ഇന്ന് ശ്രീകൃഷ്ണജയന്തി: ഗുരുവായൂരിൽ കണ്ണനെ വണങ്ങാൻ പതിനായിരങ്ങൾ


ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷത്തിന് ഗുരുവായൂരിൽ വിപുലമായ ഒരുക്കങ്ങൾ. ശനിയാഴ്ച വൈകീട്ടു തന്നെ ക്ഷേത്രത്തിലേക്ക് ഭക്തർ എത്തിത്തുടങ്ങി.

ഞായറാഴ്ച പുലർച്ചെ മൂന്നിന് ദീപക്കാഴ്ചയോടെ ക്ഷേത്രത്തിൽ ആഘോഷം തുടങ്ങും. ഏഴിന് സ്വർണ്ണക്കോലം എഴുന്നള്ളിക്കുന്ന കാഴ്ചശ്ശീവേലി ആരംഭിക്കും. പഞ്ചാരിമേളമാകും അകമ്പടി. പ്രമാണം പെരുവനം കുട്ടൻമാരാർ. സ്വർണ്ണക്കോലത്തിൽ പൊൻതിടമ്പ് ഗുരുവായൂർ പദ്മനാഭൻ വഹിക്കും.

പിറന്നാൾസദ്യ കാലത്ത് ഒൻപതിന് തുടങ്ങും. അന്നലക്ഷ്മിഹാളിലും തെക്കേനട പ്രത്യേക പന്തലിലും സദ്യ വിളമ്പും. രണ്ടുമണിവരെ സദ്യയുടെ ക്യൂവിൽ കയറാം.

മൂന്നിന് പഞ്ചവാദ്യത്തോടെ കാഴ്ചശ്ശീവേലി തുടങ്ങും. ചോറ്റാനിക്കര വിജയനും കുനിശ്ശേരി ചന്ദ്രനും വാദ്യം നയിക്കും. ശശിമാരാരുടേതാണ് തായമ്പക. അത്താഴപൂജയ്ക്ക് വിശേഷ നെയ്യപ്പം നിവേദിക്കും. 46,000 അപ്പം ശ്രീലകത്ത് എത്തിക്കും. താംബൂലനിവേദ്യവും ഉണ്ടാകും. മേൽശാന്തി ഭവൻ നമ്പൂതിരി പൂജ നിർവഹിക്കും. രാത്രി പത്തിന് വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കും. മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കകളും നാഗസ്വരങ്ങളും അകമ്പടിയാകും. അവസാന പ്രദക്ഷിണത്തിന് മേളം കൊട്ടിക്കയറും. കൊമ്പൻ വലിയകേശവൻ സ്വർണ്ണക്കോലമേറ്റും.

മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 7.45-ന് ഭാഗവത സപ്താഹത്തിൽ ശ്രീകൃഷ്ണാവതാരം പാരായണവും പ്രഭാഷണവും നടക്കും. രാത്രി 11-ന് കൃഷ്ണനാട്ടത്തിലെ അവതാരരംഗവും അരങ്ങേറും.

മമ്മിയൂർ ക്ഷേത്രസന്നിധിയിൽനിന്ന് രാവിലെ ഗോപികാനൃത്തവും ഉറിയടിയും ജീവത എഴുന്നള്ളത്തും ഉണ്ടാകും. ഉച്ചയോടെ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ സംഗമിച്ചശേഷം പാർഥസാരഥി ക്ഷേത്രത്തിൽ സമാപിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram