ശബരിമലനട തുറന്നു, മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


ശബരിമല: ചിങ്ങമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ആഴിയിൽ അഗ്നി പകർന്നതോടെ ഭക്തരെ പതിനെട്ടാംപടി കയറ്റി. ഭഗവാനെ അണിയിച്ചിരുന്ന വിഭൂതിപ്രസാദം തന്ത്രി ഭക്തർക്കു വിതരണംചെയ്തു. വെള്ളിയാഴ്ച പ്രത്യേകപൂജകളൊന്നുമുണ്ടായില്ല.

ശനിയാഴ്ച പുലർച്ചെ ഗണപതിഹോമത്തിനുശേഷം ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. 13 പേരാണ് മേൽശാന്തിപ്പട്ടികയിലുള്ളത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ മാധവ് കെ.വർമയും കാഞ്ചന കെ.വർമയുമാണ് നറുക്കെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാർ ചിങ്ങമാസപൂജാസമയത്തും ഒാണപ്പൂജക്കാലത്തുമായി സന്നിധാനത്തുണ്ടാവും.

തന്ത്രിയിൽനിന്നും നിലവിലെ മേൽശാന്തിയിൽനിന്നും പൂജാവിധികൾ കൂടുതൽ മനസ്സിലാക്കുന്നതിനാണിത്. കൂടാതെ, ഇരുവരും കന്നിമാസം ഒന്നുമുതൽ 31 വരെ സന്നിധാനത്തും മാളികപ്പുറത്തുമായി ഭജനമിരിക്കണം. കഴിഞ്ഞതവണവരെ തുലാം ഒന്നിനായിരുന്നു മേൽശാന്തിനറുക്കെടുപ്പ്. ശനിയാഴ്ചമുതൽ നടയടയ്ക്കുന്ന 21 വരെ ഭക്തർക്ക് നെയ്യഭിഷേകം നടത്താം.

Content Highlights: Shabarimala Shrine open

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram