കൊല്‍ക്കത്ത: 'എവരിബഡി നോസ് സേ ബ്രാവോ എ ചാമ്പ്യന്‍, എവരിബഡി നോസ് ക്രിസ് ഗെയ്ല്‍ ഈസ് എ ചാമ്പ്യന്‍...' ഈഡന്‍ഗാര്‍ഡന്‍സില്‍ ഞായറാഴ്ച മുഴങ്ങിനിന്നത് ഈ ഗാനമാണ്. വിന്‍ഡീസ് താരം കൂടിയായ ഡ്വെയ്ന്‍ ബ്രാവോ പാടി അഭിനയിച്ച ഗാനത്തിനൊപ്പം ആദ്യം വിന്‍ഡീസ് വനിതകള്‍ നൃത്തംവെച്ചു. പിന്നാലെ പുരുഷന്മാരും. ബ്രാവോയ്ക്ക് ഇനി ഈരടികള്‍ മാറ്റിയെഴുതാം. 'എവരിബഡി നോസ് സേ, വിന്‍ഡീസ് എ ചാമ്പ്യന്‍'. ഒരുവട്ടമല്ല, ഒന്നരമാസത്തിനിടെ മൂന്നുവട്ടമാണ് വിന്‍ഡീസ് ചാമ്പ്യന്മാരായത്.
ഇതാ ക്രിക്കറ്റിലെ കൊലകൊമ്പന്മാര്‍ മടങ്ങിയെത്തിയിരിക്കുന്നു. ട്വന്റി 20 ലോകകപ്പില്‍ ഇരട്ടക്കിരീടത്തോടെ. ഓസ്‌ട്രേലിയയെ തറപറ്റിച്ച് വനിതകള്‍ കിരീടം നേടിയതിനുപിന്നാലെ, ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തി പുരുഷ ടീമും ടി-20 ലോകകിരീടത്തില്‍. ഫിബ്രവരിയില്‍ ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ തോല്പിച്ചുനേടിയ കിരീടംകൂടി ചേര്‍ത്തുവെക്കുമ്പോള്‍ ഉറപ്പിക്കാം, വിന്‍ഡീസ് ക്രിക്കറ്റ് മുന്നോട്ടുതന്നെ.
സ്വന്തം ബോര്‍ഡുമായുള്ള പിണക്കങ്ങളും പ്രതിഫലത്തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് വിന്‍ഡീസിന്റെ ഈ വിജയം. കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ വെസ്റ്റിന്‍ഡീസിനെ ഉറപ്പിച്ചുനിര്‍ത്തുന്നത് ക്രിക്കറ്റാണ്. ഇടയ്ക്ക് ആ ഇഴയടുപ്പം അല്പം നഷ്ടമായെങ്കിലും 2012-ലെ ടി-20 ലോകകിരീടത്തോടെ അവര്‍ തിരിച്ചുവരവിന് വഴി തുറന്നിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ചക്രവര്‍ത്തികളായിരുന്ന വിന്‍ഡീസ് വളരെപ്പെട്ടെന്നാണ് ക്രിക്കറ്റിന്റെ പിന്നാമ്പുറത്തേക്ക് പിന്തള്ളപ്പെട്ടത്. 1975-ലും 1979-ലും ലോകകിരീടം നേടി. 1983-ല്‍ ഇന്ത്യയോട് തോറ്റതോടെ തിരിച്ചിറക്കം തുടങ്ങി. എങ്കിലും പ്രതിഭകള്‍ക്ക് അവിടെ പഞ്ഞമുണ്ടായിരുന്നില്ല. ട്വന്റി 20യുടെ വരവോടെ കരുത്തും പ്രതിഭയും പുതിയവഴിയിലേക്ക് തിരിച്ചുവിടാന്‍ വിന്‍ഡീസ് താരങ്ങള്‍ക്കായി. ദേശീയ ടീമിനോടുള്ള കൂറിനെപ്പോലും ഇത് ബാധിച്ചെങ്കിലും അവര്‍ പതുക്കെ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
പ്രതിഫലക്കുറവും ബോര്‍ഡുമായുള്ള തര്‍ക്കങ്ങളും വിന്‍ഡീസ് താരങ്ങളെ ഉപജീവനത്തിന് മറുവഴി തേടാന്‍ നിര്‍ബന്ധിതരാക്കി. സ്വന്തം നാട്ടിലെ സ്റ്റാന്‍ഫഡ് ടി20യിലും കരീബിയന്‍ ടി20യും ഇന്ത്യയിലെ ഐ.പി.എല്ലും ഓസ്‌ട്രേലിയയിലെ ബിഗ്ബാഷ് ലീഗുമൊക്കായായി കളിക്കാരുടെ പ്രധാന മേച്ചില്‍പ്പുറങ്ങള്‍. ലോകത്തെവിടെ നടക്കുന്ന ക്രിക്കറ്റ് ലീഗുകളിലെയും പ്രധാന ആകര്‍ഷണം വിന്‍ഡീസ് താരങ്ങളായി.
വിജയത്തെക്കാള്‍ കളി ആസ്വദിക്കുന്ന ഒരുകൂട്ടം താരങ്ങളുടെ വരവോടെയാണ് വിന്‍ഡീസ് ടീം നേട്ടങ്ങളിലേക്ക് സിക്‌സറടിച്ചുതുടങ്ങിയത്. മൈതാനത്തെ വിക്കറ്റ് നേട്ടവും മത്സരവിജയങ്ങളും ഇതുപോലെ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന മറ്റൊരു ടീമില്ല. നൃത്തച്ചുവടുകളോടെയാണ് ഫൈനല്‍വേദിയിലേക്ക് വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയും ഡ്വെയ്ന്‍ ബ്രാവോയുമൊക്കെയെത്തിയത്. കളിയെ ആഘോഷമായി കാണുന്നെന്നതാണ് പുതിയ വിന്‍ഡീസിന്റെ പ്രത്യേകത.
ടൂര്‍ണമെന്റിലുടനീളം വിജയങ്ങള്‍ നേടിയ വിന്‍ഡീസ് പരാജയപ്പെട്ടത് അഫ്ഗാനിസ്താനോടാണ്. എന്നാല്‍, അഫ്ഗാന്റെ നടാടെയുള്ള ലോകകപ്പ് വിജയം അവര്‍ക്കൊപ്പം ചേര്‍ന്ന് ആഘോഷിക്കാന്‍ വിന്‍ഡീസ് താരങ്ങള്‍ തയ്യാറായി. സെമിയില്‍ ഇന്ത്യയ്‌ക്കെതിരെ മറ്റൊരു വിന്‍ഡീസിനെയും ലോകം കണ്ടു.