പാല് കൊടുത്ത കൈയ്ക്ക് കൊത്തിയവളെന്ന് ട്വന്റി 20 ലോകകപ്പ് ഫൈനലിനുശേഷം സ്‌റ്റെഫാനി ടെയ്ലറെ ഓസ്ട്രേലിയക്കാര്‍ അധിക്ഷേപിച്ചാല്‍ തെറ്റില്ല. ഓസ്ട്രേലിയന്‍ വനിതാ ബിഗ്ബാഷ് ക്രിക്കറ്റ് ലീഗിന്റെ മൂശയില്‍ വളര്‍ന്നവളാണ് ഈ ജമൈക്കക്കാരി. തീപ്പോരാട്ടങ്ങളുടെ വിളഭൂമിയായ ബിഗ് ബാഷില്‍ നിന്ന് ആര്‍ജിച്ച അനുഭവക്കരുത്തിന്റെ ബലത്തിലാണ് സ്‌റ്റെഫാനി ഓസീസിനെ മലര്‍ത്തിയടിച്ച് വിന്‍ഡീസിന് ലോകകപ്പ് നേടിക്കൊടുത്തത്, ലോകകപ്പിലെ ഏറ്റവും മികച്ച വനിതാ താരമായത്. ബിഗ് ബാഷ് ലീഗാണ് ലോകകപ്പില്‍ ആത്മവിശ്വാസം പകര്‍ന്നതെന്ന് സിഡ്‌നി തണ്ടേഴ്‌സിന്റെ താരം കൂടിയായ സ്‌റ്റെഫാനി തുറന്നു സമ്മതിച്ചിട്ടുണ്ട്. മൊത്തം 246 റണ്‍സും എട്ട് വിക്കറ്റുമാണ് ഈ ലോകകപ്പില്‍ ടെയ്ലര്‍ എന്ന വിന്‍ഡീസിന്റെ എക്കാലത്തെയും മികച്ച വനിതാ ഓള്‍റൗണ്ടറുടെ സമ്പാദ്യം. വിക്കറ്റ്വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് വലങ്കയ്യന്‍ ഓഫ് സ്പിന്നറായ ടെയ്ലര്‍.
നാല് വിന്‍ഡീസ് ക്യാപ്റ്റന്മാര്‍ക്ക് മാത്രമേ ലോകകപ്പില്‍ മുത്തമിട്ട ചരിത്രമുള്ളൂ. ക്ലൈവ് ലോയ്ഡ് എന്ന ഇതിഹാസവും ഡാരന്‍ സമിയും അണ്ടര്‍ 19 നായകന്‍ ഷിംറോണ്‍ ഹെറ്റ്മയറും. പിന്നെ സ്‌റ്റെഫാനി ടെയ്ലറും. ചുരുക്കിപ്പറഞ്ഞാല്‍ ഒറ്റയടിക്ക് ലോയ്ഡിന്റെ തലത്തിലേയ്ക്കാണ് ടെയ്ലര്‍ ഉയര്‍ന്നത്. അല്‍പ്പം അതിശയോക്തി കലര്‍ത്തി പറയുകയാണെങ്കില്‍ സമിയെപ്പോലെ ലോയ്ഡിനും ഒരു പടി മുകളിലാണ് ടെയ്ലര്‍. വിവ് റിച്ചാര്‍ഡ്സും മാല്‍ക്കം മാര്‍ഷലുമെല്ലാമുള്ള ഒരു ഇതിഹാസ ടീമുമായാണ് ലോയ്ഡ് രണ്ടു വട്ടം കിരീടം ചൂടിയതെങ്കില്‍ ആഭ്യന്തരകലഹത്തില്‍ ഛിന്നഭിന്നമായ ഒരു ടീമിനെയാണ് കളിക്കമ്പവും ടീം സ്പിരിറ്റും മാത്രം കൈമുതലാക്കി ടെയ്ലറും സമിയും ലോകകിരീടം ചൂടിച്ചത്. ലോയ്ഡിനുശേഷം വിന്‍ഡീസിന്റെ തളര്‍ച്ച തുടങ്ങിയെങ്കില്‍ പൂര്‍വപ്രതാപത്തിലേയ്ക്കുള്ള ഉജ്വലമായൊരു തിരിച്ചുവരവാണ് സമിയും ടെയ്ലറും പ്രഖ്യാപിക്കുന്നത്. ഇന്ന് കരീബിയന്‍ ദ്വീപുകളില്‍ ആണും പെണ്ണുമായി എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളും ലോകചാമ്പ്യനാണ്.
ട്വന്റി 20 ലോകകപ്പ് ഫൈനലിലെ എതിരാളി ഓസ്ട്രേലിയക്ക് എല്ലാമുണ്ടായിരുന്നു. സമ്പത്ത്, അടിസ്ഥാന സൗകര്യം, പ്രതിഭ, കളിക്കാരുടെ മത്സരപരിചയം. അങ്ങിനെ എല്ലാം. മറുഭാഗത്ത് വിന്‍ഡീസിന് പ്രതിഭയൊഴികെ മറ്റെല്ലാറ്റിനും പഞ്ഞം തന്നെ. നല്ലൊരു കുപ്പായം പോലുമുണ്ടായിരുന്നില്ലെന്ന് തുറന്നു പറഞ്ഞത് പുരുഷന്മാരുടെ നായകന്‍ ഡാരന്‍ സമിയാണ്. പക്ഷേ, ക്രിക്കറ്റില്‍ വേണ്ടത് പണമോ ആര്‍ഭാടമോ അല്ല, പ്രതിഭയും അതിനെ രാകി മിനുക്കാന്‍ പോന്ന ആത്മവിശ്വാസവും മാത്രമാണെന്ന് തെളിയിച്ചാണ് ടെയ്ലറും കൂട്ടരും കിരീടമണിഞ്ഞത്.
ആണായാലും പെണ്ണായാലും പ്രതിഭയ്ക്ക് പണ്ടേ ഉണ്ടായിരുന്നില്ല കരീബിയന്‍ ദ്വീപുകളില്‍ പഞ്ഞം. നാട്ടുകാരായ ക്രിസ് ഗെയ്ലിന്റെയും കോട്നി വാള്‍ഷിന്റെയുമെല്ലാം ചുവടുപിടിച്ച് കുട്ടിക്കാലത്ത് തന്നെ ടെയ്ലറും പിച്ചിലെത്തി. മധുരപ്പതിനേഴില്‍ ദേശീയ ടീമിലും ഇടം നേടി. അരങ്ങേറ്റ സീസണിലെ രണ്ടാം മത്സരത്തില്‍ തന്നെ തന്റെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് വരവറിയിച്ചു ടെയ്ലര്‍. അയര്‍ലന്‍ഡിനെതിരെ 49 പന്തില്‍ നിന്ന് നേടിയ 90 റണ്‍സ് ഒരു വരുംകാല ചാമ്പ്യന്റെ പ്രഖ്യാപനം തന്നെയായിരുന്നു. വിന്‍ഡീസ് പുരുഷ ടീം പ്രതിസന്ധികളില്‍ ഉഴറുമ്പോഴും വനിതകള്‍ സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് മുന്നേറി. തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ സെമി കളിച്ചു. ഓള്‍റൗണ്ടറായ സ്റ്റഫാനിയുടെ സംഭാവന ചെറുതായിരുന്നില്ല ഈ മുന്നേറ്റത്തില്‍. 2009ലെ ഏകദിന, ട്വന്റി 20 ലോകകപ്പുകളിലെ വിന്‍ഡീസിന്റെ പ്രകടനത്തിന്റെ നട്ടെല്ല് സ്റ്റഫാനിയുടെ ഓള്‍റൗണ്ട് മികവു തന്നെയായിരുന്നു. 2010ലെ ഐ.സി.സി. വിമന്‍സ് ക്രിക്കറ്റ് ചാലഞ്ചിലും ഈ പ്രകടനം തുടര്‍ന്ന സ്റ്റഫാനി ടെയ്ലര്‍ അടുത്ത വര്‍ഷം ഐ.സി.സി.യുടെ ഏറ്റവും മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2012 ഐ.സി.സി.യുടെ ഏറ്റവും മികച്ച ഏകദിന താരവും കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ട്വന്റി 20 താരവുമായി. വിന്‍ഡീസിന്റെ വനിതാ ടീം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ടെയ്ലര്‍. വനിതാ ടീമിലെ ഗാരി സോബേഴ്സ് എന്നു വിശേഷിപ്പിച്ചാലും അതിശയോക്തിയാവില്ല.
90 ഏകദിനങ്ങളില്‍ നിന്ന് 3468 റണ്‍സും 74 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 2208 റണ്‍സുമാണ് ടെയ്ലറുടെ സംഭാവന. ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറിയും 23 അര്‍ധസെഞ്ച്വറിയും സ്വന്തം. 171 റണ്‍സാണ് ഏറ്റവും കൂടിയ സ്‌കോര്‍. ട്വന്റി 20യില്‍ 90ഉം. ഏകദിനത്തില്‍ 108 ഉം ട്വന്റി 20യില്‍ 67 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ട് ക്യാച്ചും ഒരു റണ്ണൗട്ടും സ്വന്തം പേരില്‍ കുറിച്ച ടെയ്ലര്‍ ഫീല്‍ഡിങ്ങിലും ഒട്ടും പറകിലല്ല. ഏകദിനത്തില്‍ 45 ഉം ട്വന്റി 20യില്‍ 26 ഉം ക്യാച്ച് കൈപ്പിലിയിലാക്കിയിട്ടുണ്ട് ക്യാപ്റ്റന്‍.