ന്യൂഡല്‍ഹി: ഉത്തേജകമരുന്നുപയോഗിച്ചതിന് പിടിക്കപ്പെട്ട ഇന്ത്യന്‍ ഒളിമ്പിക് ടീമംഗമായ ഗുസ്തിതാരം നര്‍സിങ് യാദവ് രണ്ടാംവട്ട പരിശോധനയിലും പരാജയപ്പെട്ടു. പരിശോധന നടത്തിയ ദേശീയ ഉത്തേജകവിരുദ്ധ സമിതിക്ക് (നാഡ) എ സാമ്പിള്‍ പരിശോധനയില്‍ കിട്ടിയ അതേ ഫലംതന്നെയാണ് ബി സാമ്പിള്‍ പരിശോധനയിലും കിട്ടിയത്. നര്‍സിങ് നിരോധിത അനാബൊളിക് സ്റ്റിറോയിഡ് മെതാന്‍ഡിയനോണ്‍ ഉപയോഗിച്ചതായി രണ്ടു പരിശോധനയിലും കണ്ടെത്തി. താത്കാലിക സസ്പെന്‍ഷനിലായിരുന്ന നര്‍സിങ്ങിന് ഏതെങ്കിലും രീതിയില്‍ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാനുള്ള സാധ്യതകളെല്ലാം ഇതോടെ അസ്തമിച്ചു.
74 കിലോഗ്രാം വിഭാഗത്തില്‍ നര്‍സിങ്ങിന്റെ പകരക്കാരനായി പ്രവീണ്‍ റാണയെ ദേശീയ ഗുസ്തി ഫെഡറേഷന്‍ ടീമിലുള്‍പ്പെടുത്തി. അന്താരാഷ്ട്ര സംഘടന യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് ഈ നീക്കത്തിന് അംഗീകാരവും നല്കി. ഗുസ്തി ടീമിലെ രണ്ടു റിസര്‍വ് താരങ്ങളില്‍ ഒരാളായിരുന്നു റാണ.
ചതിയില്‍പ്പെടുത്തിയെന്ന വാദവുമായി നര്‍സിങ്
എതിരാളികള്‍ തന്നെ ചതിയില്‍പ്പെടുത്തിയതാണെന്ന വാദവുമായി 26-കാരനായ നര്‍സിങ് രംഗത്തുവന്നു. ഗൂഢാലോചനക്കഥയില്‍ പ്രതിസ്ഥാനത്തുള്ളത് രണ്ടു ജൂനിയര്‍ ഗുസ്തിതാരങ്ങളാണ്. 75 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന ജിതേഷ്, സുമിത് എന്നിവര്‍. നര്‍സിങ്ങിന്റെ ഭക്ഷണത്തില്‍ ഉത്തേജകമരുന്നു കലര്‍ത്തി ഇവര്‍ വഞ്ചിക്കുകയായിരുന്നുവത്രെ. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സോണിപ്പട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയശേഷം നര്‍സിങ് പത്രക്കാരെ കണ്ടിരുന്നു. ഭക്ഷണപദാര്‍ഥങ്ങളില്‍ മരുന്നു കലര്‍ത്തിയ 17-കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. സോണിപ്പട്ട് സായ് സെന്ററിലെ ഉദ്യോഗസ്ഥരില്‍ ചിലരും ഇതിനു കൂട്ടുനിന്നിട്ടുണ്ടാവാം. അതുകൊണ്ടാണ് സായ് സെന്ററിലെ സി.സി.ടി.വി.യിലെ ദൃശ്യങ്ങള്‍ എനിക്ക് തരാതിരുന്നത് - നര്‍സിങ് പറഞ്ഞു.
താത്കാലിക സസ്പെന്‍ഷനിലാണെങ്കിലും മഹരാഷ്ട്രക്കാരനായ നര്‍സിങ്ങിന് ഗുസ്തി ഫെഡറേഷന്റെ പിന്തുണയുണ്ട്. പ്രതികള്‍ തനിച്ചാണോ അതോ മറ്റാരുടെയെങ്കിലും പ്രേരണയോടെയാണോ ഇതു ചെയ്തതെന്നറിയില്ല. ഇതേക്കുറിച്ച് ഫെഡറേഷന്‍ അന്വേഷിക്കുകയുമില്ല. പക്ഷേ, സി.ബി.ഐ. അന്വേഷണം വേണമെന്ന നര്‍സിങ്ങിന്റെ ആവശ്യത്തിനു പിന്തുണ നല്കും- ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
നര്‍സിങ് വഞ്ചിക്കപ്പെട്ടതാകാമെന്നും ഇതേക്കുറിച്ചന്വേഷിക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
രണ്ടുവട്ടം ഒളിമ്പിക് മെഡല്‍ നേടിയ സുശീല്‍ കുമാര്‍ 74 കിലോ വിഭാഗത്തില്‍ ഒളിമ്പിക്സില്‍ മാറ്റുരയ്ക്കാന്‍ അവകാശമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ദേശീയ ഗുസ്തി ഫെഡറേഷനോട് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ദേശീയ ഫെഡറേഷന്‍ നര്‍സിങ്ങിനൊപ്പം നിന്നു.