കുട്ടിക്രിക്കറ്റിന്റെ ആഘോഷവും വിന്‍ഡീസിന്റെ നൃത്തവും


എസ്.ആര്‍. സൂര്യനാരായണ്‍

3 min read
Read later
Print
Share

മുന്നില്‍ ഇപ്പോള്‍ ഒരേയൊരു ചാമ്പ്യനാണുള്ളത്; വെസ്റ്റിന്‍ഡീസ്. ഇതിന് പുറമെ കരുത്തരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് തങ്ങളുടെ വനിതാ ടീം നടാടെ കിരീടം ചൂടി എന്നത് കരീബിയന്‍ ദ്വീപുകാരുടെ ആഹ്ലാദം ഇരട്ടിയാക്കുന്നു.

മുന്നൂറിലേറെ സിക്‌സറുകള്‍. അതിലും എത്രയോ ഇരട്ടി ബൗണ്ടറികള്‍. പോരാത്തതിന് വിയര്‍ത്തോടി നേടിയ സിംഗിളുകളും ഡബിളുകളും. പിന്നെ കൗശലകരമായ ബൗളിങ്ങും മനോഹരമായ ക്യാച്ചുകളും അവിസ്മരണീയമായ ഫീല്‍ഡിങ്ങും. ഇതെല്ലാം ചേര്‍ന്ന ആഘോഷങ്ങള്‍ക്ക്, 2016ലെ ട്വന്റി 20 ലോകകപ്പിന് തിരശ്ശീല വീണിരിക്കുന്നു. നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഒരേയൊരു ചാമ്പ്യനാണുള്ളത്; വെസ്റ്റിന്‍ഡീസ്. ഇതിന് പുറമെ കരുത്തരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് തങ്ങളുടെ വനിതാ ടീം നടാടെ കിരീടം ചൂടി എന്നത് കരീബിയന്‍ ദ്വീപുകാരുടെ ആഹ്ലാദം ഇരട്ടിയാക്കുന്നു. കിരീട പോരാട്ടത്തിന് ഇന്ത്യ ഇല്ലാതിരുന്നിട്ടും ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ആരാധകര്‍ വെസ്റ്റിന്‍ഡീസിന്റെ വിജയത്തെ എല്ലാ അര്‍ഥത്തിലും ആവിസ്മരണീയമാക്കി. ഇനിലപ്പുറം ക്രിക്കറ്റിനോടുള്ള ഇന്ത്യയുടെ അഭിനിവേശത്തെക്കുറിച്ച്‌ എന്ത് പറയാന്‍!

പ്രതീക്ഷിച്ച പോലെ അവിസ്മരണീയമായിരുന്നു കലാശ പോരാട്ടം. അവസാന ഓവറിലെ വിജയലക്ഷ്യമായ 19 റണ്‍സ് ഇത്ര ആര്‍ഭാടമായി തന്നെ വിന്‍ഡീസ് മറികടക്കുമെന്ന് ആരെങ്കിലും വിചാരിച്ചിരിക്കുമോ? ക്രിസ് ഗെയ്‌ലോ മര്‍ലണ്‍ സാമുവല്‍സോ പുതിയ ഹീറോ ലെന്‍ഡല്‍ സിമ്മണ്‍സോ ആയിരുന്നില്ല, അഞ്ചു വര്‍ഷം മുന്‍പ് വിന്‍ഡീസ് ടീമിലെത്തിയ കാര്‍ലോസ് ബ്രാത്‌വെയ്റ്റായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. അരോഗദൃഡഗാത്രനായ ഇൗ അതികായന്‍ മീഡിയം പേസര്‍ ബെന്‍ സ്‌റ്റോക്ക്‌സ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ നാലു പന്തും ഗ്യാലറിയിലേയ്ക്ക് പറത്തിയതോടെ എല്ലാം ഒരു ഞൊടിയിട കൊണ്ട് അവസാനിച്ചു. പന്തടിച്ചശേഷം അതിനെ വിസ്മരിക്കുക എന്ന ട്വന്റി 20 ക്രിക്കറ്റിന്റെ സാരാംശത്തെ ആറ്റിക്കുറിക്കിയെടുക്കുന്നതാണ് ഈ വിജയം. അങ്ങിനെ ലോകകപ്പ് രണ്ടു തവണ നേടുന്ന ഏക ടീമെന്ന ബഹുമതി വെസ്റ്റിന്‍ഡീസിന് സ്വന്തമായി.

ഈ വിജയം പ്രതിനിധാനം ചെയ്യുന്നത് മൊത്തം വെസ്റ്റിന്ത്യന്‍ ക്രിക്കറ്റിനെയാണ്. ലോക ക്രിക്കറ്റിനെ വിറപ്പിക്കുന്നവരായിരുന്നു ഒരുകാലത്ത് വിന്‍ഡീസ് ടീം. പ്രതിഭയ്ക്ക് പഞ്ഞമൊന്നും ഇല്ലാതിരുന്നിട്ടും തകര്‍ച്ചയുടെ പടുകുഴിയില്‍ പതിക്കുകയായിരുന്നു പില്‍ക്കാലത്ത് അവര്‍. ടെസ്റ്റ് ക്രിക്കറ്റിലെ ആ രാജപദവിയില്‍ തിരിച്ചെത്താന്‍ഇനിയുമുണ്ട് ഏറെ ദൂരം. എന്നാല്‍, കളിയില്‍ വെടിക്കെട്ട് വേണ്ടപ്പോള്‍ അത് പുറത്തെടുക്കാന്‍ തങ്ങളെക്കഴിഞ്ഞേ മറ്റൊരാളുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് പ്രതിഭകള്‍ ഏറെയുള്ള ഈ ടീം. ഉടനീളം മികച്ച ഫോമില്‍ തുടര്‍ന്ന് ലോകകപ്പില്‍ തങ്ങളുടെ മുദ്ര പതിപ്പിക്കാന്‍ ആഗ്രഹിച്ച ഇംഗ്ലണ്ട് ഒരിക്കലും സംഭവിക്കരുതെന്ന് ആഗ്രഹിച്ചതാണ്, കളിക്കാര്‍ വിയര്‍ത്തൊലിച്ച, ഊഷ്മാവ് ഉയര്‍ന്ന, ആ രാത്രി കൊല്‍ക്കത്തയില്‍ സംഭവിച്ചത്. അതിവേഗ അര്‍ധസെഞ്ച്വറി കൊണ്ട് തങ്ങളെ തകര്‍ത്ത ക്രിസ് ഗെയ്‌ലും കേവലം രണ്ടക്കവുമായി ജോണ്‍സണ്‍ ചാള്‍സും സിമ്മണ്‍സും മടങ്ങിയശേഷമായിരുന്നു ഈ ദുരന്തം എന്നതും ഓര്‍ക്കേണ്ടതാണ്.

എന്തൊക്കെയായാലും ക്രിക്കറ്റില്‍ പ്രധാനം പ്രതിഭയുടെ ആഴം തന്നെ. വിദഗ്ദ്ധര്‍ വിലയിരുത്തുന്നപോലെ എന്നും ഇംഗ്ലണ്ടിനെതിരെ മികച്ച പോരാട്ടം കാഴ്ചവച്ച മര്‍ലണ്‍ സാമുവല്‍സ് 2012 ല്‍ എന്നപോലെ ഇക്കുറി എതിരാളികളുടെ പ്രതീക്ഷകളെ ചാമ്പലാക്കാന്‍ ബ്രാത്‌വെയ്റ്റില്‍ ഒരു പുതിയ ആയുധം കണ്ടെത്തിയിരിക്കുകയാണ് വെസ്റ്റിന്‍ഡീസ്. എങ്കിലും അപരാജിതരായല്ല ഇന്ത്യയില്‍ നിന്നുള്ള വിന്‍ഡീസ് ടീമിന്റെ മടക്കം. ഈ ലോകകപ്പിലെ ഇത്തിരിക്കുഞ്ഞന്മാരായ അഫ്ഗാനിസ്താനോട് അവര്‍ തോറ്റു എന്നത് ഒരു വിരോധാഭാസം തന്നെയാണ്. അഫ്ഗാനിസ്താന്‍ ജയിക്കുകയായിരുന്നില്ല, ഞങ്ങള്‍ തോല്‍ക്കുകയായിരുന്നു എന്നാണ് മത്സരശേഷം ക്യാപ്റ്റന്‍ സമ്മി പറഞ്ഞത്. ആ മത്സരത്തെ ലാഘവബുദ്ധിയോടെയാണ് ടീം സമീപിച്ചതെന്ന് സ്പഷ്ടം. ചാമ്പ്യന്മാര്‍ എന്തു തന്നെ പറഞ്ഞാലും അഫ്ഗാനിസ്താന് എന്നെന്നും ഓര്‍മയില്‍ സൂക്ഷിച്ചുവയ്ക്കാവുന്ന ഒരു ജയം തന്നെയായിരുന്നു അത്.

കണ്ണിമ ചിമ്മുന്ന വേഗത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന ട്വന്റി 20യില്‍ ഫേവറിറ്റ് ടീം എന്ന വിശേഷണത്തിന് പ്രസക്തിയൊന്നുമില്ല. അതുകൊണ്ടു തന്നെ അട്ടിമറികള്‍ക്കും അപ്രതീക്ഷിത ജയങ്ങള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല ഈ ലോകകപ്പില്‍. ഇന്ത്യന്‍ ടീമിന്റെ പുറത്താകലില്‍ ആരാധകര്‍ നിരാശരാകുന്നത് സ്വാഭാവികം. ബംഗ്ലാദേശിനെതിരെയും ടൂര്‍ണമെന്റിന്റെ താരം വിരാട് കോലിയുടെ വീരോചിത പ്രകടനത്തില്‍ ഓസ്‌ട്രേലിയക്കെതിരെയും നേടിയ രണ്ട് വീറുറ്റ വിജയങ്ങള്‍ക്കുശേഷം കാര്യങ്ങള്‍ മാറിമറിയുമെന്ന് ആരും കരുതിയിരുന്നില്ല. അതും ഒരിക്കല്‍ക്കൂടി കോലിയുടെ അമാനുഷിക യത്‌നം കണ്ടശേഷം. ഇവിടെയാണ് ടീമിന്റെ കൂട്ടുത്തരവാദിത്തം ഗണനീയമാകുന്നത്. നോബോളുകള്‍ ഇവിടെ ഇന്ത്യന്‍ സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞു.

ന്യൂസീലന്‍ഡിന് കിരീടസാധ്യത കല്‍പ്പിച്ചവര്‍ ഏറെയായിരുന്നു. അത്തരത്തിലായിരുന്നു അവരുടെ മുന്നേറ്റം. എന്നാല്‍, തങ്ങളുടെ ബലഹീനതകളെല്ലാം മറച്ചുവച്ച് വിജയിക്കുന്ന ഒരു ടീമിന്റെ പുതുമോടി അണിയാന്‍ ആശിച്ച ഇംഗ്ലണ്ട് കിവികള്‍ക്ക് കടിഞ്ഞാണിട്ടു. അതുമുതല്‍ പിന്നെ അവരായി ശ്രദ്ധാകേന്ദ്രം. തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരാനുള്ള ഇംഗ്ലണ്ടിന്റെ അപാരമായശേഷി പ്രകടമായിരുന്നു ഫൈനലില്‍. മനോഹരമായാണ് തകര്‍ച്ചയോടെ തുടങ്ങിയശേഷം അവര്‍ 155 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയ അവരുടെ ബാറ്റിങ്ങും പിന്നീട് അതിനെ പ്രതിരോധിച്ച ബൗളിങ്ങും. സ്‌റ്റോക്‌സ് ജീവിതകാലം മറക്കാത്ത അവസാന ഓവറിലെ ആ പ്രഹരം മാത്രമാണ് അതിനൊരു അപവാദം.

ഇനിയും ഒരുപാട് മുന്നേറേണ്ടിയിരുന്നവരായിരുന്നു ഓസ്‌ട്രേലിയയും പാകിസ്താനും. പോരാളികളുടെ ഒരു കൂട്ടമായിരുന്നു ഓസ്‌ട്രേലിയയെങ്കില്‍ പ്രതിഭയുടെ ധാരാളിത്തമുള്ള കളിക്കാരുള്ള വിന്‍ഡീസിന്റെ നേര്‍പകര്‍പ്പായിരുന്നു പാകിസ്താന്‍. എന്നാല്‍, ചെറിയൊരു പിഴ മതിയല്ലോ തിരുത്താനാവാത്ത ഒരു വലിയ വീഴ്ചയിലേയ്ക്ക് മൂക്കുകുത്താന്‍. നിര്‍ണായക മത്സരത്തില്‍ കോലിയുടെ കൈയില്‍ നിന്നാണ് ഒാസ്‌ട്രേലിയ തിരിച്ചടി നേരിട്ടത്. പാകിസ്താനാവട്ടെ മിക്കപ്പോഴും കാര്യങ്ങള്‍ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞതുമില്ല.

എല്ലാറ്റിനും ഒടുവില്‍ രാജ്യങ്ങളാവില്ല, ട്വന്റി 20യുടെ ആഹ്ലാദം തന്നെയാവും ആരാധകരുടെ മനസ്സില്‍ ശേഷിക്കുക. ഗെയ്‌ലിന്റെ മിടുക്കും കോലിയുടെ മഹത്വവും സിമ്മണ്‍സിന്റെയോ തമിം ഇഖ്ബാലിന്റെയോ ബാറ്റിങ്ങും ജോ റൂട്ടിന്റെയും ജോസ് ബട്‌ലറുടെയും മര്‍ലണ്‍ സാമ്മ്വല്‍സിന്റെുയം ക്വിന്റണ്‍ ഡി കോക്കിന്റെയും ഉസ്മാന്‍ ഖവാജയുടെയുമെല്ലാം ശ്രദ്ധേയമായ പരിശ്രമവും ഒക്കെയാവും അവശേഷിക്കുക. ഒട്ടും പിറകിലായിരുന്നില്ല ഷാക്കിബ് ഹസ്സിനും സോധിയും ബദ്രിയും ഭൂംറയും പോലുള്ള ബൗളര്‍മാരും. ഞെട്ടിക്കുന്ന ക്യാച്ചുകള്‍ക്കും പഞ്ഞമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആരാധകര്‍ എന്നും ഓര്‍ത്തുവയ്ക്കുക വിജയമുഹൂര്‍ത്തത്തിലെ വെസ്റ്റിന്‍ഡീസുകാരുടെ ആ ആഹ്ലാദനൃത്തം തന്നെയാവും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram