ന്യൂഡല്‍ഹി: രണ്ട് ഒളിമ്പിക് മെഡലുകള്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വന്തമാക്കിയ ഗുസ്തി താരം സുശീല്‍ കുമാറിന് ഇത്തവണത്തെ റിയോ ഒളിമ്പിക്സ് നഷ്ടമായേക്കുമെന്ന് സൂചന.
റെസലിങ് ഫെഡറേഷന്‍ സമര്‍പ്പിച്ച ഒളിമ്പിക്സിലേക്കുള്ള ഗുസ്തിതാരങ്ങളുടെ സാധ്യതാ പട്ടികയില്‍ സുശീല്‍ കുമാറിന്റെ പേരില്ല. പകരം അദ്ദേഹത്തിന്റെ നാട്ടുകാരനായ നര്‍സിംഗ് പഞ്ചം യാദവാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യന്‍ ഒളിമ്പിക് ഫെഡറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2008 ലും 2012 ലും സുശീല്‍ കുമാര്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയിട്ടുണ്ട്. ബെയ്ജിങ്ങില്‍ നിന്ന് വെങ്കലവും ലണ്ടണില്‍ നിന്ന് വെള്ളിയും.
ആരാണ് മികച്ച മത്സരാര്‍ഥിയെന്ന് കണ്ടെത്താന്‍ ട്രയല്‍ നടത്തണമെന്നാണ് സുശീല്‍ കുമാറിന്റെ ആവശ്യം. ഇതില്‍ ജയിക്കുന്നവര്‍ റിയോയിലേക്ക് പോകട്ടെയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ആക്ഷനിലെ പോരായ്മകളാണ് ഫെഡറേഷന്‍ ഉയര്‍ത്തിക്കാട്ടുന്നത്. 74 കിലോയേക്കാള്‍ സുശീല്‍ 66 കിലോ വിഭാഗത്തിലാണ് മികച്ചപ്രകടനം നടത്തിയിരുന്നതെന്നും അവര്‍ പറയുന്നു. സുശീലിന് പകരം പട്ടികയില്‍ ഇടം നേടിയ പഞ്ചം യാദവിനെ ബലാറസില്‍ അയച്ച് പരിശീലിപ്പിക്കാനാണ് നീക്കം.