തൃശ്ശൂർ: ഹോളി ഫാമിലി സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യയെ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. രാവിലെ പത്തിനാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ചടങ്ങ്.
റോമിൽ വിശുദ്ധ പ്രഖ്യാപനത്തിനു മുന്നോടിയായി ശനിയാഴ്ച വൈകീട്ട് നാലിന് മരിയ മെജോറ ബസിലിക്കയിൽ ഒരുക്കശുശ്രൂഷ നടക്കും. കർദിനാൾ ആഞ്ചലോ ജിയോവാനി ബെച്ച്യു മുഖ്യകാർമികനാകും.
തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയിൽ സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിക്കും.
വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ചു വിശുദ്ധരുടെ വലിയ ഛായാചിത്രങ്ങൾ സ്ഥാപിച്ചു. നാമകരണനടപടികളുടെ പോസ്റ്റുലേറ്റർ ഫാ. ബെനഡിക്ട് വടക്കേക്കര തിരുശേഷിപ്പായി മറിയം ത്രേസ്യയുടെ അസ്ഥി സെന്റ് പീറ്റേഴ്‌സിലെ വിശുദ്ധ പദവി പ്രഖ്യാപന കാര്യാലയത്തിൽ സമർപ്പിച്ചു. പുണ്യമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ കേരളത്തിൽനിന്നുള്ള സംഘം വ്യാഴാഴ്ച റോമിലേക്കു യാത്രയായി.
വിശുദ്ധ പ്രഖ്യാപനത്തിന്റെ ഇന്ത്യയിലെ ആഘോഷം നവംബർ 16-ന് കുഴിക്കാട്ടുശേരിയിൽ നടക്കും.
Content Highlights: Mariam Thresia will be declared a s saint on Sunday