ന്യൂഡല്‍ഹി: മരുന്നടി മറയ്ക്കാന്‍ നര്‍സിങ് പഞ്ചം യാദവും സംഘവും മെനഞ്ഞ കഥകളെല്ലാം പാളി. ഒടുവില്‍ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) അച്ചടക്കസമിതി മുമ്പാകെ നര്‍സിങ്ങിന് കുറ്റം സമ്മതിക്കേണ്ടിവന്നു. ബോധപൂര്‍വമോ സ്വന്തം അറിവോടെയോ അല്ല ഉത്തേജകമരുന്നുപയോഗിച്ചതെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. സംശയത്തിന്റെ ആനുകൂല്യം നല്‍കി പൊറുക്കണമെന്നും അപേക്ഷിച്ചു.
മരുന്നടിച്ചതായി തെളിഞ്ഞ സാഹചര്യത്തില്‍ നര്‍സിങ്ങിന് എന്തുശിക്ഷ നല്‍കുമെന്ന് നാഡ വിധിച്ചിട്ടില്ല. അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ സമിതി(വാഡ)യുടെ ചട്ടപ്രകാരം ആദ്യവട്ടം പിടിയിലാവുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ വിലക്കാണ് ശിക്ഷ. രണ്ടാംവട്ടം പിടിക്കപ്പെട്ടാല്‍ ആജീവനാന്ത വിലക്കുവരെവരാം. നര്‍സിങ്ങിന്റേത് ആദ്യവട്ടപിഴവായി കണക്കാക്കുമെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാള്‍ പറഞ്ഞു.
ഒരുപറ്റം അഭിഭാഷകരുടെ അകമ്പടിയോടെയാണ് അച്ചടക്കസമിതി മുമ്പാകെ വിചാരണയ്ക്കായി നര്‍സിങ് എത്തിയത്. നര്‍സിങ് കഴിച്ച പാനീയത്തില്‍ മറ്റാരോ ഉത്തേജകമരുന്നു കലര്‍ത്തിയെന്ന വാദത്തിലുറച്ചായിരുന്നു തുടക്കം. അട്ടിമറിയിലൂടെയാണ് പരിശോധനാ സാമ്പിളില്‍ ഉത്തേജകമരുന്നു വന്നതെന്ന് പ്രശസ്ത അഭിഭാഷകന്‍ വിധുസ്?പത് സിംഘാനിയ അവകാശപ്പെട്ടു. പരിശോധനാഫലം പോസിറ്റീവായതിന് തന്റെ കക്ഷി ഉത്തരവാദിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഡ ജൂണ്‍ 25-നും ജൂലായ് അഞ്ചിനും നടത്തിയ പരിശോധനകളില്‍ നര്‍സിങ് മരുന്നടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍ 2, 25, ജൂലായ് 5 തീയതികളില്‍ അദ്ദേഹം പരിശോധനയ്ക്ക് വിധേയനായിരുന്നു. നിരോധിത മരുന്നായ മെഥാന്‍!ഡിയനോണിന്റെ സാന്നിധ്യമാണ് തെളിഞ്ഞത്. ആദ്യപരിശോധനയിലെ (എ സാമ്പിള്‍) ഫലം വന്നയുടന്‍ നിഷേധവുമായി നര്‍സിങ് രംഗത്തുവന്നു. എന്നാല്‍, ബി സാമ്പിള്‍ പരിശോധനയിലും അതേഫലം തന്നെയായിരുന്നു.
ബോധപൂര്‍വം തന്നെ കുടുക്കാന്‍ ആരോ ചെയ്തതാണിതെന്ന വാദവും നിരത്തി. രണ്ടുതവണ ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍കുമാര്‍ മുതല്‍ രണ്ടു ജൂനിയര്‍ ഗുസ്തി താരങ്ങള്‍വരെ പ്രതിനായകസ്ഥാനത്തുവന്നു. ആദ്യം പ്രചരിച്ച കഥയില്‍ ജൂണ്‍ 23, 24 തീയതികളില്‍ പരിശീലനത്തിനിടെ മാറ്റിന്റെ ഒരു ഭാഗത്തുവെച്ചിരുന്ന കുപ്പിവെള്ളത്തില്‍ ആരോ മരുന്നുകലര്‍ത്തിയെന്നായിരുന്നു ആദ്യപ്രചാരണം.
ജൂലായ് അഞ്ചിന് സോനെപ്പട്ട് സായ് സെന്ററില്‍ നര്‍സിങ്ങിന്റെ മുറിയില്‍ അതിക്രമിച്ചുകടന്ന 17-കാരനായ ജിതേഷ് എന്ന ഗുസ്തി താരം മുറിയിലുണ്ടായിരുന്ന കുപ്പിപ്പാനീയത്തില്‍ മരുന്നുകലര്‍ത്തിയെന്ന് മറ്റൊരു കഥപരന്നു. നര്‍സിങ് സോനെപ്പട്ട് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ സുശീല്‍കുമാറിനൊപ്പം പരിശീലനം നടത്തുന്ന ജിതേഷിന്റെ പേരുപറഞ്ഞിരുന്നു. പോലീസ് കേസും എടുത്തു.
ജൂണ്‍ രണ്ടിന് ബള്‍ഗേറിയയിലേക്കുപോയ നര്‍സിങ് 22-നാണ് നാട്ടില്‍ തിരിച്ചെത്തിയത്. നര്‍സിങ് മെനഞ്ഞ കഥകള്‍ സന്ദര്‍ഭത്തിനു യോജിക്കാത്തതാണെന്ന് വിചാരണവേളയില്‍ തെളിഞ്ഞു. 74 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനംനല്കണമെന്ന് അവകാശമുന്നയിച്ച, ബെയ്ജിങ്, ലണ്ടന്‍ ഒളിമ്പിക്സുകളിലെ മെഡല്‍ ജേതാവ് സുശീലാണ് നര്‍സിങ്ങിനെ കുടുക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
സുശീല്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ദേശീയ ഗുസ്തി ഫെഡറേഷനോട് തീരുമാനമെടുക്കാന്‍ നിര്‍ദേശം വന്നതോടെയാണ് നര്‍സിങ്ങിന് ടീമില്‍ സ്ഥാനമുറച്ചത്. ലോകകപ്പില്‍ വെങ്കലമെഡല്‍ നേടി ഈയിനത്തില്‍ ഒളിമ്പിക് യോഗ്യത നേടിയ താരവും നര്‍സിങ്ങായിരുന്നു. റിയോയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍പ്രതീക്ഷയായിരുന്നു 26-കാരനായ നര്‍സിങ്. ബി സാമ്പിള്‍ പരിശോധനയിലും ഫലം അനുകൂലമല്ലാതെവന്നതോടെ നാഡ അച്ചടക്കസമിതിക്കുമുമ്പാകെ ഹാജരായി വിശദീകരണം നല്കാന്‍ നര്‍സിങ് നിര്‍ബന്ധിതനാവുകയായിരുന്നു.