വാഹനങ്ങളില്‍ പെട്രോള്‍ ഒഴിച്ചുകൊടുക്കുന്ന തൊഴിലില്‍ നിന്ന് തങ്ങള്‍ അനുഭവിക്കുന്നത് മറ്റൊരു സ്ഥലത്തും ലഭിക്കാത്ത തൊഴില്‍ സുരക്ഷിതത്വമാണെന്ന് ഇവര്‍ പറയുമ്പോള്‍ നിങ്ങളില്‍ ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം. സംഗതി സത്യമാണ്. വീട്ടുകാരുടെ സകല പിന്തുണയോടും കൂടിയാണ് സ്ത്രീകള്‍ പെട്രോള്‍ പമ്പുകളില്‍ ജോലി ചെയ്യുന്നത്. ഒരു ഓഫീസ് മുറിക്കുള്ളില്‍ ഇരുന്ന് ചെയ്യുന്ന ജോലിക്കിടയിലെ പീഡന കഥകള്‍ക്കൊന്നും ഇവിടെ സാദ്ധ്യതയില്ലെന്നതാണ് ഇവര്‍ ഒന്നടങ്കം പറയുന്നത്. ഇതൊന്നു കേട്ടു നോക്കൂ:
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ ഷീജ ഏഴര വര്‍ഷമായി വെസ്റ്റ്ഹില്‍ പെട്രോള്‍ പമ്പില്‍ ജോലി നോക്കുന്നു ' പെട്രോള്‍ പമ്പിലാണ് ജോലി ചെയ്യുന്നതെന്നതുകൊണ്ട് ഞാന്‍ ഇന്നുവരെ ഒരു തരത്തിലുള്ള വിഷമവും അനുഭവിച്ചിട്ടില്ല. കൂടെ ജോലി ചെയ്യുന്ന പുരുഷന്മാരില്‍ നിന്നും നല്ല പ്രോത്സാഹനമാണ്. പക്ഷേ ഡ്രൈവര്‍മാരില്‍ നിന്നും പല വിധത്തിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ചിലര്‍ പൈസ തരാതെ കടന്നു കളയും . കള്ളനോട്ടു തന്നു പോയവരുമുണ്ട്. അല്പ്പം കാത്തുനില്‍ക്കേണ്ടി വന്നാല്‍ പെണ്ണുങ്ങള്‍ ഈ പണിക്കു പറ്റാത്തവര്‍ ആണെന്നും ഒന്നിനും കൊള്ളില്ലെന്നുമുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. ഞങ്ങള്‍ക്ക് കിട്ടുന്ന വേതനം വളരെ കുറവാണ്. 7000 രൂപയാണ് മാസശമ്പളം. വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റത്തിനനുസരിച്ച് ശമ്പള പരിഷ്‌കരണം ഉണ്ടാകുന്നില്ലെന്നുള്ള വിഷമം മാത്രമേയുള്ളു.
ഷര്‍മിള എട്ട് വര്‍ഷമായി ഈ തൊഴില്‍ ചെയ്യുന്നു. 'ഹര്‍ത്താലിന്റെ തലേ ദിവസമാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. പറഞ്ഞറിയിക്കാന്‍ വയ്യാത്ത രീതിയിലുള്ള തിരക്കായിരിക്കും ഇവിടെ. എല്ലാവര്‍ക്കും പെട്ടെന്ന് അവരവരുടെ ആവശ്യം നടക്കുകയും വേണം. ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലുമുള്ള സമയം കിട്ടാറില്ല. എന്നാലും ഡ്രൈവര്‍മാരുടെ കുറ്റപ്പെടുത്തലുകള്‍ക്ക് ഒരു കുറവുമൂണ്ടാകാറില്ല.
മറ്റൊരു ജീവനക്കാരിയായ സിന്ധുവിന്റെ വാക്കുകള്‍-എനിക്ക് നിങ്ങളോട് ഒരു കാര്യം മാത്രമേ പറയാനുള്ളു. ദയവു ചെയ്ത് പൈസ തരാതെ ആരും പോകരുത്. പലപ്പോഴും ഞങ്ങള്‍ക്ക് സ്വന്തം കൈയില്‍ നിന്ന് പൈസ കൊടുക്കേണ്ടി വന്നിട്ടുണ്ട്. തരാതെ പോകുന്നവരെ ഓടിച്ചിട്ട് പിടിക്കാനൊന്നും ഞങ്ങള്‍ക്കാവില്ല. പെട്രോള്‍ വില വര്‍ദ്ധനയുണ്ടാകുമ്പോള്‍ ഡ്രൈവര്‍മാര്‍ ഞങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍. ഞങ്ങളാണ് വില വര്‍ദ്ധിപ്പിച്ചതെന്ന രീതിയിലാണ് അവര്‍ ഞങ്ങളോട് പ്രതികരിക്കുന്നത്.
കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളേജിനടുത്തുള്ള പെട്രോള്‍ പമ്പില്‍ എട്ട് വര്‍ഷമായി ജോലി നോക്കുന്ന അമ്പിളിക്ക് സ്ഥിരമായി വരുന്ന കസ്റ്റമര്‍മാരില്‍ നിന്ന് വളരെ നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. പെണ്ണുങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരെപ്പോലെ പണിയെടുക്കേണ്ടവരാണെന്ന് കരുതുന്ന കസ്റ്റമേഴ്സുമുണ്ടെന്ന് അമ്പിളി തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നു.