''സ്വന്തം കഴിവിലുള്ള വിശ്വാസമാണ് വലുത്. അതു ഞങ്ങള്‍ക്കുണ്ട്. ഈ വിന്‍ഡീസിനെ തോല്പിക്കാന്‍ ഞങ്ങള്‍തന്നെ വിചാരിക്കണം'' - ഈഡന്‍ ഗാര്‍ഡന്‍സിലെ പുല്‍മൈതാനത്തേക്കുനോക്കി ഡാരന്‍ സമി പറഞ്ഞു. അത്രയ്ക്കും അപ്രവചനീയമാണ് തന്റെ ടീമെന്ന് വിന്‍ഡീസ് ക്യാപ്റ്റന് നന്നായറിയാം. അടുത്തടുത്ത ദിവസങ്ങളില്‍ അഫ്ഗാനിസ്താനോട് തോല്‍ക്കാനും ഇന്ത്യയെ തോല്‍പ്പിക്കാനും മറ്റേത് ടീമിനാകും?
ഞായറാഴ്ച കൊല്‍ക്കത്ത കാത്തിരുന്നത് ഇന്ത്യയെയാണ്. എന്നാല്‍, അപ്രതീക്ഷിതമായി വെസ്റ്റിന്‍ഡീസ് ആ സ്ഥാനം തട്ടിയെടുത്തു. എളുപ്പവഴിയില്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ടിന്റെ എതിരാളികളായി. വൈകിട്ട് ഏഴുമുതല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ അന്തിമ വെടിക്കെട്ട് തുടങ്ങും.
ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഫൈനലില്‍ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. ഫേവറൈറ്റുകളെന്ന വിശേഷണമില്ലാത്ത രണ്ടു ടീമുകള്‍. പക്ഷേ, ഇനി ഇവരിലൊരാള്‍ക്കേ കിരീടത്തിന് അവകാശമുള്ളൂ. അതാരായാലും ട്വന്റി 20 ലോകകപ്പ് രണ്ടുവട്ടം ഉയര്‍ത്തിയ ആദ്യ ടീമായി അവര്‍ മാറും. ഇംഗ്ലണ്ട് 2010-ലും വിന്‍ഡീസ് 2012-ലും കിരീടം നേടിയിട്ടുണ്ട്.
വാംഖഡെയില്‍ ലെന്‍ഡല്‍ സിമണ്‍സും ജോണ്‍സണ്‍ ചാള്‍സും ആന്ദ്രെ റസ്സലും ഇന്ത്യയെ ഞെരിക്കുമ്പോള്‍, കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തിലായിരുന്നു ഇംഗ്ലീഷ് ടീം. വിന്‍ഡീസുകാരുടെ കൈക്കരുത്തിന്റെ കളി കാണാതിരുന്നതില്‍ മോര്‍ഗനും കൂട്ടരും ആശ്വസിക്കുന്നുണ്ടാവാം. എന്നാല്‍, വിന്‍ഡീസിന്റെ കരുത്ത് അറിയാത്തവരല്ല തങ്ങളെന്ന് മോര്‍ഗന്‍ പറഞ്ഞു.
''വിന്‍ഡീസെന്നാല്‍ ഗെയ്ല്‍ മാത്രമല്ലെന്ന് ഞങ്ങള്‍ക്കറിയാം. ട്വന്റി 20യില്‍ ഇത്തരം തിരിച്ചറിവുകള്‍ ഉണ്ടായിരിക്കണം'' -മോര്‍ഗന്‍ പറഞ്ഞു.
ടോസ് നിര്‍ണായകം
വാംഖഡെയിലേതുപോലെ ബൗളര്‍മാര്‍ വെറും തല്ലുകൊള്ളികളാവില്ലെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഈഡന്‍ അനുഗ്രഹം ചൊരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിച്ചില്‍ പച്ചപ്പുണ്ടെന്നാണ് മോര്‍ഗന്റെ അഭിപ്രായം. സമിയാകട്ടെ, പിച്ച് കാണാന്‍ പോയതേയില്ല. ഏതു പിച്ചിലും അടിച്ചുതകര്‍ക്കുമെന്നാണ് വിന്‍ഡീസ് ക്യാപ്റ്റന്റെ മുന്നറിയിപ്പ്.
ടോസ് ഇവിടെ നിര്‍ണായകമാകും. സ്‌കോര്‍ പിന്തുടരുന്ന ടീമുകള്‍ക്കാണ് ഈഡനില്‍ വിജയസാധ്യത കൂടുതല്‍. രാത്രിയിലെ ഈര്‍പ്പം ബൗളിങ് ദുഷ്‌കരമാക്കും. ടോസ് നേടുന്ന ക്യാപ്റ്റന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണിട. കഴിഞ്ഞ അഞ്ചുകളിയിലും ടോസ് ഭാഗ്യം ലഭിച്ച ക്യാപ്റ്റനാണ് സമി. മുംബൈയില്‍ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസിന് വിജയം നേടിക്കൊടുത്തതും ടോസ് തന്നെ
ബാറ്റിങ് പരീക്ഷണം
ഇരു നിരകളിലും ബാറ്റിങ് പ്രതിഭകളുണ്ട്. ടി 20യിലെ സര്‍വസംഹാരിയായ ക്രിസ് ഗെയ്‌ലില്‍ തുടങ്ങുന്നു വിന്‍ഡീസ് നിര. സൂപ്പര്‍ ടെന്‍ ഘട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഗെയ്‌ലിന്റെ ചൂട് ഇംഗ്ലീഷ് ബൗളര്‍മാര്‍ അറിഞ്ഞതാണ്. സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ഗെയ്ല്‍ മത്സരം ഇംഗ്ലണ്ടില്‍നിന്ന് ഒറ്റയ്ക്ക് തട്ടിയെടുത്തു. ലെന്‍ഡല്‍ സിമണ്‍സ് കൂടി എത്തിയതോടെ അവരുടെ ശക്തികൂടി. മര്‍ലണ്‍ സാമുവല്‍സ്, ആന്ദ്രെ റസ്സല്‍, ജോണ്‍സണ്‍ ചാള്‍സ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരും വിന്‍ഡീസിനെ കരുത്തരാക്കുന്നു.
ഓപ്പണര്‍ ജാസണ്‍ റോയിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറുമാണ് ഇംഗ്ലണ്ടിന്റെ പ്രധാനികള്‍. ജോ റൂട്ടും അലക്‌സ് ഹെയ്ല്‍സും ക്യാപ്റ്റന്‍ മോര്‍ഗനും എതിരാളികളില്‍നിന്ന് മത്സരം തട്ടിയെടുക്കാന്‍ വിദഗ്ധരാണ്. റോയിയുടെയും ബട്‌ലറുടെയും ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ കടപുഴക്കിയത്. ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി എന്നിവരും ബാറ്റിങ് നിരയെ സമ്പന്നമാക്കുന്നു.
ബൗളിങ്ങില്‍ ഇംഗ്ലണ്ട്
ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് നിരകളിലൊന്നാണ് ഇംഗ്ലണ്ടിന്റേത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 229 റണ്‍സ് വഴങ്ങിയെങ്കിലും പിന്നീട് എതിരാളികളെ നിയന്ത്രിക്കുന്ന തരത്തിലേക്ക് ഇംഗ്ലീഷ് ബൗളര്‍മാര്‍ മാറി. നാല് പേസ് ബൗളര്‍മാരെ ഉപയോഗിക്കുന്ന ഏക ടീമും ഇംഗ്ലണ്ടാണ്. വില്ലി, പ്ലങ്കറ്റ്, ജോര്‍ദന്‍, സ്റ്റോക്‌സ് എന്നിവര്‍. നിലവാരമുള്ള മോയിന്‍ അലിയും ആദില്‍ റഷീദും സ്പിന്‍ വിഭാഗത്തെയും സമ്പന്നമാക്കുന്നു.
വേഗത്തെക്കാള്‍ കൗശലമാണ് വിന്‍ഡീസ് ബൗളിങ്ങിന്റെ പ്രത്യേകത. സ്ലോബോളുകള്‍ നിറച്ച് എതിരാളികളെ വട്ടം കറക്കുന്ന ഡ്വെയ്ന്‍ ബ്രാവോയും ആന്ദ്രെ റസ്സലും കാര്‍ലോസ് ബ്രാത്ത്വെയ്റ്റും. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരായ സാമുവല്‍ ബദ്രിയും സുലൈമാന്‍ ബെന്നും. വേണ്ടിവന്നാല്‍ സമിയും ക്രിസ് ഗെയ്‌ലും എറിയാന്‍ തയ്യാര്‍.