ബ്രസീലിലെ റിയോ ഡി ജനെയ്‌റോയില്‍ ഒരു മെഡല്‍ പോലും നേടാനാകാതെ ഇരുട്ടില്‍ തപ്പുകയായിരുന്ന ഇന്ത്യയെ പ്രകാശത്തിലേക്ക് നയിക്കാനുള്ള നിയോഗം രണ്ട് പെണ്‍കുട്ടികള്‍ക്കായിരുന്നു. ജീവിതം മടുത്ത് ആത്മഹത്യയില്‍ അഭയം പ്രാപിക്കാനൊരുങ്ങിയ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ടി.പദ്മാനഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുടെ അതേ മുഖച്ഛായ തന്നെയായിരുന്നു സിന്ധുവിനും സാക്ഷിക്കും.
130 കോടി ജനങ്ങളടങ്ങിയ ഇന്ത്യയെന്ന രാജ്യം നാണക്കേടിന്റെ ആത്മഹത്യാ മുനമ്പിലേക്ക് നടന്നു നീങ്ങിയപ്പോള്‍ കൈപ്പിടിച്ചുയര്‍ത്തിയ പെണ്‍കുട്ടികള്‍. വനിതാ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടി സാക്ഷി ഇന്ത്യക്ക് പുതുജീവന്‍ നല്‍കിയപ്പോള്‍ സിന്ധുവും സ്വര്‍ണമെഡലും തമ്മില്‍ ഒരു ജയത്തിന്റെ അകലം മാത്രമാണുള്ളത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ പിടിച്ചു നില്‍ക്കാന്‍ സത്രീകള്‍ക്ക് പ്രത്യേക കഴിവാണെന്ന ധാരണയ്ക്ക് അടിവരയിടുന്ന പ്രകടനമാണ് സിന്ധുവും സാക്ഷിയും റിയോയില്‍ പുറത്തെടുത്തത്. ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ റാങ്കുകാരിയായ വാങ് യിഹാനെതിരെ സിന്ധുവിന്റെ കളി കണ്ടവര്‍ക്ക് അത് മനസ്സിലാകും.
ആദ്യ ഗെയിമില്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ഗെയിം സ്വന്തമാക്കിയ സിന്ധുവിലെ യഥാര്‍ത്ഥ പോരാളി പുറത്തു വന്നത് രണ്ടാം ഗെയിമിലായിരുന്നു. 18-13ന് മുന്നിലായിരുന്ന സിന്ധുവിനെതിരെ തുടരെ ആറു പോയിന്റുകള്‍ നേടി വാങ് യിഹാന്‍ തിരിച്ചു വന്നപ്പോള്‍ മനസ്സാന്നിദ്ധ്യം വിടാതെ സിന്ധു പൊരുതുകയായിരുന്നു.
സിന്ധു കളിച്ച അതേ ഒരു താളം സാക്ഷിയുടെ ഗുസ്തിയിലുമുണ്ടായിരുന്നു. തളരാതെ, പിടിച്ചു നിന്ന് നേടിയ വെങ്കലമായിരുന്നു അത്. ഒരു ദിവസം അഞ്ച് മത്സരങ്ങള്‍ കളിച്ച്, ക്വാര്‍ട്ടറില്‍ തോറ്റ് നിരാശയോടെ മടങ്ങി റെപ്പഷാഗെ റൗണ്ടിലൂടെ തിരിച്ചു വന്ന് നേടിയ മെഡല്‍. 24 മണിക്കൂറിനുള്ളില്‍ സാക്ഷിയുടെ മനസ്സിലൂടെ എന്തെല്ലാം ഓര്‍മ്മകളാണ് കടന്നു പോയിട്ടുണ്ടാകുക.
റഷ്യന്‍ താരത്തോടേറ്റ തോല്‍വിയില്‍ നിരാശയില്‍ വീഴാതെ തനിക്ക് കഴിയുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സാക്ഷി ഗോദയിലിറങ്ങിയത്. അവസാനം നിരാശ പ്രതീക്ഷയിലേക്കും പ്രതീക്ഷ അഭിമാന നേട്ടത്തിലേക്കും പരിണമിച്ചു.
2000 സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരിയിലൂടെ ഭാരോദ്വഹനത്തില്‍ വെങ്കലം, 12 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൈന നേവാളും മേരികോമും ഇന്ത്യയുടെ പെണ്‍പുലികളായി. സൈന ബാഡ്മിന്റണിലും മേരികോം ബോക്‌സിങ്ങിലും വെങ്കലം നേടി. ഇപ്പോള്‍ സാക്ഷിയും അതേ വെങ്കലത്തിന്റെ തിളക്കം ഇന്ത്യയിലെത്തിച്ചിരിക്കുന്നു.
ചരിത്ര നേട്ടത്തിലൂടെ ഇന്ത്യയുടെ പെണ്‍കൊടി സിന്ധുവാകട്ടെ ആ മെഡലിന്റെ തിളക്കം ഒന്നു കൂടി കൂട്ടിയിരിക്കുന്നു. അതിന് വെള്ളിയുടെ വെളിച്ചമാണോ സ്വര്‍ണത്തിന്റെ പ്രകാശമാണോ ഉണ്ടാവുക എന്നത് മാത്രമാണ് തീരുമാനിക്കപ്പെടാനുള്ളത്. രണ്ടിലേതായാലും സിന്ധു ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.