അവനവനെ അറിയാന്‍ ഒരു കപ്പ് ചായ


എൻ.ഇ. സുധീർ

3 min read
Read later
Print
Share

നിങ്ങൾക്ക്‌ ജീവിതം പഠിക്കണമെന്നുണ്ടോ? ആനന്ദം കൊണ്ട്‌ ജീവിതത്തെ നിറയ്ക്കണമെന്നുണ്ടോ?

ശ്രദ്ധിച്ചുകേള്‍ക്കുക: ഓരോ ശ്വാസത്തിലും ആനന്ദം നിറഞ്ഞിരിപ്പുണ്ട്‌

നിങ്ങൾക്ക്‌ ജീവിതം പഠിക്കണമെന്നുണ്ടോ? ആനന്ദം കൊണ്ട്‌ ജീവിതത്തെ നിറയ്ക്കണമെന്നുണ്ടോ?
ഇതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത്‌ ടിക്‌ നാട്ട്‌ ഹാനിന്റെ വാക്കുകൾക്ക്‌ കാതോർക്കുകയാണ്‌. തൊണ്ണൂറുകാരനായ ഈ ബുദ്ധഗുരുവിന്‌ ജീവിതത്തെപ്പറ്റി പലതും പറയുവാനുണ്ട്‌. ജീവിതത്തെ അറിയാനും ഇഷ്ടപ്പെടാനും അയാൾ നിങ്ങളെ പരിശീലിപ്പിക്കും. ആധുനിക മനുഷ്യനെ ബുദ്ധമാർഗത്തിലൂടെ ജീവിതം പഠിപ്പിക്കുന്ന ഗുരുവാണ്‌ വിയറ്റ്‌നാംകാരനായ ടിക്‌ നാട്ട്‌ ഹാൻ (Thich Nhat Hanh). പാരിസിനടുത്തുള്ള പ്ളം വില്ലേജിൽ അദ്ദേഹത്തിന്‌ ഒരു ആശ്രമമുണ്ട്‌. അവിടെ ആർക്കും കടന്നുചെല്ലാം. 1982 മുതൽ ഈ ആശ്രമത്തിലിരുന്നുകൊണ്ട്‌ അദ്ദേഹം ‘മൈൻഡ്‌ ഫുൾനസ് (MindfuIIness‌) എന്താണെന്ന്‌ ലോകത്തോട്‌ പറഞ്ഞുകൊണ്ടിരിക്കുന്നു. ജീവിതത്തെ അതിന്റെ പൂർണതയിൽ അറിയുക എന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ‘ഓരോ വ്യക്തിയും അവരവർക്ക്‌ തന്നെ അപരിചിതരാവുന്ന അവസ്ഥയെ മറികടക്കുക, ഓരോ ശ്വാസത്തേയും അറിഞ്ഞുകൊണ്ട്‌ ജീവിതത്തെ ആനന്ദംകൊണ്ട്‌ നിറയ്ക്കുക’ ഇതാണ്‌ ഹാൻ മുന്നോട്ടുവയ്ക്കുന്ന മാർഗം. ഇത്‌ വിശദീകരിക്കുന്ന നൂറിലേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്‌. സംഭാഷണങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ നിരവധി ഡിവിഡികളും സിഡികളും വേറെയും.

ബാലനായിരിക്കുമ്പോൾ വീട്ടിൽ കിടന്നിരുന്ന ഏതോ ഒരു മാസികയുടെ കവറിലാണ്‌ ഹാൻ ആദ്യമായി ബുദ്ധന്റെ ചിത്രം കാണുന്നത്‌. അങ്ങനെയാണ്‌ ബുദ്ധ പ്രേമം തലയ്ക്കു പിടിച്ചത്‌. പതിനാറാം വയസ്സിൽ മാതാപിതാക്കളുടെ സമ്മതം വാങ്ങി വിയറ്റ്‌നാമിലെ ഒരു ബുദ്ധിസ്റ്റ്‌ മൊണാസ്‌ട്രിയിൽ ചേർന്നു.

ടിക് നാട്ട് ഹാനിന്റെ
പ്രധാന കൃതികള്‍

Old Path White Clouds
The Miracle of Mindfullness
Being Peace
Living Budha Living Christ
Anger
Under the Banyan tree
Fear
Walking Meditation
No mud, No lotus
Peace of Mind
Basic Buddhism

1949-ൽ ഒരു ബുദ്ധസന്ന്യാസിയായി മാറി. പിന്നീട്‌ അമേരിക്കയിലെ പ്രിൻസ്‌ടൺ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന്‌ താരതമ്യ മതപഠനം നടത്തി. തുടർന്ന്‌ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി. തിരിച്ച്‌ നാട്ടിലെത്തിയപ്പോഴേക്കും വിയറ്റ്‌നാമിൽ യുദ്ധത്തിന്റെ ആരംഭം.
സമാധാനത്തിന്‌ വേണ്ടിയുള്ള ശ്രമത്തിലേർപ്പെട്ടു. വീണ്ടും അമേരിക്കയിൽ. മാർട്ടിൻ ലൂതർ കിങ്‌ ജൂനിയറുമായുള്ള കൂടിക്കാഴ്ച. 1967- മാർട്ടിൻ ലൂതർ കിങ്‌ വിയറ്റ്‌നാമിലെ ഈ ബുദ്ധസന്ന്യാസിക്ക്‌ നോബൽ പുരസ്കാരം കൊടുക്കണമെന്ന്‌ നിർദേശിച്ചു. അധികം വൈകാതെ നാട്ടിലേക്കുള്ള വഴി അടഞ്ഞു. ടിക്‌ നാട്ട്‌ ഹാനിനെ വിയറ്റ്‌നാം ബഹിഷ്‌കൃതനാക്കി. തുടർന്ന്‌ പാരിസ്‌ ആസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ. നിരന്തരമായ ചർച്ചകളിലൂടെ 2005-ലും 2007-ലും വിയറ്റ്‌നാമിലേക്ക്‌ രണ്ട്‌ ഹ്രസ്വ സന്ദർശനങ്ങൾ സാധിച്ചു.
ഒരു ജലാശയത്തിലൂടെ നടക്കുന്നത്‌ ദിവ്യാത്ഭുതമാണെന്ന്‌ ആളുകൾ വിശ്വസിക്കുന്നു. എന്നാൽ ഈ ഭൂമിയിലൂടെ ശാന്തമായി നടക്കുന്നതാണ്‌ യഥാർത്ഥ ദിവ്യാത്ഭുതമെന്ന്‌ ഹാൻ വിശ്വസിക്കുന്നു. ഈ ഗുരുവിന്‌ നടക്കുക എന്നത്‌ കാലുകൊണ്ടുള്ള വെറുമൊരു ചലനമല്ല. അതൊരു ധ്യാനമാണ്‌. നടന്നുകൊണ്ടുള്ള ധ്യാനം. ഓരോ ചുവടുെവപ്പും ജീവിതത്തിന്റെ ആഴങ്ങളിലേക്കുള്ളതാണ്‌. ‘Walking Meditation’ എന്നൊരു പുസ്തകം തന്നെയുണ്ട്‌ അദ്ദേഹത്തിന്റേതായി. അതിലൂടെ ക്രോധത്തേയും ആകുലതകളേയും ഇല്ലാതാക്കാം. മനസ്സിനെയും ശരീരത്തെയും ഒരേ തലത്തിലെത്തിക്കാം.

നിങ്ങൾ ഉത്തരം കണ്ടെത്തേണ്ടത്‌ ഒരു ചോദ്യത്തിന്‌ മാത്രം. ഈ നിമിഷത്തിൽ സന്തോഷവും സംതൃപ്തിയും നിറഞ്ഞിരുപ്പുണ്ട്‌. അത്‌ കണ്ടെടുക്കാനുള്ള ശ്രദ്ധ നിങ്ങൾക്കുണ്ടോ എന്നതാണ്‌ ആ ചോദ്യം. ഭൂതകാലത്തിൽ നിന്ന്‌ മോചിതരാവുക, ഭാവിയിലേക്ക്‌ ധൃതിവയ്ക്കരുത്‌. ഈ നിമിഷത്തിൽ മാത്രമാണ്‌ ജീവിതം തുടിക്കുന്നത്‌. അതിനെ ഏകാഗ്രതയോടെ കൈകാര്യം ചെയ്യുക. ശ്രദ്ധിച്ചുകേൾക്കുക: ഒരോ ശ്വാസത്തിലും ആനന്ദമുണ്ട്‌. ശ്വാസം അറിഞ്ഞുകൊണ്ടാണ്‌ കടന്നുപോവേണ്ടത്‌. അകത്തോട്ടും പുറത്തോട്ടും. അതുവഴി മനസ്സിനെ ശരീരവുമായി അടുപ്പിക്കാനാവും. അതാണ്‌ യഥാർത്ഥ ധ്യാനം. അറിഞ്ഞുകൊണ്ടുള്ള ശ്വസനം. യാതൊരുവിധ സമ്മർദവുമില്ലാതെ ശാന്തമായ ശ്വസനം. അതിന്റെ താളത്തെ അറിയുന്നതോടെ നിങ്ങൾ ജീവിതത്തെ അറിയുകയായി. ജീവിതത്തിലെ ഓരോ നിമിഷത്തിലും അങ്ങനെ ഊർജം നിറയും. ശ്വസനം ഒരു ചങ്ങാതിയെപ്പോലെ നമ്മുടെ ശരീരത്തിലെ ആന്തരിക കാലാവസ്ഥയെ നിയന്ത്രിച്ചുതുടങ്ങും. നാം നമ്മളെത്തന്നെ ആസ്വദിച്ചു തുടങ്ങും. ടിക്‌ നാട്ട്‌ ഹാനിന്റെ വിമോചന പാത ഈ ചെറിയ കാര്യങ്ങളിൽ ഒതുങ്ങുന്നു.

അജ്ഞത മൂലം നമ്മൾ പലതും കാണാതെ പോകുന്നു. മനുഷ്യജീവിതത്തെപ്പറ്റിയുള്ള സത്യങ്ങൾ അറിയാതെ പോവുന്നു. ആഗ്രഹത്തിന്റെയും ക്രോധത്തിന്റെയും അസൂയയുടെയും ദുഃഖത്തിന്റെയും ഭയത്തിന്റെയും നിരാശയുടെയും അഗ്നിജ്വാലകളിൽ കുരുങ്ങി ജീവിതത്തെ ദിനംപ്രതി ദുരിതപൂർണമാക്കുന്നു. ഒരു കപ്പ്‌ ചായ കുടിച്ചുകൊണ്ട്‌ നിങ്ങൾക്ക്‌ നിങ്ങളെ അറിയാൻ കഴിയും. ഒരു ഓറഞ്ചുതിന്നുകൊണ്ടും അത്‌ സാധിക്കും. ചായ കുടിക്കുമ്പോഴും ഓറഞ്ച്‌ തിന്നുമ്പോഴും അതറിഞ്ഞുകൊണ്ട്‌ ആസ്വദിച്ച്‌ ചെയ്യണമെന്ന്‌ മാത്രം. ഏത്‌ പ്രവൃത്തിയും ധ്യാനനിമഗ്നമായി ചെയ്തുകൊണ്ടിരിക്കുക. ധൃതിവയ്ക്കരുത്‌... ഈ നിമിഷം നിങ്ങൾ ജീവിതത്തെ ആസ്വദിക്കുകയാണ്‌.

സമാധാനത്തിലേക്ക്‌ ഒരു വഴിയില്ല; സമാധാനം തന്നെയാണ്‌ യഥാർത്ഥ വഴി എന്നാണ്‌ ഹാൻ മുന്നോട്ടുവയ്ക്കുന്ന ആശയം. ഇത്‌ ഏത്‌ പ്രശ്നത്തിലും സ്വീകരിക്കാവുന്ന മാർഗമാണെന്നും അദ്ദേഹം കരുതുന്നു.

ബുദ്ധവിശ്വാസി ഒരു പ്രമാണത്തിലും കെട്ടപ്പെട്ടവനല്ല, ബുദ്ധന്റെ പ്രമാണത്തിൽപ്പോലും. അങ്ങനെ ചെയ്താൽ അയാൾ ബുദ്ധനെ വഞ്ചിക്കുകയാണ്‌. വർത്തമാന കാലത്തിന്റെ ബുദ്ധഗുരു കാലത്തോടൊപ്പം സഞ്ചരിക്കുകയാണ്‌. അറിഞ്ഞുകൊണ്ടുള്ള ആ ജീവിതം ഒൻപത്‌ പതിറ്റാണ്ട്‌ പിന്നിട്ട്‌ ജീവിതാസ്തമയത്തെ ആനന്ദം കൊണ്ട്‌ നിറയ്ക്കുകയാണ്‌. ജീവിതത്തിലെ അത്യുന്നതങ്ങളിലേക്ക്‌ സഹജീവികൾക്ക്‌ വഴികാട്ടിക്കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യരെ സ്വതന്ത്രരാക്കുന്നു.
nesjalakam@gmail.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram