. പത്താം തീയതി ഞായറാഴ്ച രാവിലെ 8.15-ന് മഠാധിപതി മഹേശ്വരാനന്ദ സ്വാമിയുടെ മുഖ്യകാർമികത്വത്തിൽ മഹാശിവലിംഗം തീർഥാടകർക്കായി തുറന്നുകൊടുക്കും.

തുടർന്നു നടക്കുന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.ആൻസലൻ എം.എൽ.എ. അധ്യക്ഷനാകും. വൈകീട്ട് ആറിന് ക്ഷേത്രത്തിൽ ലക്ഷദീപം തെളിക്കും.

ചെങ്കൽ ക്ഷേത്രത്തിലെത്താനുള്ള വഴി

തിരുവനന്തപുരത്തുനിന്ന്‌ നാഗർകോവിൽ, പാറശ്ശാല വഴി വരുന്നവർക്ക്‌ ഉദിയൻകുളങ്ങരയിലെത്തി അവിടെനിന്ന്‌ വട്ടവിള വഴി ചെങ്കൽ ക്ഷേത്രത്തിലെത്താം. കൊല്ലങ്കോട്, പൊഴിയൂർ വഴി വരുന്നവർ പഴയ ഉച്ചക്കട, പ്ലാമൂട്ടുക്കട, പൂഴിക്കുന്ന്, വ്ളാത്താങ്കര വഴി ക്ഷേത്രത്തിലെത്താം. കൂടുതൽ വിവരങ്ങൾക്ക്- 0471-2236273.

Content Highlights: The 111 feet high Maha Siva Linga will be dedicated to the country on november 10

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram