എന്നെ അറിയുന്ന അമ്മ


ഉത്തര ഉണ്ണി (ഊര്‍മിള ഉണ്ണിയുടെ മകള്‍)

3 min read
Read later
Print
Share

അമ്മ ഒട്ടും സ്ട്രിക്ടല്ല. പഠിക്കുന്ന കാലത്ത് എന്നെക്കുറിച്ച് എന്തെങ്കിലും പരാതി പറയാന്‍ രക്ഷിതാവിനെ വിളിച്ചു വരണമെന്ന് നിര്‍ദേശിക്കുമ്പോള്‍ അമ്മയെ കൂട്ടി വരരുതെന്ന് സ്‌കൂളില്‍ നിന്ന് പ്രത്യേകം പറയുമായിരുന്നു.

മ്മ കുട്ടികളെ നൃത്തം പരിശീലിപ്പിക്കുന്നതു കണ്ടാണ് ഞാന്‍ വളര്‍ന്നത്. അക്കാലത്ത് എനിക്ക് നൃത്തത്തിനോട് വലിയ താല്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ അമ്മ പഠിക്കാന്‍ നിര്‍ബന്ധിച്ചതുമില്ല. പിന്നീട് എനിക്ക് നൃത്തത്തോട് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് എനിക്കും നൃത്തത്തിന്റെ ബാല പാഠങ്ങള്‍ പകര്‍ന്നു തന്നത്്. പിന്നീട് ഞാന്‍ ചെന്നൈയില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കുമ്പോള്‍ ക്ലാസിക്കല്‍ ഡാന്‍സ് സ്വായത്തമാക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ ദാക്ഷായണി രാമചന്ദ്രന്‍ എന്ന ഗുരുവില്‍ നിന്ന് നൃത്തം അഭ്യസിച്ചു തുടങ്ങി. അവര്‍ വഴിയാണ് അവരുടെ ബന്ധു കൂടിയായ പത്മസുബ്രഹ്മണ്യത്തിന്റെ ശിഷ്യയാകാന്‍ അവസരം ലഭിച്ചത്. അപ്പോഴൊക്കെ എന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം അമ്മയും ഉണ്ടായിരുന്നു.
അമ്മയുടെ കൂടെയാണ് ഞാന്‍ എല്ലായിടത്തും പോവുക. എന്നേക്കാള്‍ ചെറുപ്പക്കാരിയുടെ മനസ്സാണ് അമ്മയ്ക്ക്. ഡ്രസ്സുകള്‍ വാങ്ങാന്‍ പോകുമ്പോള്‍ അമ്മയാണ് എനിക്കുള്ള സാധനങ്ങളെല്ലാം വാങ്ങുക. എപ്പോഴും അടിച്ചു പൊളിച്ചു നടക്കാനാണ് അമ്മയ്ക്ക് ഇഷ്ടം. ഷോപ്പിങ്ങിന് പോകുമ്പോള്‍ ഞാന്‍ തളര്‍ന്നാലും അമ്മയ്ക്ക് നല്ല ഉന്മേഷമായിരിക്കും,സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍.

അമ്മ ഒട്ടും സ്ട്രിക്ടല്ല. പഠിക്കുന്ന കാലത്ത് എന്നെക്കുറിച്ച് എന്തെങ്കിലും പരാതി പറയാന്‍ രക്ഷിതാവിനെ വിളിച്ചു വരണമെന്ന് നിര്‍ദേശിക്കുമ്പോള്‍ അമ്മയെ കൂട്ടി വരരുതെന്ന് സ്‌കൂളില്‍ നിന്ന് പ്രത്യേകം പറയുമായിരുന്നു. അമ്മ എന്നെ കുറ്റപ്പെടുത്തില്ലെന്ന് ടീച്ചര്‍മാര്‍ക്ക് വരെ അറിയാമായിരുന്നു. മകളെക്കുറിച്ച് ആര് എന്ത് പറഞ്ഞാലും മകള്‍ പറയുന്നതാണ് എനിക്ക് ശരിയെന്ന് അമ്മ എപ്പോഴും പറയും. എന്റെ ബോയ്ഫ്രണ്ട്‌സിന്റെ കാര്യങ്ങള്‍ വരെ അമ്മയ്ക്ക് അറിയാം.അത് എനിക്ക് എല്ലാ കാര്യങ്ങള്‍ക്കും വലിയ ആത്മവിശ്വാസം തരുന്നു. ഇതു വരെയുള്ള എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും വഴികാട്ടി അമ്മയാണ്.

ഇടവപ്പാതിയിലെ നായികാവേഷത്തിനുള്ള അവസരം എനിക്കു ലഭിച്ചത് അമ്മയാണ് അറിയിച്ചത്. ലെനിന്‍സാര്‍(സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ) അമ്മയെ വിളിച്ച് സിനിമയുടെ കാര്യങ്ങളെല്ലാം പറഞ്ഞു. ഞാന്‍ കോളേജില്‍ നില്‍ക്കുമ്പോഴായിരുന്നു അമ്മയുടെ ഫോണ്‍ വന്നത്. കുശാല്‍ നഗറിലെ ഷൂട്ടിങിന് ഞാനും അച്ഛനുമായിരുന്നു ആദ്യം പോയത്. പിന്നീട് തിരക്കുകളെല്ലാം മാറ്റി വെച്ച്് അമ്മയും എത്തി. ഷൂട്ടിങ് അവസാനിക്കുന്നതു വരെ അമ്മ പിന്നെ കൂടെയുണ്ടായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുമ്പോള്‍ അമ്മ എന്റെ കുറച്ച് വസ്ത്രങ്ങള്‍ എന്തിനെങ്കിലും ആവശ്യമായി വന്നാലോ എന്ന് കരുതി എടുത്തു വെക്കുമായിരുന്നു. അങ്ങനെ എന്റെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് എനിക്ക് തണലായി നിന്നു.
ഞാന്‍ മ്യൂസിക് ആല്‍ബം ചെയ്തപ്പോഴും അമ്മയുടെ പിന്തുണ വളരെ വലുതായിരുന്നു . മ്യൂസിക് ആല്‍ബത്തിലെ ഗാനങ്ങളില്‍ മലയാള വരികള്‍ എഴുതിയത് അമ്മയാണ്. നമുക്കൊരു പാട്ട് ചെയ്യാം , ഡാന്‍സില്‍ പുതിയൊരു വര്‍ണം ചേര്‍ത്തു കൊണ്ട് പുതിയ ഒരു ഡാന്‍സ് ചിട്ടപ്പെടുത്താമെന്നൊക്കെ അമ്മയാണ് പറയുക. ഞാന്‍ ഷോര്‍ട്ട് ഫിലിം ഒരുക്കുമ്പോഴും അമ്മയുടെ പ്രോത്സാഹനമുണ്ടായിരുന്നു.

അമ്മയ്ക്ക് ഗണേശ വിഗ്രഹത്തിന്റെ വലിയൊരു ശേഖരമുണ്ട്. ചതുര്‍ഥി പൂജയൊക്കെ നടത്തിയാണ് അത് സംരക്ഷിക്കുന്നത് . അമ്മയുടെ ആ ഇഷ്ടം എന്നിലേക്കും എത്തിയിട്ടുണ്ട്. ഗണേശ വിഗ്രഹങ്ങള്‍ എനിക്കും ഇപ്പോള്‍ ഇഷ്ടമാണ്. നര്‍ത്തകി, അഭിനേത്രി ചിത്രകാരി, എഴുത്തുകാരി എന്നിങ്ങനെ വ്യത്യസ്ത കഴിവുകളുള്ള അമ്മയിലെ എഴുത്തുകാരിയെയാണ് എനിക്കേറെയിഷ്ടം. അമ്മ ഒരു കവിതയോ. കഥയോ എന്തെഴുതിയാലും അതിമനോഹരമാണ്. അമ്മയുടെ ഭാഷ അതീവ ഹൃദ്യമാണ്.

അമ്മ നൃത്തം ചെയ്യുന്നതിന്റെ ചെറിയൊരു ഓര്‍മയേയുള്ളൂ. സ്‌റ്റേജില്‍ നൃത്തം അവതരിപ്പിക്കാതെ 15 വര്‍ഷത്തോളമായി. എനിക്ക് മുംബൈയില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങണമെന്ന് പറഞ്ഞപ്പോഴേക്കും അമ്മ ബഹ്‌റിനില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയിരുന്നു.എന്നാലും എനിക്ക് എല്ലാവിധ പിന്തുണയുമായി അമ്മയുണ്ടായിരുന്നു. മുംബൈയിലും ബഹ്‌റിനിലും ഞങ്ങള്‍ തന്നെയാണ് ക്ലാസെടുക്കുന്നത്. ഞാന്‍ മുംബൈയില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങണമെന്ന് പറഞ്ഞപ്പോള്‍ ബഹ്‌റിനില്‍ നമുക്ക് ക്ലാസുള്ളപ്പോള്‍ എങ്ങനെ മാനേജ് ചെയ്യാന്‍ കഴിയുമെന്ന് അമ്മ ചോദിച്ചിരുന്നു. എനിക്ക് സ്വന്തമായി ഒരു സ്‌കൂള്‍ തുടങ്ങണമെന്ന് പറഞ്ഞപ്പോള്‍ കൂടെ നില്ക്കുകയായിരുന്നു. അമ്മയും ഞാനും തമ്മില്‍ എല്ലാറ്റിനും നല്ലൊരു സ്വരചേര്‍ച്ചയുണ്ട്.

അമ്മയുടെ അടുത്തു നിന്ന് വഴക്കു കേള്‍ക്കുന്നത് വളരെ കുറവാണ്. എനിക്ക് വഴക്ക് കേട്ടിട്ടുള്ളതെല്ലാം അമ്മൂമ്മ പറയുന്നതിന് ചെവി കൊടുക്കാതെ നടക്കുന്നതിനൊക്കെയാണ്. ഞാനും അമ്മയും വഴക്കിട്ടാല്‍ തന്നെ രണ്ടു മൂന്നു മിനുട്ടിനുള്ളില്‍ ഞങ്ങളുടെ പിണക്കമെല്ലാം മാറും. രണ്ടു പേരില്‍ ആരെങ്കിലും ഒരാള്‍ താഴ്ന്ന് കൊടുക്കും. അമ്മ നാടന്‍ രീതിയിലാണ് പാചകം ചെയ്യുക. സാമ്പാര്‍ , അവിയല്‍ എന്നിങ്ങനെയുള്ള വിഭവങ്ങളാണ് ഉണ്ടാക്കുക. വീട്ടില്‍ വെജിറ്റേറിയനാണ്. എനിക്കിഷ്ടം ബിരിയാണിയും െ്രഫ്രെഡ് റൈസും നോണ്‍വെജ് വിഭവങ്ങളുമാണ്. ചെന്നൈയില്‍ പഠിക്കുമ്പോള്‍ യൂ ട്യൂബില്‍ നിന്ന് റസിപ്പിയൊക്കെ തിരഞ്ഞെടുത്താണ് ഞാന്‍ ബിരിയാണിയുണ്ടാക്കാന്‍ പഠിച്ചത്് . ഞാന്‍ നോണ്‍വെജ് വിഭവങ്ങള്‍ കഴിക്കുന്നത് അമ്മയ്ക്ക് അത്ര ഇഷ്ടമല്ല. അതുകൊണ്ട് നീ മുട്ടയും ഇറച്ചിയുമായി വീട്ടില്‍ വരരുതെന്ന് പറഞ്ഞായിരിക്കും ചിലപ്പോള്‍ വഴക്ക്.

ഞാന്‍ ഡാന്‍സ് പ്രോഗ്രാം ചെയ്യുന്നുണ്ടെങ്കില്‍ എനിക്കൊപ്പം കൂടെ വരുന്നത് അമ്മയാണ്. റിഹേഴ്‌സല്‍ നടക്കുമ്പോള്‍ മുതല്‍ അമ്മ മുന്നിലുണ്ടെങ്കില്‍ വലിയ ധൈര്യമാണ്. ഡാന്‍സ് പ്രോഗ്രാമുകള്‍ നടക്കുമ്പോള്‍ ഓഡിയന്‍സിന്റെ മുന്‍ നിരയില്‍ അമ്മയുണ്ടായിരിക്കണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കും. അമ്മ സിനിമാഷൂട്ടിങ്ങിന് പോകുന്ന സമയത്ത് കുട്ടിക്കാലത്തെല്ലാം ഞാന്‍ ഒറ്റപ്പെട്ടു പോയതായി തോന്നിയിരുന്നു. അച്ഛനും അമ്മയും ലൊക്കേഷനില്‍ പോയാല്‍ വീട്ടില്‍ ഞാനും ഒരു ഹിന്ദിക്കാരിയായ വേലക്കാരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴൊക്കെ അമ്മ വീട്ടിലെത്തിയാല്‍ ആഘോഷമാണ്. മുതിര്‍ന്നപ്പോള്‍ സിനിമയെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. നല്ലൊരു സിനിമാപ്രവേശം ആഗ്രഹിച്ചിരിക്കുമ്പോഴാണ് ലെനിന്‍സാറിന്റെ സിനിമയില്‍ നായികയാകാന്‍ അവസരം ലഭിക്കുന്നത്. ഇടവപ്പാതി തിയേറ്ററില്‍ നിന്ന് രണ്ടു തവണ കണ്ടപ്പോഴും നന്നായിട്ടുണ്ടെന്നല്ലാതെ കൂടുതലൊന്നും അമ്മ അഭിപ്രായം പറഞ്ഞില്ല. വീണ്ടും ചോദിച്ചപ്പോള്‍ തുടക്കക്കാരിയുടെ പ്രശ്‌നങ്ങള്‍ ഇല്ലാതെ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു . അത് എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. അഭിനയത്തിലുള്ള താളം അനുഭവങ്ങളിലൂടെയാണ് സ്വായത്തമാകൂയെന്നും അമ്മ പറഞ്ഞിട്ടുണ്ട്. അത് മനസ്സിലാക്കിയാണ് മുന്നോട്ടുള്ള യാത്ര.

തയ്യാറാക്കിയത് : ടി.എസ്.പ്രതീഷ്‌

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram